വൻകിട എ.ഐ കമ്പനികളുടെ സ്ലോഡൗൺ വാദം ഇന്ത്യൻ ഐടി സേവന ഓഹരികൾക്ക് ഗുണകരമായി. ടി.സി.എസ്, ഇൻഫോസിസ്, എച്ച്.സി.എൽ ടെക്, എംഫസിസ്, ടെക് മഹീന്ദ്ര തുടങ്ങിയ മുൻനിര ഐടി ഓഹരികൾ കുതിച്ചുയർന്നു. ആർ.ബി.ഐയുടെ ടാറ്റ സൺസ് ലിസ്റ്റിംഗ് നിർദേശം ടാറ്റ ഗ്രൂപ്പ് ഓഹരികൾക്ക് ഉണർവ് നൽകി. യു.പി.ഐ ഫീസ് ചട്ടം പൈൻ ലാബ്സ്, പേയ്ടിഎം ഓഹരികളെ ബാധിച്ചു. ഡോളർ, സ്വർണം, ക്രൂഡ് ഓയിൽ വിലകൾ ഉയർന്ന നിലയിൽ തുടരുന്നു.
മികച്ച നേട്ടവുമായി ഇന്ന് (സെപ്റ്റംബർ 15) വ്യാപാരം തുടങ്ങിയ ഇന്ത്യൻ ഓഹരി വിപണിക്കു മുന്നേറ്റം നിലനിർത്താനായില്ല. മുഖ്യ സൂചികകൾ ഒരു മണിക്കൂറിനുള്ളിൽ നഷ്‌ടത്തിലേക്കു വഴിമാറി. പിന്നീടു ചാഞ്ചാട്ടമായെങ്കിലും പ്രധാന സൂചികകളുടെ ഗതി താഴോട്ടാണ്. സെൻസെക്സ് സൂചിക രാവിലെ 75,436 വരെ ഉയർന്നിട്ട് 74,734ലേക്ക് വരെ ഇടിഞ്ഞു. നിഫ്റ്റി-50 സൂചിക 23,593 വരെ കയറിയിട്ട് 23,369 വരെ താഴ്ന്നു.
ബാങ്ക് ഓഹരികളാണു താഴ്ചയ്ക്കു തുടക്കമിട്ടത്. റിയൽറ്റി, ധനകാര്യം, ഓട്ടോ, മെറ്റൽ, ഫാർമ, മീഡിയ, ഹെൽത്ത്, കൺസ്യൂമർ ഡ്യുറബിൾസ് തുടങ്ങിയ സെക്ടറുകളും ഇടിഞ്ഞു. മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരി സൂചികകളും ഇടിവിലാണ്.
വൻകിട നിർമിതബുദ്ധി (എഐ) കമ്പനികൾ ആ മേഖലയിലെ കുതിപ്പിനു വേഗം കുറയ്ക്കണം (സ്ലോഡൗൺ) എന്നു പരസ്യമായി പറയുന്ന സാഹചര്യം ഇന്ത്യൻ ഐടി സേവന കമ്പനികൾക്ക് അനുകൂല ഘടകമാണെന്നു വിപണി വിലയിരുത്തി. നിഫ്റ്റി ഐടി സൂചിക അഞ്ചു ശതമാനത്തിലധികം മുന്നേറി. ടി.സി.എസ്, ഇൻഫോസിസ്, എച്ച്.സി.എൽ ടെക്, എംഫസിസ്, ടെക് മഹീന്ദ്ര തുടങ്ങിയ മുൻനിര ഐടി ഓഹരികൾ അഞ്ചു ശതമാനത്തിലധികം കുതിച്ചു. പിന്നീട് നേട്ടം കുറഞ്ഞു.
ടാറ്റ ഗ്രൂപ്പിൻ്റെ ഹോൾഡിംഗ് കമ്പനിയായ ടാറ്റ സൺസിൻ്റെ ലിസ്റ്റിംഗ് നിർബന്ധമാക്കിയ റിസർവ് ബാങ്ക് (ആർ.ബി.ഐ) തീരുമാനം പല ടാറ്റ കമ്പനികളുടെയും ഓഹരികളെ ഉയർത്തി. ടാറ്റ കെമിക്കൽസ് 20 ശതമാനം കുതിച്ചു. ടാറ്റ ഇൻവെസ്റ്റ്മെൻ്റ് 13 ശതമാനം ഉയർന്നു. ടാറ്റ മോട്ടോഴ്‌സ് പി.വി അഞ്ചു ശതമാനം കയറി. ടാറ്റ സൺസിൽ ഓഹരിയുള്ള മറ്റ് ഗ്രൂപ്പ് കമ്പനികളും ഉയർന്നു.
2,000 രൂപയിൽ കൂടിയ യു.പി.ഐ ഇടപാടുകൾക്കു മാത്രം ഫീസ് ചുമത്താൻ അനുവദിക്കുന്ന ചട്ടം വന്നത്, പൈൻ ലാബ്സിൻ്റെ ഓഹരിയെ നാലു ശതമാനം താഴ്‌ത്തി. പേയ്ടിഎം രണ്ടു ശതമാനം താഴ്ന്നു.
എച്ച്ഡിഎഫ്സി ബാങ്കിന് ഔട്ട് പെർഫോം റേറ്റിംഗ് നൽകിയ മക്കാറീ 1,150 രൂപ ഓഹരിക്കു ലക്ഷ്യവില നിർണയിച്ചു. ബാങ്കിൻ്റെ സി.ഇ.ഒ സ്ഥാനത്തേക്ക് നിയമിക്കാവുന്നവരുടെ പാനൽ ഡയറക്ടർ ബോർഡ് റിസർവ് ബാങ്കിനു സമർപ്പിച്ചു. ഓഹരി ഇന്നു രണ്ടു ശതമാനത്തിലധികം കയറി.
കല്യാൺ ജ്വല്ലേഴ്സിന് 900 രൂപ ലക്ഷ്യവില നിശ്ചയിച്ച യു.ബി.എസ് ഓഹരിക്കു വാങ്ങൽ ശിപാർശ നൽകി. ചെയർമാനു പുറമെ ഒരു ബോർഡംഗം കൂടി രാജിവച്ച കോഫോർജ് ഇന്ന് നാലു ശതമാനം ഇടിഞ്ഞു. സോളാർ ഇൻഡസ്ട്രീസിന് ഗോൾഡ്മാൻ സാക്സ് 26,550 രൂപ ലക്ഷ്യവില നിശ്ചയിച്ചു. ഒമാനിയ ഗ്രൂപ്പിനെ ഏറ്റെടുത്തതായ വാർത്ത സോളാർ ഓഹരിയെ പത്തു ശതമാനം ഉയർത്തി.
രൂപ ഇന്നും ഗണ്യമായ നഷ്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ 24 പൈസ കൂടി 95.79 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീടു ഡോളറിന്റെ വിനിമയമൂല്യം 95.86 രൂപ വരെ കയറി.
സ്വർണം ലോകവിപണിയിൽ ഔൺസിന് 4,313 ഡോളറിൽ എത്തിയിട്ടു 4,304 ലേക്കു താഴ്ന്നു. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 240 രൂപ കൂടി 1,12,320 രൂപയായി. ക്രൂഡ് ഓയിൽ വില വീണ്ടും കയറി. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ 107.45 ഡോളറിലും ഡബ്ള്യു.ടി.ഐ ഇനം ക്രൂഡ് ഓയിൽ 103.29 ഡോളറിലും എത്തി.
Read DhanamOnline in English
Subscribe to Dhanam Magazine