ആഭ്യന്തര വിപണിയിൽ തിങ്കളാഴ്ചയിലെ (സെപ്റ്റംബർ 21) ആദ്യ ഘട്ടത്തിൽ ചാഞ്ചാട്ടത്തിനുശേഷം നേട്ടം വീണ്ടെടുത്തു. ഫാർമ, ഹെൽത്ത്കെയർ ഓഹരികൾ ശക്തമായി കുതിച്ചപ്പോൾ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ താഴ്ചയിൽ. യു.എസിൽ എച്ച് വൺ-ബി വീസ ഫീസ് വർധന ഐടി ഓഹരികളെ രണ്ടു ശതമാനം വരെ താഴ്ത്തി. ജയപ്രകാശ് പവർ, വെൽസ്പൺ കോർപ്, കോൺകോർഡ് ബയോടെക്ക്, എച്ച്ഇജി അഡ്വാൻസ്ഡ് എന്നിവ ശ്രദ്ധേയ നേട്ടം കരസ്ഥമാക്കി.
ഇന്ത്യൻ ഓഹരി വിപണി ഇന്ന് (സെപ്റ്റംബർ 21) ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങിയിട്ട് ചാഞ്ചാട്ടത്തിലേക്ക് വഴിമാറി. എങ്കിലും വൈകാതെ മുന്നേറ്റം തിരിച്ചുപിടിക്കാൻ സാധിച്ചു. ഫാർമസ്യൂട്ടിക്കൽസും ഹെൽത്ത് കെയറും ഇന്നത്തെ വ്യാപാരത്തിൽ മികച്ച നേട്ടം ഉണ്ടാക്കി. അതേസമയം മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ താഴ്ചയിലാണ്.
എച്ച് വൺ-ബി വീസയ്ക്ക് ഒരു ലക്ഷം ഡോളർ ഫീസ് പുനഃസ്ഥാപിച്ച യു.എസ് നടപടി ഐടി സേവന കമ്പനികളെ രണ്ടു ശതമാനം വരെ താഴ്ത്തി. പാപ്പരത്ത-കിട്ടാക്കട നടപടികളിൽ (IBC Code) നിന്നു വിമുക്തമാകാൻ പോകുന്ന ജയപ്രകാശ് പവർ ഓഹരി 12 ശതമാനം കുതിച്ചു. 511 കോടി രൂപ അടച്ചാണു കമ്പനി നടപടികളിൽ നിന്ന് ഒഴിവാകുന്നത്.
സൗദി അരാംകോയിൽ നിന്ന് 2,000 കോടി രൂപയുടെ നിർമാണ കരാർ ലഭിച്ച വെൽസ്പൺ കോർപറേഷൻ മൂന്നു ശതമാനം കയറി. ഈയാഴ്ച ബോണസ് ഇഷ്യു പ്രഖ്യാപിക്കും എന്നറിയിച്ച കോൺകോർഡ് ബയോടെക്ക് ഓഹരി അഞ്ചു ശതമാനം കുതിച്ചു. ആങ്കർ നിക്ഷേപകർ ബൾക്ക് ഇടപാടിൽ ഒരു ശതമാനത്തിലധികം ഓഹരി വിറ്റതിനെ തുടർന്ന് അനുപം രസായനും ലെൻസ്കാർട്ടും രണ്ടു ശതമാനത്തിലധികം ഇടിഞ്ഞു.
ഇൻഡസ് ടവേഴ്‌സിൽ നിന്നു ബാറ്ററി സിസ്റ്റങ്ങൾക്കായി 218 കോടി രൂപയുടെ കരാർ ലഭിച്ച എച്ച്ഇജി അഡ്വാൻസ്ഡ് അഞ്ചു ശതമാനം ഉയർന്നു. ഈസ്റ്റ് കോസ്റ്റ് റെയിൽവേയിൽ നിന്ന് 405 കോടി രൂപയുടെ ലൈൻ നിർമാണ കരാർ ലഭിച്ച ആർവിഎൻഎൽ രാവിലെ ഒന്നര ശതമാനം താഴ്‌ന്നു.
രൂപ ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ ആറു പൈസ കുറഞ്ഞ് 95.81 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ 95.84 രൂപ വരെ കയറിയിട്ട് 95.72 ലേക്കു താഴ്ന്നു. സ്വർണം ലോകവിപണിയിൽ താഴന്ന് ഔൺസിന് 4,365 ഡോളറിൽ എത്തി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 120 രൂപ കുറഞ്ഞ് 1,14,160 രൂപയായി. ക്രൂഡ് ഓയിൽ വില വീണ്ടും കുറഞ്ഞു. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ 101.48 ഡോളറിലും ഡബ്ള്യു.ടി.ഐ ഇനം ക്രൂഡ് ഓയിൽ 97.95 ഡോളറിലും എത്തി.
Read DhanamOnline in English
Subscribe to Dhanam Magazine