Markets

വിപണി ചാഞ്ചാട്ടം തുടരുന്നു; വാഹന കമ്പനികള്‍ക്ക് ഇടിവ്, പൊതുമേഖലാ ബാങ്കുകള്‍ക്ക് നേട്ടം

അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ കാര്‍, എസ്.യു.വി വില്‍പന വളര്‍ച്ചാ നിരക്ക് കുറയുമെന്ന് റിപ്പോര്‍ട്ട്

T C Mathew

ഇന്ത്യന്‍ വിപണി ഇന്നും ചാഞ്ചാട്ടത്തിലാണ്. താഴ്ന്നു വ്യാപാരം ആരംഭിച്ച മുഖ്യ സൂചികകള്‍ കൂടുതല്‍ താഴ്ന്നിട്ടു നഷ്ടം ഗണ്യമായി കുറച്ചു.

മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികള്‍ താഴ്ചയില്‍ വ്യാപാരം തുടങ്ങിയിട്ടു നേട്ടത്തിലേക്കു മാറി.

ബാങ്ക്, ധനകാര്യ ഓഹരികള്‍ ഇന്നു ഗണ്യമായ താഴ്ചയിലാണ്. എന്നാല്‍ പൊതുമേഖലാ ബാങ്കുകള്‍ നേട്ടമുണ്ടാക്കി.

കാര്‍ -എസ്.യു.വി വില്‍പന അടുത്ത ധനകാര്യ വര്‍ഷം പരമാവധി രണ്ടു ശതമാനമേ വളരൂ എന്ന വിലയിരുത്തല്‍ ഇന്ന് വാഹന ഓഹരികളെ താഴ്ത്തി. നടപ്പു വര്‍ഷം യാത്രാവാഹന വില്‍പന 0.7 ശതമാനം മാത്രമേ വളര്‍ന്നുള്ളൂ. മാരുതി രണ്ടും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര രണ്ടരയും ഹ്യുണ്ടായ് ഒന്നും ശതമാനം താഴ്ന്നു. പിന്നീടു മഹീന്ദ്ര നേട്ടത്തിലേക്കു മാറി. ടൂ വീലര്‍ വില്‍പനയിലെ വളര്‍ച്ച ഈ വര്‍ഷത്തെ 10.63 ശതമാനത്തില്‍ നിന്ന് 10 ശതമാനത്തിനു താഴേക്ക് കുറയും. വാഹന നിര്‍മാതാക്കളുടെ സംഘടനയായ സിയാം നടത്തിയതാണു വിലയിരുത്തല്‍.

രാസവള നിര്‍മാണ കമ്പനിയായ എഫ്എസിടി ഓഹരി ഇന്ന് നാലു ശതമാനം ഇടിഞ്ഞു.

ഇന്നലെ വലിയ നേട്ടം കുറിച്ച കപ്പല്‍ നിര്‍മാണശാലകളും ഭാരത് ഡൈനമിക്‌സും ഇന്നു നഷ്ടത്തിലാണ്.

നുവാമ വാങ്ങല്‍ പട്ടികയില്‍ പെടുത്തിയ ജസ്റ്റ് ഡയല്‍ അഞ്ചു ശതമാനം കയറി.

പൊതുമേഖലാ കമ്പനിയായ ഐടിഐയും ട്രാന്‍സ്ഫര്‍മേഴ്‌സ് ആന്‍ഡ് റെക്റ്റിഫയേഴ്‌സും അഞ്ചു ശതമാനം വീതം കുതിച്ചു.

രൂപ ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളര്‍ 10 പൈസ കുറഞ്ഞ് 86.85 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 86.79 രൂപയിലേക്കു താഴ്ന്നു.

സ്വര്‍ണം ലോകവിപണിയില്‍ 2,942 ഡോളറിലേക്കു കയറി. കേരളത്തില്‍ ആഭരണ സ്വര്‍ണം പവന് 280 രൂപ വര്‍ധിച്ച് 64,560 രൂപ എന്ന റെക്കോര്‍ഡ് വില കുറിച്ചു.

ക്രൂഡ് ഓയില്‍ വില അല്‍പം കുറഞ്ഞു. ബ്രെന്റ് ഇനം ബാരലിന് 75.77 ഡോളര്‍ ആയി താഴ്ന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT