chatgpt and canva
Markets

വിപണി ഡബിള്‍ ഹാപ്പിയാണ്! എണ്ണക്കമ്പനി ഓഹരികള്‍ക്ക് കുതിപ്പ്, ബോണസ് ഓഹരി ഊര്‍ജത്തില്‍ എല്‍ഐസി

ബാങ്കുകള്‍ ഇന്നു മുന്നേറി. പൊതുമേഖലാ ബാങ്കുകള്‍ രണ്ടു ശതമാനത്തിലധികം ഉയര്‍ച്ചയിലാണ്.

T C Mathew

പശ്ചിമേഷ്യന്‍ സമാധാന പ്രതീക്ഷയില്‍ ഇന്ത്യന്‍ വിപണി ഇന്നു വലിയ നേട്ടത്തിലായി. മുഖ്യ സൂചികകള്‍ ഒന്നേമുക്കാല്‍ ശതമാനം കുതിച്ചു. മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ രണ്ടു ശതമാനത്തിലധികം ഉയരത്തില്‍ എത്തി. സെന്‍സെക്‌സ് 78,200നും നിഫ്റ്റി 24,250നും മുകളില്‍ ആയി.

ക്രൂഡ് ഓയില്‍ വില ഇടിയുന്ന പശ്ചാത്തലത്തില്‍ എണ്ണ വിപണന കമ്പനികള്‍ അഞ്ചു ശതമാനം വരെ കുതിച്ചു കയറി. എണ്ണ ഉല്‍പാദകരായ ഒഎന്‍ജിസിയും ഓയില്‍ ഇന്ത്യയും നഷ്ടത്തിലായി.

ഏഷ്യന്‍ പെയിന്റ്‌സ് അടക്കം പെയിന്റ് കമ്പനികളും വ്യോമഗതാഗത കമ്പനി ഇന്‍ഡിഗോയും മികച്ച നേട്ടത്തിലായി.

അലൂമിനിയം, ചെമ്പ്, സിങ്ക്, വെള്ളി തുടങ്ങിയ ലോഹങ്ങളുടെ വിലക്കയറ്റം ഹിന്ദുസ്ഥാന്‍ കോപ്പര്‍, ഹിന്‍ഡാല്‍കോ, നാല്‍കോ, ഹിന്ദുസ്ഥാന്‍ സിങ്ക് തുടങ്ങിയവയെ അഞ്ചു ശതമാനം വരെ ഉയര്‍ത്തി. എന്നാല്‍ ഒരു പ്ലാന്റില്‍ 11 പേരുടെ മരണത്തിനിടയാക്കിയ ബോയ്‌ലര്‍ സ്‌ഫോടനം നടന്നതു മൂലം വേദാന്ത ഓഹരി മൂന്നുശതമാനത്തിലധികം ഇടിഞ്ഞു.

ഒരോഹരിക്ക് ഒന്ന് എന്ന അനുപാതത്തില്‍ ബോണസ് ഓഹരി പ്രഖ്യാപിച്ച എല്‍ഐസിയുടെ ഓഹരിവില രാവിലെ 10 ശതമാനം കുതിച്ചു. ബോണസും സര്‍ക്കാര്‍ ഈ വര്‍ഷം നടത്താനിരിക്കുന്ന ഓഹരിവില്‍പനയും ഡിമാന്‍ഡ് കൂട്ടുമെന്നും ഓഹരിവില കുറേക്കൂടി ഉയരുമെന്നും ആണു വിലയിരുത്തല്‍. 949 രൂപയ്ക്ക് ആയിരുന്നു ഐപിഒ. ലിസ്റ്റ് ചെയ്ത് രണ്ടു വര്‍ഷം കഴിഞ്ഞാണ് ആ വിലയില്‍ ഓഹരി എത്തിയത്.

അമേരിക്കയിലെ ബ്ലൂം എനര്‍ജി, ഐടി ഭീമന്‍ ഓറക്കിളിന് 2.8 ജിഗാവാട്ട് ഫ്യൂവല്‍ സെല്ലുകള്‍ നല്‍കാന്‍ കരാര്‍ ഉണ്ടാക്കി. ബ്ലൂമിന്റെ സോളിഡ് ഓക്‌സൈഡ് ഫ്യൂവല്‍ സെല്‍, ഇലക്ട്രോളൈസര്‍ എന്നിവയുടെ നിര്‍മാണത്തില്‍ ഗണ്യമായ പങ്കു വഹിക്കുന്ന എംടാര്‍ ടെക്‌നോളജീസ് ഓഹരി 10 ശതമാനത്തിലധികം കയറി. എം ടാറിന്റെ വരുമാനത്തില്‍ 65 ശതമാനത്തോളം ബ്ലൂമില്‍ നിന്നാണ്.

ബാങ്കിംഗ് ഓഹരികളും കുതിക്കുന്നു

ബാങ്കുകള്‍ ഇന്നു മുന്നേറി. പൊതുമേഖലാ ബാങ്കുകള്‍ രണ്ടു ശതമാനത്തിലധികം ഉയര്‍ച്ചയിലാണ്. ഫെഡറല്‍ ബാങ്ക് ഓഹരി 294.90 രൂപവരെ കയറിയിട്ട് നേട്ടം അല്പം കുറച്ചു. 302 രൂപയാണ് ഓഹരിയുടെ ഒരു വര്‍ഷത്തിനുള്ളിലെ ഉയര്‍ന്ന വില.

വിദേശ ബ്രോക്കറേജ് ജെഫറീസ് തരംതാഴ്ത്തിയതിനെ തുടര്‍ന്ന് ഇന്‍ഡസ് ടവേഴ്‌സ് ഓഹരി രണ്ടു ശതമാനം നഷ്ടത്തിലായി.

ബ്രസീലില്‍ സെമാഗ്ലുടൈഡ് വില്‍ക്കാനായി ഡോ. റെഡ്ഡീസ് ലബോറട്ടറീസ് നല്‍കിയ അപേക്ഷ നിരസിക്കപ്പെട്ടു. ഓഹരി മൂന്നു ശതമാനം വരെ ഇടിഞ്ഞു. സിറ്റി ഡോ. റെഡ്ഡീസിന്റെ ലക്ഷ്യവില 1070 രൂപയായി താഴ്ത്തി വില്‍പന ശിപാര്‍ശ നല്‍കി.

മൊത്തം 600 കോടിയില്‍ പരം രൂപയുടെ മൂന്നു കരാറുകള്‍ ലഭിച്ചതിനെ തുടര്‍ന്നു റെയില്‍ടെല്‍ കോര്‍പറേഷന്‍ ഓഹരി 14 ശതമാനം വരെ ഉയര്‍ന്നു.

യൂണിവേഴ്‌സല്‍ ബാങ്കായി മാറാനുള്ള ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ അപേക്ഷ റിസര്‍വ് ബാങ്ക് നിരസിച്ചു. ഓഹരി അഞ്ചു ശതമാനം വരെ ഇടിഞ്ഞു.

ടൈറ്റന്‍, ടാറ്റാ കണ്‍സ്യൂമര്‍, ഗോദ്റെജ് കണ്‍സ്യൂമര്‍, പെയിന്റ് കമ്പനികള്‍ എന്നിവ പ്രതീക്ഷയിലും മികച്ച നേട്ടം ഉണ്ടാക്കുമെന്ന് ജാപ്പനീസ് ബ്രോക്കറേജ് നോമുറ വിലയിരുത്തി.

രൂപയില്‍ മാറ്റം

രൂപ ഇന്നു നേട്ടമുണ്ടാക്കി. ഡോളര്‍ 21 പൈസ (0.22 ശതമാനം) താഴ്ന്ന് 93.17 രൂപയില്‍ ഓപ്പണ്‍ ചെയ്തു. ഡോളര്‍ 93.21 വരെ കയറിയിട്ട് 93.13 രൂപയിലേക്കു താഴ്ന്നു. വീണ്ടും കയറി 93.32 രൂപയായി. പശ്ചിമേഷ്യന്‍ യുദ്ധം തീരാന്‍ വഴിതെളിയുന്നതും ക്രൂഡ് ഓയില്‍ വില ഇടിയുന്നതും ആണു രൂപയെ കയറ്റിയത്. എന്നാല്‍ ലഭ്യത കൂടാന്‍ സാധ്യത കുറഞ്ഞതിനാല്‍ ക്രൂഡ് വില സാവധാനമേ താഴൂ എന്നു ചിലര്‍ വിലയിരുത്തി. അത് ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി വര്‍ധിക്കാന്‍ കാരണമാകും എന്ന് അവര്‍ കരുതുന്നു.

സ്വര്‍ണം ലോക വിപണിയില്‍ ഔണ്‍സിന് 4850 ഡോളറില്‍ നിന്ന് 4825 ലേക്കു താഴ്ന്നു. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് 1040 രൂപ ഉയര്‍ന്ന് 1,13,920 രൂപയായി. സ്വര്‍ണ ഇടിഎഫുകള്‍ ഇന്ന് രണ്ടും വെള്ളി ഇടിഎഫുകള്‍ ആറും ശതമാനം ഉയര്‍ന്നു.

ക്രൂഡ് ഓയില്‍ അല്പം കയറി. ബ്രെന്റ് ഇനം ക്രൂഡ് 95.60 ഡോളറിലായി. ഡബ്‌ള്യുടിഐ ഇനം 91.32 ഡോളറില്‍ എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT