canva
Markets

ക്രൂഡ് കുതിപ്പില്‍ ഓഹരികള്‍ക്കു കിതപ്പ്, രൂപ തളരുന്നു! വിപണി രാവിലെ സംഭവബഹുലം

മികച്ച റിസല്‍ട്ടിനെ തുടര്‍ന്ന് ഐഐഎഫ്എല്‍ ഫിനാന്‍സും നവീന്‍ ഫ്‌ലോറിനും നാലു ശതമാനം ഉയര്‍ന്നു.

T C Mathew

രൂപയുടെ കിതപ്പും ക്രൂഡ് ഓയിലിന്റെ കുതിപ്പും ഇന്ത്യന്‍ വിപണിയെ ചോരപ്പുഴയിലാക്കി. മുഖ്യസൂചികകള്‍ ഒരു ശതമാനത്തിലധികം ഇടിഞ്ഞു. നിഫ്റ്റി 1.35 ശതമാനം താഴ്ന്ന് 23,841 വരെയും സെന്‍സെക്‌സ് 1.38 ശതമാനം താഴ്ന്ന് 76,453 വരെയും എത്തി.

രൂപ ഇന്നും ദുര്‍ബലമായി. ഡോളര്‍ 17 പൈസ ഉയര്‍ന്ന് 95.02 രൂപയില്‍ ഓപ്പണ്‍ ചെയ്തു. മാര്‍ച്ച് 31നു ശേഷം ആദ്യമാണ് ഡോളര്‍ 95 രൂപയ്ക്കു മുകളിലാകുന്നത്. പിന്നീട് ഡോളര്‍ 95.29 രൂപ എന്ന റെക്കോര്‍ഡിലേക്കു കയറി. മാര്‍ച്ചില്‍ എത്തിയ 95.22 രൂപയാണ് ഇന്നു മറികടന്നത്.

ക്രൂഡ് ഓയില്‍ വില വീണ്ടും കുതിച്ചു. ബ്രെന്റ് ഇനം ക്രൂഡ് രാവിലെ ഏഴു ശതമാനം കുതിച്ചു വീപ്പയ്ക്ക് 126.24 ഡോളറില്‍ എത്തി. ഡബ്‌ള്യുടിഐ ഇനം 110.22 ഡോളറിലേക്കു കയറി. ബ്രെന്റ് ഇനത്തിന്റെ വില 2026ല്‍ ഇരട്ടിച്ചു.

ക്രൂഡ് കുതിക്കുന്നതു രൂപയെ ഇനിയും ദുര്‍ബലമാക്കും. ഇറക്കുമതിച്ചെലവ് വര്‍ധിച്ച് കറന്റ് അക്കൗണ്ട് കമ്മി ദുര്‍വഹമാക്കും. ഇതോടൊപ്പം വിദേശനിക്ഷേപകര്‍ വിറ്റു മടങ്ങുന്നതും രൂപയുടെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നു.

കടപ്പത്രങ്ങളും മറ്റും അതതു സമയത്തെ വില നോക്കി നഷ്ടം വകവയ്‌ക്കേണ്ടി വന്നതു മൂലമാണ് നാലാം പാദം നഷ്ടത്തില്‍ ആയതെന്നു മോട്ടിലാല്‍ ഓസ്വാള്‍ മാനേജ്‌മെന്റ് വിശദീകരിച്ചു. ഓഹരി നഷ്ടത്തില്‍ നിന്നു നേട്ടത്തിലേക്കു മാറി.

തിരിച്ചടിക്കിടയിലും മുന്നേറ്റം

മികച്ച റിസല്‍ട്ടിനെ തുടര്‍ന്ന് ഐഐഎഫ്എല്‍ ഫിനാന്‍സും നവീന്‍ ഫ്‌ലോറിനും നാലു ശതമാനം ഉയര്‍ന്നു.

ക്രൂഡ് ഓയില്‍ വിലക്കയറ്റത്തെ തുടര്‍ന്ന് എണ്ണ വിപണന കമ്പനികളുടെ ഓഹരികള്‍ മൂന്നു ശതമാനത്തോളം താഴ്ന്നു. ഏഷ്യന്‍ പെയിന്റ്‌സ് അടക്കം പെയിന്റ് കമ്പനികള്‍ രണ്ടു ശതമാനം താഴോട്ടു പോയി.

ക്രൂഡ് വിലക്കയറ്റം ഒഎന്‍ജിസി, ഓയില്‍ ഇന്ത്യ ഓഹരികളെ രണ്ടു ശതമാനം നേട്ടത്തിലാക്കി. പിന്നീടു നേട്ടം കുറഞ്ഞു.

ഹൈദരാബാദ് മെട്രോയിലെ വിഹിതം 1,462 കോടി രൂപയ്ക്ക് എല്‍ആന്‍ഡ്ടി വിറ്റു. ഓഹരി ഒന്നര ശതമാനം താഴ്ന്നു.

തെലങ്കാന സര്‍ക്കാരില്‍ നിന്നു 459 കോടി രൂപയുടെ പൈപ്പുകള്‍ക്ക് ഓര്‍ഡര്‍ ലഭിച്ച ഇന്ത്യന്‍ ഹ്യൂം പൈപ്പ് കമ്പനിയുടെ ഓഹരി എട്ടു ശതമാനം കുതിച്ചു.

ദുര്‍ബലമായ നാലാം പാദ റിസല്‍ട്ടിനെ തുടര്‍ന്ന് ഫിനോ പേമെന്റ്‌സ് ബാങ്ക് ഓഹരി പത്തു ശതമാനം ഇടിഞ്ഞു.

വിറ്റുവരവ് 12.42 ശതമാനം കൂടിയെങ്കിലും അറ്റനഷ്ടം 50 ശതമാനത്തിലധികം വര്‍ധിച്ചതിനെ തുടര്‍ന്ന് എച്ച്ഇജി ലിമിറ്റഡ് ഓഹരി 12 ശതമാനം ഇടിവിലായി. ഗ്രാഫൈറ്റ് ഇലക്ട്രോഡുകള്‍ ആണു കമ്പനിയുടെ ഉല്‍പന്നം.

ലോകവിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 4,558 ഡോളറിലേക്കു താഴ്ന്നു. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് 160 രൂപ വര്‍ധിച്ച് 1,10,480 രൂപയില്‍ എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT