വിപണി ഇടിയുകയാണ്. ക്രൂഡ് ഓയില്‍ വിലക്കയറ്റം, ഔഷധ കമ്പനികള്‍ക്കു ട്രംപ് പ്രഖ്യാപിച്ച കനത്ത യുഎസ് തീരുവ, എല്ലാ ഉല്‍പന്നങ്ങള്‍ക്കും ഈയാഴ്ച വരാന്‍ പോകുന്ന യുഎസ് തീരുവ എന്നിവയെല്ലാം ചേര്‍ന്ന് വിപണിയെ ചോരപ്പുഴയിലാക്കി. സെന്‍സെക്‌സ് 77,000നു താഴെയായി. നിഫ്റ്റി 24,000നു തൊട്ടു മുകളില്‍ നില്‍ക്കുന്നു.
ഓട്ടോ ഒഴികെ എല്ലാ വ്യവസായ 6 മേഖലകളും ഇടിഞ്ഞു. മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും വലിയ താഴ്ചയിലാണ്. ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനികളെ ബുദ്ധിമുട്ടിക്കുന്ന തീരുവ നയം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ജനറിക് മരുന്നുകള്‍ക്ക് ഓഗസ്റ്റ് ഒന്നു മുതല്‍ രണ്ടു വര്‍ഷം ഇറക്കുമതി തീരുവ ഒഴിവാക്കി.
2028 ഓഗസ്റ്റ് മുതല്‍ ഒരു വര്‍ഷം 100 ശതമാനവും 2029 ഓഗസ്റ്റ് മുതല്‍ 200 ശതമാനവും തീരുവ ഈടാക്കും. കമ്പനികള്‍ ഉല്‍പാദനം അമേരിക്കയിലേക്കു മാറ്റാനുള്ള സമ്മര്‍ദതന്ത്രമാണു ട്രംപിന്റേത്. എന്നാല്‍ ഉല്‍പാദനച്ചെലവ് കൂടിയ അമേരിക്കയില്‍ പ്ലാന്റുകള്‍ നടത്തുന്നതു ലാഭകരമാകില്ലെന്ന് ഇന്ത്യന്‍ കമ്പനികള്‍ കരുതുന്നു. ഫാര്‍മ കയറ്റുമതി കമ്പനികള്‍ നാലു ശതമാനം വരെ ഇടിഞ്ഞു.
അമേരിക്കയില്‍ കോടതി തടഞ്ഞ തീരുവകള്‍ക്കു പകരം ചുമത്തിയ 10 ശതമാനം തീരുവയുടെ കാലാവധി വെള്ളിയാഴ്ച അവസാനിക്കും. അതിനു പകരം അടിമപ്പണി ആരോപിച്ചു പുതിയ ഉയര്‍ന്ന തീരുവ പ്രഖ്യാപിക്കും എന്നാണു സൂചന. അതു വസ്ത്ര, സമുദ്രോല്‍പന്ന, ആഭരണ വ്യവസായങ്ങളെ കനത്ത തോതില്‍ ബാധിക്കും.
മികച്ച കയറ്റുമതി വളര്‍ച്ചയും ഇലക്ട്രിക് വാഹന മേഖലയിലെ മുന്നേറ്റവും ബജാജ് ഓട്ടോയെ മൂന്നര ശതമാനം ഉയര്‍ത്തി. ടിവിഎസ് മോട്ടോര്‍ ഇലക്ട്രിക് കുതിപ്പിനെ തുടര്‍ന്നു നാലു ശതമാനം കയറി.
ക്രൂഡ് ഓയില്‍ വിലക്കയറ്റം ഇന്റര്‍ഗ്ലോബ് ഏവിയേഷനെ മൂന്നു ശതമാനം താഴ്ത്തി. ജൂണ്‍ പാദ റിസല്‍ട്ടിനെ തുടര്‍ന്നു ബന്ധന്‍ ബാങ്ക് ഓഹരി 15 ശതമാനം ഇടിഞ്ഞു. മെഡ്പ്ലസ് 20 ശതമാനം താഴ്ചയിലായി.
രൂപ ഇന്നു നഷ്ടത്തില്‍ വ്യാപാരം തുടങ്ങി. ഡോളര്‍ 10 പൈസ കൂടി 96.34 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീടു ഡോളര്‍ 96.26 രൂപ വരെ താഴ്ന്നിട്ട് 96.36 ലേക്കു കയറി.
സ്വര്‍ണം ലോകവിപണിയില്‍ ഔണ്‍സിന് 4145 ഡോളറില്‍ എത്തിയിട്ടു താഴ്ന്ന് 4133 ഡോളറിലായി. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് 1680 രൂപ വര്‍ധിച്ച് 1,07,440 രൂപ ആയി.
ക്രൂഡ് ഓയില്‍ വില ചാഞ്ചാടുന്നു. ബ്രെന്റ് ഇനം 92.51 ഡോളറില്‍ നിന്നു 92.28 ഡോളറില്‍ എത്തി. ഡബ്‌ള്യുടിഐ ഇനം 85.14 ഡോളറിലും എത്തി.
Read DhanamOnline in English
Subscribe to Dhanam Magazine