stock market tips Photo : Canva
Markets

വാരി എന്‍ജിനിയേഴ്‌സിന് റെയ്ഡ് ഇടിവ്, ഗ്രോയും താഴേക്ക്, വിപണി ചാഞ്ചാട്ടത്തില്‍; രാവിലെ സംഭവിക്കുന്നതെന്ത്?

ആക്‌സിസ് ബാങ്കിന് 1500 രൂപ ലക്ഷ്യവില ഇട്ട സ്വിസ് ബാങ്ക് യുബിഎസ് വാങ്ങല്‍ ശിപാര്‍ശ നല്‍കി.

T C Mathew

ഇന്ത്യന്‍ ഓഹരി വിപണി രാവിലെ ചെറിയ നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചു. കുറേ സമയം നഷ്ട മേഖലയില്‍ കറങ്ങിയ ശേഷം നേട്ടത്തിലേക്കു തിരിച്ചു വന്നു. വീണ്ടും ചാഞ്ചാട്ടത്തിലായി.

ഐടി ഓഹരികള്‍ രാവിലെ മികച്ച നേട്ടം കുറിച്ചു. ഐടി സൂചിക 1.50 ശതമാനം ഉയര്‍ന്നു. നിര്‍മിതബുദ്ധി വിഷയം ഇന്ത്യന്‍ ഐടിയെ ബാധിക്കില്ല എന്നാണ് വിപണിയുടെ വിലയിരുത്തല്‍. ഓട്ടോയും മെറ്റലുമാണ് രാവിലെ ഉയര്‍ന്ന മറ്റു മേഖലകള്‍.

ബാങ്ക്, ധനകാര്യ, റിയല്‍റ്റി, ഫാര്‍മ, ഹെല്‍ത്ത് കെയര്‍, മീഡിയ മേഖലകള്‍ നഷ്ടത്തിലാണ്. പവര്‍ ഗ്രിഡ് കോര്‍പറേഷന്റെ ടെന്‍ഡറുകളില്‍ നിന്ന് ഒന്‍പതു മാസത്തക്ക് വിലക്കിയതിനെ തുടര്‍ന്ന് കെഇസി ഇന്റര്‍നാഷണല്‍ ഓഹരി രാവിലെ ഏഴു ശതമാനം ഇടിഞ്ഞു.

ആദായനികുതി വകുപ്പ് കമ്പനിയില്‍ പരിശോധന നടത്തുന്നതായ റിപ്പോര്‍ട്ടിനെ തുടര്‍ന്നു വാരി എന്‍ജിനിയേഴ്‌സ് ഓഹരി അഞ്ചു ശതമാനം ഇടിവിലായി.

ആക്‌സിസ് ബാങ്കിന് 1500 രൂപ ലക്ഷ്യവില ഇട്ട സ്വിസ് ബാങ്ക് യുബിഎസ് വാങ്ങല്‍ ശിപാര്‍ശ നല്‍കി. അത്ര സമയം 75 രൂപ ലക്ഷ്യ വില നിശ്ചയിച്ച് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ഓഹരിക്കു വില്‍പന ശിപാര്‍ശയും നല്‍കി.

കഴിഞ്ഞ ദിവസങ്ങളില്‍ വലിയ കയറ്റം നടത്തിയ ഗ്രോ (ബില്യണ്‍ ബ്രെയിന്‍സ്) ഓഹരി ഇന്ന് പത്തു ശതമാനം ഇടിഞ്ഞു. ഇന്നലെ 46 ശതമാനം നേട്ടത്തോടെ ലിസ്റ്റ് ചെയ്ത ഫിസിക്‌സ്‌വാലാ ഓഹരി ഇന്ന് അഞ്ചു ശതമാനം വരെ താഴ്ന്നു.

ഇന്നലെ 246.75 രൂപവരെ കയറിയ ഫെഡറല്‍ ബാങ്ക് ഇന്നു രാവിലെ 248.30 രൂപ എന്ന പുതിയ റെക്കോര്‍ഡ് കുറിച്ചു. രൂപ ഇന്നു രാവിലെ ഉയര്‍ന്നു. ഡോളര്‍ നാലു പൈസ കുറഞ്ഞ് 88.57 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 88.48 രൂപയില്‍ എത്തി

സ്വര്‍ണം ലോകവിപണിയില്‍ വലിയ ചാഞ്ചാട്ടം തുടരുകയാണ്. ഔണ്‍സിനു 4,073 ഡോളറിലേക്കു സ്വര്‍ണവില കയറി. പിന്നീടു 4,068 ഡോളറില്‍ എത്തി. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് 880 രൂപ വര്‍ധിച്ച് 91,560 രൂപ ആയി. ക്രൂഡ് ഓയില്‍ വില സാവധാനം കുറയുന്നു. ബ്രെന്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 64.60 ഡോളര്‍ ആയി താഴ്ന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT