ഇന്ത്യന്‍ വിപണി രാവിലെ മികച്ച നേട്ടത്തോടെ വ്യാപാരം തുടങ്ങിയിട്ടു വീണ്ടും കയറി. എന്നാല്‍ കുറേ സമയം കഴിഞ്ഞപ്പോള്‍ നേട്ടങ്ങള്‍ മിക്കവാറും ഉപേക്ഷിച്ചു സൂചികകള്‍ താഴെ എത്തി. 80,678 വരെ ഉയര്‍ന്ന സെന്‍സെക്സ് 80,373 വരെയും 24,732 വരെ കയറിയ നിഫ്റ്റി 24,636 വരെയും താഴ്ന്നു. പിന്നീട് സാവധാനം കയറ്റം തുടങ്ങി.
സ്മോള്‍ ക്യാപ് ഓഹരികള്‍ നല്ല മുന്നേറ്റം കാഴ്ചവച്ചപ്പോള്‍ മിഡ് ക്യാപ് ഓഹരികള്‍ സാവധാനമാണ് കയറുന്നത്.
ബാങ്ക്, ധനകാര്യ ഓഹരികള്‍ രാവിലെ നേട്ടം ഉണ്ടാക്കി. പൊതുമേഖലാ ബാങ്ക് സൂചിക 1.72 ശതമാനം കയറി. മെറ്റല്‍ സൂചിക ഒരു ശതമാനം ഉയര്‍ന്നു.
മീഡിയ, റിയല്‍റ്റി, എഫ്എംസിജി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഓട്ടോ ഓഹരികള്‍ താഴ്ന്നു.
ജനുവരി ഒന്നിനു പാര്‍സല്‍ നിരക്ക് 10 ശതമാനത്തോളം കൂട്ടുമെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് ബ്ലൂ ഡാര്‍ട്ട് ഓഹരി ഒന്‍പതു ശതമാനം ഉയര്‍ന്നു. ജനുവരിയില്‍ ചരക്കുകൂലി കൂട്ടും എന്ന് അറിയിച്ച ഓള് കാര്‍ഗോ ലോജിസ്റ്റിക്സ് ഓഹരി മൂന്നര ശതമാനം കയറി.
വിദേശത്തു നിര്‍മിച്ച സിനിമകള്‍ക്ക് ചുങ്കം ചുമത്താനുള്ള അമേരിക്കന്‍ നീക്കം പിവിആര്‍ ഐനോക്സ് ഓഹരിയെ മൂന്നു ശതമാനം താഴ്ത്തി.
ചെമ്പുവില ലോക വിപണിയില്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഹിന്ദുസ്ഥാന്‍ കോപ്പര്‍ ഓഹരി ഇന്നു രാവിലെ നാലര ശതമാനം ഉയര്‍ന്നു.
ടൂറിസം മന്ത്രാലയവുമായി സഹകരിക്കുന്നതിനു ധാരണാപത്രം ഒപ്പിട്ട തോമസ് കുക്ക് ഓഹരി മൂന്നു ശതമാനം കുതിച്ചു.
പണം വകമാറ്റി ചെലവഴിച്ചു നിക്ഷേപകര്‍ക്കു നഷ്ടം വരുത്തിയതിനു മൂലധന വിപണിയില്‍ നിന്നു രണ്ടു വര്‍ഷത്തേക്കു സെബി വിലക്കിയ മാന്‍ ഇന്‍ഡസ്ട്രീസിന്റെ ഓഹരി 15 ശതമാനം വരെ ഇടിഞ്ഞു. കമ്പനിയുടെ ചെയര്‍മാനും മൂന്നു മുതിര്‍ന്ന മാനേജര്‍മാര്‍ക്കും കൂടി വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
രൂപ ഇന്നു രാവിലെ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളര്‍ ഏഴു പൈസ താഴ്ന്ന് 88.69 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 88.73 രൂപയിലേക്കു ഡോളര്‍ കയറി.
സ്വര്‍ണം ലോക വിപണിയില്‍ അതിവേഗം കയറുകയാണ്. അമേരിക്കന്‍ ഭരണസ്തംഭന ആശങ്കകള്‍ വിലവര്‍ധന വേഗത്തിലാക്കി. രാവിലെ ഔണ്‍സിന് 3,867 ഡോളറിലേക്ക് എത്തി. ഇന്നു രാവിലെ വില ഔണ്‍സിന് 32.80 ഡോളര്‍ (0.86 ശതമാനം) ഉയര്‍ന്നു. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് ഇന്നു രാവിലെ 1,040 രൂപ വര്‍ധിച്ച് 86,760 രൂപയായി.
ഇത് ഈ മാസം ഒന്നാം തീയതിയിലെ വിലയേക്കാള്‍ 9,000 രൂപ (11.6 ശതമാനം) അധികമാണ്. ഈ സാമ്പത്തിക വര്‍ഷം തുടങ്ങിയ ഏപ്രില്‍ ഒന്നിന് 68,080 രൂപയായിരുന്നു വില. അതിനേക്കാള്‍ 27.38 ശതമാനം കൂടുതലാണ് ഇന്നത്തെ വില. ജനുവരി ഒന്നിന് 57,200 രൂപയായിരുന്നു. അതിനേക്കാള്‍ 29,560 രൂപ കൂടുതലുണ്ട് ഇന്ന്. 51.68 ശതമാനം അധികം.
ക്രൂഡ് ഓയില്‍ വില സാവധാനം കുറയുകയാണ്. ബ്രെന്റ് ഇനം ക്രൂഡ് ബാരലിന് 67.43 ഡോളര്‍ ആയി.
Read DhanamOnline in English
Subscribe to Dhanam Magazine