വിപണി വീണ്ടും ചോരപ്പുഴയില്‍. ഇന്ത്യ - അമേരിക്ക ബന്ധത്തിലെ ഉലച്ചിലും വ്യാപാരകരാര്‍ അകലത്തിലായതും രൂപയുടെ ഇടിവും വിദേശ നിക്ഷേപകരുടെ നിരന്തര വില്‍പനയും വിപണിയെ താഴ്ത്തി. രാവിലെ വിപണി കുത്തനെ ഇടിഞ്ഞു. വ്യാപാരം ആദ്യ മണിക്കൂര്‍ പിന്നിടാറായപ്പോഴേക്ക് കുറേ തിരിച്ചു കയറാന്‍ കഴിഞ്ഞു.
സെന്‍സെക്‌സും നിഫ്റ്റിയും 0.30 ശതമാനം തിരിച്ചു കയറിയപ്പോള്‍ മിഡ് ക്യാപ് 100 സൂചിക നഷ്ടം ഒരു ശതമാനം കുറച്ചു. ബാങ്ക് നിഫ്റ്റിയും ഗണ്യമായി മെച്ചപ്പെട്ടു.
റിലയന്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയവയാണ് ഇന്നു രാവിലെ നിഫ്റ്റി 50 സൂചികയെ ഏറ്റവുമധികം താഴ്ത്തിയത്. ഒരവസരത്തില്‍ നിഫ്റ്റിയില്‍ ടൈറ്റന്‍ ഒഴികെ എല്ലാ ഓഹരികളും നഷ്ടത്തിലായിരുന്നു.
എല്ലാ മേഖലാ സൂചികകളും ചുവപ്പില്‍ കുളിച്ച ഇന്ന് മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികള്‍ വലിയ താഴ്ചയിലായി.
ഇന്ത്യയില്‍ നിന്നുള്ള അരിക്കു കൂടുതല്‍ ചുങ്കം ചുമത്താനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കത്തെ തുടര്‍ന്ന് ബസ്മതി അരി കയറ്റുമതിക്കാരായ എല്‍ടി ഫുഡ്‌സ്, കെആര്‍ബിഎല്‍, കോഹിനൂര്‍ ഫുഡ്‌സ് തുടങ്ങിയ ഓഹരികള്‍ താഴ്ന്നു. എല്‍ടി ഏഴര ശതമാനം ഇടിഞ്ഞു. ബസുമതി അരി കയറ്റുമതിയുടെ അളവില്‍ 24-ാം സ്ഥാനം മാത്രമാണ് അമേരിക്കയ്ക്ക് ഉള്ളതു. സാധാരണ അരിയുടെ കാര്യത്തില്‍ നാലാം സ്ഥാനം അമേരിക്കയ്ക്കുണ്ട്.
മികച്ച റിസല്‍ട്ടിനെ തുടര്‍ന്ന് ഫിസിക്‌സ് വാലാ ഓഹരി അഞ്ചു ശതമാനം കുതിച്ചു.
കമ്പനിയുടെ കണക്കുകളില്‍ കൃത്രിമം സംശയിച്ചതിനെ തുടര്‍ന്നു കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി ഇടിഞ്ഞ കേയ്ന്‍സ് ടെക്നോളജീസ് ഇന്നുരാവിലെ നാലു ശതമാനം ഉയര്‍ന്നു. ചില ബ്രോക്കറേജുകള്‍ കമ്പനിയെപ്പറ്റി നല്ല റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതാണു സഹായിച്ചത്. മക്കാറീ കമ്പനി ഓഹരിക്ക് 7700 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഔട് പെര്‍ഫോം ഗ്രേഡ് നല്‍കി. മോട്ടിലാല്‍ ഓസ്വാള്‍, നൊമുറ, ജെഫറീസ് തുടങ്ങിയവ കൂടുതല്‍ ഉയര്‍ന്ന ലക്ഷ്യവില നിശ്ചയിച്ചു.
പ്രശ്‌നങ്ങളില്‍ പെട്ട ഇന്‍ഡിഗോ വിമാനകമ്പനിയുടെ ഉടമകളായ ഇന്റര്‍ഗ്ലോബ് ഏവിയേഷന്റെ ഓഹരി രാവിലെ ഒരു ശതമാനത്തിലധികം ഉയര്‍ന്നു. മറ്റൊരു വിമാനകമ്പനിയായ സ്‌പൈസ് ജെറ്റ് രാവിലെ ആറു ശതമാനത്തിലധികം ഉയര്‍ന്നു.
പ്രതിരോധ ഓഹരികള്‍ ഇന്നും താഴ്ചയിലായി. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 2.91 ഉം മസഗാേണ്‍ 2.27ഉം ഗാര്‍ഡന്‍ റീച്ച് 2.26 ഉം ശതമാനം താഴ്ന്നു.
ഐടി കമ്പനികള്‍ ഇന്നു വലിയ താഴ്ചയിലായി. കോഫോര്‍ജ് നാലു ശതമാനത്തിലധികം ഇടിഞ്ഞു. ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ, എച്ച്‌സിഎല്‍, ടെക് മഹീന്ദ്ര തുടങ്ങിയവ ഒരു ശതമാനത്തിലധികം നഷ്ടത്തിലാണ്.
രൂപ ഇന്നും താഴ്ന്നു വ്യാപാരം തുടങ്ങി. ഡോളര്‍ ആറു പൈസ കൂടി 90.13 രൂപയില്‍ ഓപ്പണ്‍ ചെയ്തു. റിസര്‍വ് ബാങ്ക് വലിയ അളവില്‍ ഡോളര്‍ വിപണിയില്‍ ഇറക്കിയതോടെ ഡോളര്‍ 89.98 രൂപയിലേക്കു ഡോളര്‍ താഴ്ന്നു.
സ്വര്‍ണം ലോകവിപണിയില്‍ ചാഞ്ചാടുകയാണ്. ഔണ്‍സിന് 4,188 ഡോളറിലേക്കു താഴ്ന്നു. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് 240 രൂപ കുറഞ്ഞു 95,400 രൂപയായി.
ക്രൂഡ് ഓയില്‍ താഴുകയാണ്. ബ്രെന്റ് ഇനം ക്രൂഡ് 62.38 ഡോളറിലേക്കു താഴ്ന്നു.
Read DhanamOnline in English
Subscribe to Dhanam Magazine