Markets

റെക്കോര്‍ഡുകള്‍ തകര്‍ത്ത് സൂചികകള്‍; 86,000 കടന്ന് സെന്‍സെക്‌സ്, നിഫ്റ്റി 26,300ല്‍

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 27നു കുറിച്ച 26,277.35 പോയിന്റിന്റെ റെക്കോര്‍ഡ് 14 മാസം തികയുന്ന ദിവസം ആണു തിരുത്തിയത്

T C Mathew

നിഫ്റ്റിയും സെന്‍സെക്‌സും റെക്കോര്‍ഡ് തിരുത്തി മുന്നേറി. ലാഭമെടുക്കലിനുളള തിടുക്കം പിന്നീടു വിപണിയെ സമ്മര്‍ദത്തിലാക്കി. നിഫ്റ്റി 26,300 ഉം സെന്‍സെക്‌സ് 86,000 വും കടന്നു പുതിയ ഉയരം കുറിച്ചു.

രാവിലെ വ്യാപാരം തുടങ്ങി ഏഴു മിനിറ്റിനുള്ളില്‍ നിഫ്റ്റി റെക്കോര്‍ഡ് തിരുത്തി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 27നു കുറിച്ച 26,277.35 പോയിന്റിന്റെ റെക്കോര്‍ഡ് 14 മാസം തികയുന്ന ദിവസം ആണു തിരുത്തിയത്. സൂചിക 26,306.95 വരെ ഉയര്‍ന്നു. പിന്നീടു താഴ്ന്നു.

സെന്‍സെക്‌സ് 85,978.25 എന്ന റെക്കോര്‍ഡ് കുറിച്ചതും കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 27-നാണ്. ഇന്നു സെന്‍സെക്‌സ് രാവിലെ 86,026.18 വരെ കയറി. പിന്നീടു താഴ്ന്നു.

റിയല്‍റ്റി, കണ്‍സ്യൂമര്‍ ഡ്യുറബിള്‍സ്, ഓയില്‍ -ഗ്യാസ്, പൊതുമേഖലാ ബാങ്ക് എന്നിവ ഒഴികെ എല്ലാ മേഖലകളും രാവിലെ കയറ്റത്തിലാണ്.

തിരുവനന്തപുരം ടെക്നോ പാര്‍ക്കില്‍ പഞ്ചനക്ഷത്ര ഹോട്ടലിനും ട്രേഡ് സെന്ററിനും വേണ്ടി സ്ഥലം ലഭിച്ച ബ്രിഗേഡ് എന്റര്‍പ്രൈസസ് ഓഹരി രണ്ടു ശതമാനം ഉയര്‍ന്നു. പിന്നീട് മറ്റു റിയല്‍റ്റി കമ്പനികളോടൊപ്പം താഴ്ചയിലായി.

798 കോടിയുടെ കല്‍ക്കരി ഖനി കരാര്‍ ലഭിച്ച പട്ടേല്‍ എന്‍ജിനിയറിംഗ് ഓഹരി 11 ശതമാനം കുതിച്ചു.

റെയില്‍ വികാസ് നിഗമില്‍ നിന്നു വലിയ രണ്ടു കരാറുകള്‍ കിട്ടിയ സലാസര്‍ എന്‍ജിനിയറിംഗ് നാലു ശതമാനം ഉയര്‍ന്നു.

പ്രൊമോട്ടര്‍ ഗ്രൂപ്പ് 11 ശതമാനം ഓഹരി ബ്ലോക്ക് ഇടപാടില്‍ വില്‍ക്കുന്നതായ വാര്‍ത്ത വേള്‍പൂള്‍ ഓഹരിയെ 12 ശതമാനത്തിലധികം താഴ്ത്തി.

അപൂര്‍വധാതു കാന്തങ്ങളുടെ നിര്‍മാണത്തിനുള്ള സബ്‌സിഡി സ്‌കീമായ പിഎല്‍ഐയില്‍ കമ്പനിയെ പെടുത്തും എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ജിഎംഡിസി ഓഹരി ഇന്നു രാവിലെ ഏഴു ശതമാനം കുതിച്ചു. ഇന്നലെ കമ്പനി എട്ടര ശതമാനം കയറിയതാണ്.

പ്രതിമാസവില്‍പന കണക്കുകള്‍ നാളെ പുറത്തു വിടുമ്പോള്‍ മികച്ച മുന്നേറ്റം കാണും എന്ന പ്രതീക്ഷയില്‍ അശോക് ലെയ്‌ലന്‍ഡ് ഓഹരി അഞ്ചു ശതമാനത്തോളം ഉയര്‍ന്നു.

ടാറ്റാ പവറിന്റെ മുന്ദ്ര നിലയത്തില്‍ നിന്നുള്ള വൈദ്യുതിയുടെ വില പരിഷ്‌കരിച്ച് കമ്പനിയും ഗുജറാത്ത് സര്‍ക്കാരും പുതിയ കരാര്‍ ഉണ്ടാക്കി. പഴയ കരാര്‍ പ്രകാരം കമ്പനിക്കു വലിയ നഷ്ടം വരുമായിരുന്നു. അതിനാല്‍ മുന്ദ്ര നിലയം അടച്ചിട്ടു. നിലയം തുറക്കാന്‍ പുതിയ കരാര്‍ സഹായിക്കും. നാലു സംസ്ഥാനങ്ങളോടു കൂടി കരാര്‍ പരിഷ്‌കരിക്കാനുണ്ട്. അതു സാധിച്ചാല്‍ മുന്ദ്ര പ്ലാന്റ് ഡിസംബറില്‍ പ്രവര്‍ത്തനം പുനരാരംഭിക്കും എന്നാണു പ്രതീക്ഷ.

ടാറ്റാ പവര്‍ ഓഹരി രണ്ടു ശതമാനം ഉയര്‍ന്നു. കമ്പനി 10 ജിഗാ വാട്ടിന്റെ സോളര്‍ ഇന്‍ഗോട്ട്, വാഫര്‍ നിര്‍മാണ പ്ലാന്റ് ഒഡീഷയില്‍ തുടങ്ങാന്‍ ആലോചിക്കുന്നുണ്ട്. 10,000 കോടി രൂപയുടെ മുതല്‍മുടക്ക് വേണ്ട പദ്ധതിയാണത്.

രൂപ ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളര്‍ ആറു പൈസ താഴ്ന്ന് 89.21 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 89.25 രൂപയിലേക്കു കയറി. ഡോളര്‍ സൂചിക 99.49 ലേക്ക് ഇടിഞ്ഞതാണു രൂപയ്ക്കു തുണയായത്.

സ്വര്‍ണം ലോക വിപണിയില്‍ താഴ്ന്ന് ഔണ്‍സിന് 4,147 ഡോളറില്‍ എത്തി. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് 120 രൂപ കുറഞ്ഞ് 93,680 രൂപയായി.

ക്രൂഡ് ഓയില്‍ വില ചെറിയ ചാഞ്ചാട്ടത്തിലാണ്. ബ്രെന്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 62.70 ഡോളര്‍ വരെ താഴ്ന്നിട്ട് 62.86 ഡോളറിലേക്കു കയറി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT