നേട്ടം തുടരാം എന്നു പ്രതീക്ഷിച്ചപ്പോള്‍ ഇന്ത്യന്‍ വിപണി ഇന്നു താഴേക്കു നീങ്ങി. ഐടി, ബാങ്കിംഗ് മേഖലകളിലെ തിരിച്ചടിയിലാണ് വിപണി താഴ്ന്നത്. മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികളും നല്ല താഴ്ചയിലാണ്.
വ്യാപാരം ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ നിഫ്റ്റി അന്‍പതും സെന്‍സെക്‌സ് 220 ഉം പോയിന്റ് നഷ്ടത്തിലായി.
ബാങ്ക് ഓഹരികള്‍ ലാഭസാധ്യത വച്ചു നോക്കുമ്പോള്‍ അമിത വിലയിലാണെന്ന് ചില അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടി. കൊട്ടക് മഹീന്ദ്ര, ഐസിഐസിഐ, എച്ച്ഡിഎഫ്‌സി, എസ്ബിഐ, ആക്‌സിസ്, ബാങ്ക് ഓഫ് ബറോഡ, പിഎന്‍ബി, ആര്‍ബിഎല്‍ തുടങ്ങിയ ബാങ്കുകള്‍ താഴ്ന്നു.
ഇന്‍ഫോസിസിന്റെ ഒന്നാം പാദ റിസല്‍ട്ട് മികച്ചതായെങ്കിലും ഓഹരി താഴ്ന്നു. ഐടി കമ്പനികളുടെ വില അവയുടെ പ്രതി ഓഹരി ലാഭവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൂടുതലാണ് എന്ന വിലയിരുത്തല്‍ ആണു വിദേശ ബ്രാേക്കറേജുകള്‍ പുലര്‍ത്തുന്നത്. ഇന്‍ഫോസിസ്, ടിസിഎസ്, ടെക് മഹീന്ദ്ര, ടാറ്റാ എല്‍ക്‌സി ഓഹരികള്‍ താഴ്ന്നു. കോ ഫോര്‍ജ് ആറും പെര്‍സിസ്റ്റന്റ് ഏഴും ശതമാനം നഷ്ടത്തിലായി.
ടാറ്റാ ഗ്രൂപ്പിലെ റീട്ടെയില്‍ കമ്പനിയായ ട്രെന്റിനു വളര്‍ച്ച കുറവാകുമെന്നു വിലയിരുത്തി ഗോള്‍ഡ്മാന്‍ സാക്‌സ് ലക്ഷ്യവില താഴ്ത്തി. ഓഹരിവില താഴ്ന്നു. അതേ സമയം ടാറ്റാ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് ഓഹരി മൂന്നു ശതമാനത്തിലധികം ഉയര്‍ന്നു.
സീഗ്രാമിന്റെ ഇംപീരിയല്‍ ബ്ലൂ വിസ്‌കി 4,150 കോടി രൂപയ്ക്ക് പെര്‍ണോ റൈക്കാറില്‍ നിന്നു വാങ്ങിയ തിലക് നഗര്‍ ഇന്‍ഡസ്ട്രീസ് രണ്ടര ശതമാനം നേട്ടത്തിലായി.
മാര്‍ക്കറ്റ് കപ്ലിംഗിന് അനുമതി ലഭിച്ചത് ഐഇഎക്‌സിന്റെ (ഇന്ത്യന്‍ ഇലക്ട്രിസിറ്റി എക്‌സ്‌ചേഞ്ച്) ഓഹരിയെ 10 ശതമാനം ഉയര്‍ത്തി.
രാസവള കമ്പനിയായ എഫ്എസിടി രാവിലെ നാലര ശതമാനം ഉയര്‍ന്നു. ആര്‍സിഎഫും പരദീപ് ഫോസ്‌ഫേറ്റ്‌സും കയറി.
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് രണ്ടു ശതമാനത്തോളം താഴ്ന്നു.
രൂപ ഇന്നു നേട്ടത്തില്‍ വ്യാപാരം തുടങ്ങി. ഡോളര്‍ എട്ടു പൈസ കുറഞ്ഞ് 86.33 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീടു താഴ്ന്ന് 86.24 രൂപ ആയി.
സ്വര്‍ണം ലോകവിപണിയില്‍ ഔണ്‍സിന് 3382 ഡോളറില്‍ ആണ്. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് ആയിരം രൂപ കുറഞ്ഞ് 74,040 രൂപയായി.
ക്രൂഡ് ഓയില്‍ വില കുറഞ്ഞു. ബ്രെന്റ് ഓയില്‍ ബാരലിന് 68.71 ഡോളറില്‍ എത്തി.
Read DhanamOnline in English
Subscribe to Dhanam Magazine