ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങിയ ഇന്ത്യൻ വിപണി പിന്നീടു മികച്ച മുന്നേറ്റത്തിലായി. രാവിലെ സെൻസെക്സ് 76,900 നും നിഫ്റ്റി 24,000നും മുകളിൽ എത്തി. ബാങ്ക് നിഫ്റ്റിയും മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേട്ടത്തിലാണ്.
ഓട്ടോ, റിയൽറ്റി, എഫ്എംസിജി മേഖലകൾ മികച്ച മുന്നേറ്റം നടത്തി.
ബിബിഎയു യൂണിവേഴ്സിറ്റിയിൽ നിന്ന് 175 കോടി രൂപയുടെ പ്രോജക്ട് മാനേജ്മെൻ്റ് കൺസൾട്ടൻസി ലഭിച്ച റൈറ്റ്സിൻ്റെ ഓഹരി 10 ശതമാനം കുതിച്ചു.
ഡോയിച്ച് ബാങ്കിൻ്റെ ഇന്ത്യയിലെ റീട്ടെയിൽ ബിസിനസും വെൽത്ത് മാനേജ്മെൻ്റും ഏറ്റെടുക്കാൻ കരാർ ഉണ്ടാക്കിയ കൊട്ടക് മഹീന്ദ്ര ബാങ്ക് ഓഹരി ഒരു ശതമാനത്തിലധികം ഉയർന്നു. ഫെഡറൽ ബാങ്ക് ഒരു ശതമാനം താഴ്ന്നു.
ഹാവൽസിന് 1500 ഉം ടൈറ്റന് 5075 ഉം പേജ് ഇൻഡസ്ടീസിന് 47,700 ഉം രൂപ ലക്ഷ്യവില നിർണയിച്ച സിറ്റി ആ ഓഹരികൾക്കു വാങ്ങൽ ശിപാർശ നൽകി. ഹാവൽസ് 2.5 ഉം ടൈറ്റൻ രണ്ടും പേജ് മൂന്നും ശതമാനം ഉയർന്നു.
ടാറ്റാ മോട്ടോഴ്‌സ് പിവി വിൽക്കാൻ സിറ്റി ശിപാർശ ചെയ്തു. ലക്ഷ്യവില 320 രൂപ. ഓഹരി അര ശതമാനം താഴ്ന്നു.
ടാറ്റാ ടെക്‌നോളജീസ് ഓഹരി രണ്ടു ശതമാനം ഇടിഞ്ഞു.
ജൂണിലെ മികച്ച വാഹന വിൽപന മഹീന്ദ്ര ആൻഡ് മഹീന്ദ്രയെ മൂന്നു ശതമാനം ഉയർത്തി.
കെപിഐടി ടെക്നോളജിയുടെ ലക്ഷ്യവില ജെപി മോർഗൻ 700 രൂപയിൽ നിന്ന് 550 രൂപയായി താഴ്‌ത്തി. ഓഹരിക്ക് അണ്ടർവെയ്റ്റ് റേറ്റിംഗ് നൽകി. കമ്പനിയുടെ രണ്ടു ശതമാനം ഓഹരി ബൾക്ക് വിപണിയിൽ കൈമാറുകയും ചെയ്തു. ഓഹരി വില 15 ശതമാനം ഇടിഞ്ഞു. കമ്പനിയുടെ ഡോളർ വരുമാനം ഗണ്യമായി കുറയും എന്നാണു ബ്രോക്കറേജിൻ്റെ വിലയിരുത്തൽ.
ഡിക്സൺ ടെക്നോളജീസിന് ഇൻവെസ്ടെക് വാങ്ങൽ ശിപാർശ നൽകി. ലക്ഷ്യവില 14,500 രൂപ.
രൂപ ഇന്നും അൽപം താഴ്ന്നു വ്യാപാരം തുടങ്ങി. ഡോളർ രണ്ടു പൈസ കൂടി 94.68 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ 94.74 രൂപ വരെ ഉയർന്നു.
സ്വർണം ലോക വിപണിയിൽ ഔൺസിന് 3975 ഡോളറിലേക്കു താഴ്ന്നു. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 920 രൂപ കുറഞ്ഞ് 1,03,240 രൂപ ആയി.
ക്രൂഡ് ഓയിൽ വില കാര്യമായ മാറ്റമില്ലാതെ തുടരുന്നു. ബ്രെൻ്റ് ഇനം 73.27 ഡോളറിലും ഡബ്ള്യുടിഐ ഇനം 69.84 ഡോളറിലും എത്തി.
Read DhanamOnline in English
Subscribe to Dhanam Magazine