ഇറാൻ യുദ്ധം സംബന്ധിച്ചു ശുഭവാർത്ത പ്രതീക്ഷിച്ച വിപണിക്കു യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ പ്രസംഗം സമ്മാനിച്ചതു നിരാശ. അതുവരെ ഉയർന്നു നിന്ന ഏഷ്യൻ വിപണികൾ കുത്തനേ താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നലെ ഉണ്ടാക്കിയ നേട്ടമെല്ലാം നഷ്ടപ്പെടുത്തി വ്യാപാരം തുടങ്ങി പിന്നീടു കൂടുതൽ താഴ്ചയിലായി. മുഖ്യ സൂചികകൾ രണ്ടു ശതമാനത്തിലധികം നഷ്‌ടം കുറിച്ചു. നിഫ്റ്റി 22, 200 നും സെൻസെക്സ് 71,600 നും താഴെയായി.
അമേരിക്കൻ വിപണിയുടെ ഫ്യൂച്ചേഴ്സ് ഒന്നര ശതമാനത്തിലധികം ഇടിഞ്ഞാണു നീങ്ങുന്നത്.
എല്ലാ വ്യവസായമേഖലകളും എല്ലായിനം കമ്പനികളും ഇടിവിലാണ്. ഫാർമ, ഹെൽത്ത്, ബാങ്ക്, ധനകാര്യ, മെറ്റൽ, റിയൽറ്റി, കൺസ്യൂമർ ഡ്യൂറബിൾസ് തുടങ്ങിയവ കൂടുതൽ താഴ്ചയിലായി.
അമേരിക്കയിലേക്ക് ഉൽപാദനം മാറ്റാനും അവിടെ ഔഷധങ്ങൾ വില കുറച്ചു വിൽക്കാനും കരാർ ഉണ്ടാക്കാത്ത ഔഷധ കമ്പനികൾക്ക് വലിയ ചുങ്കം ചുമത്തും എന്ന ട്രംപിൻ്റെ പ്രസ്താവനയെ തുടർന്ന് പ്രമുഖ ഔഷധകമ്പനികൾ ഇടിഞ്ഞു. ബയോകോൺ, സൺ, ഗ്ലെൻ മാർക്ക്, ടൊറൻ്റ്, ജെബി കെം, സൈഡസ്, ഡിവിസ്, ഇപ്കാ, മാൻകൈൻഡ് തുടങ്ങിയവ ആറു ശതമാനം വരെ താഴ്‌ന്നു.
ഇറാൻ കരാറിനു തയാറായില്ലെങ്കിൽ അവരുടെ ഊർജ നിലയങ്ങൾ എല്ലാം തകർക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. യുദ്ധവിരാമം അകലെയാണെന്നു വന്നതോടെ ക്രൂഡ് ഓയിൽ കുതിച്ചുകയറി. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ ഏഴു ശതമാനം ഉയർന്ന് വീപ്പയ്ക്ക് 108 ഡോളറിനു മുകളിലായി. ഇന്ത്യ വാങ്ങുന്ന പശ്ചിമേഷ്യൻ ക്രൂഡിൻ്റെ ബാസ്‌കറ്റ് വില 124.85 ഡോളറിൽ എത്തി.
ഓയിൽ മാർക്കറ്റിംഗ് കമ്പനികളുടെ ഓഹരികൾ അഞ്ചു ശതമാനം വരെ ഇടിഞ്ഞു. ഒഎൻജിസിയും ഓയിൽ ഇന്ത്യയും രാവിലെ താഴ്ന്നു. വ്യോമയാന കമ്പനികളും ഇടിഞ്ഞു.
രൂപ ഇന്നു മികച്ച നേട്ടം ഉണ്ടാക്കി. ഡോളർ 1.30 രൂപ താഴ്ന്ന് 93.53 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 93.62 രൂപയിലേക്കു കയറിയിട്ട് തിരിച്ചിറങ്ങി 93.15 രൂപയായി. നേട്ടം 1.8 ശതമാനം. വിദേശത്തെ അവധി വിപണിയിൽ കഴിഞ്ഞ രാത്രി ഡോളർ 92.58 രൂപ വരെ താഴ്ന്നതാണ്. എന്നാൽ രാവിലെ ട്രംപിൻ്റെ പ്രസംഗം വിപണിയുടെ കാഴ്ചപ്പാട് മാറ്റി. ഡോളർ സൂചിക 99.45 ൽ നിന്ന് 99.93 ലേക്കു കയറി. യുദ്ധം രൂക്ഷമായി തുടരുമെന്ന സൂചനയാണ് പ്രസിഡൻ്റ് ട്രംപിൻ്റെ പ്രസംഗത്തിൽ നിന്നു കറൻസി വിപണിക്കു ലഭിച്ചത്. അതു ക്രൂഡ് വില ഉയർത്തി നിർത്തും. അതു വഴി രൂപ ദുർബലമാകും എന്നു വിപണി കണക്കാക്കി.
ലോകവിപണിയിൽ രാവിലെ സ്വർണം ഔൺസിന് 4800 ഡോളറിനു മുകളിൽ കയറിയിട്ടു ട്രംപിൻ്റെ പ്രസംഗശേഷം കുത്തനേ താഴ്ന്നു 4670 ഡോളറിലായി.
കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 1120 രൂപ താഴ്ന്ന് 1,11,040 രൂപയായി.
സ്വർണം, വെള്ളി ഇടിഎഫുകൾ ഇന്ന് നാലു ശതമാനത്തോളം നേട്ടത്തിലായി.
Read DhanamOnline in English
Subscribe to Dhanam Magazine