Markets

ഐടി കുതിക്കുന്നു, വിപണി മുന്നേറ്റത്തിൽ; ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക് നേട്ടത്തില്‍

രൂപ ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ 27 പൈസ കുറഞ്ഞ് 94.98 രൂപയിൽ ഓപ്പൺ ചെയ്തു

T C Mathew

ഇന്ത്യൻ വിപണി മുന്നേറ്റം തുടരുകയാണ്. ആഗോള ആശങ്കകൾ മാറ്റിവച്ച് ഐടി കുതിക്കുകയും മികച്ച വിൽപനയുടെ ബലത്തിൽ റിയൽറ്റി ഓഹരികൾ കയറുകയും ചെയ്തു.

രാവിലെ സെൻസെക്സ് 77,449 ഉം നിഫ്റ്റി 24,159 ഉം വരെ ഉയർന്നു.

ഐടി ഓഹരികളുടെ വലിയ കുതിപ്പാണ് ഇന്നു വിപണിയെ ശ്രദ്ധേയമാക്കിയത്. രാത്രി ന്യൂയോർക്കിൽ 17 ശതമാനം ഇടിഞ്ഞ വിപ്രോ രാവിലെ ഒന്നര ശതമാനത്തോളം ഉയർന്നു. ഇന്നലെ എട്ടു ശതമാനം താഴ്ന്ന കോഫോർജ് രാവിലെ 5.4 ശതമാനം കുതിച്ചു. ഇൻഫോസിസ് 4.85 ശതമാനം കയറി. എംഫസിസ് 5.2 ശതമാനം കുതിച്ചു. ഐടി സൂചിക നാലു ശതമാനത്തിലധികം ഉയർന്നു.

പ്രിഫറൻഷ്യൽ ഇഷ്യു വഴി 3562 കോടി രൂപ സമാഹരിക്കുന്നതിന് സീ എൻ്റർടെയ്ൻമെൻ്റ് ബോർഡ് തീരുമാനിച്ചു. കൺവേർട്ടിബിൾ ബോണ്ടുകൾ വഴി 3144 കോടി രൂപയും പ്രത്യക്ഷ നിക്ഷേപം വഴി 418 കോടി രൂപയുമാണു സമാഹരിക്കുക. സീ ഓഹരി നാലു ശതമാനം താഴ്ന്നു.

വേദാന്ത ഗ്രൂപ്പ് കമ്പനികൾ ഇന്നും കുതിച്ചു. ഇന്നലെ 20 ശതമാനം കയറിയ വേദാന്ത ഓയിൽ ആൻഡ് ഗ്യാസ് ഇന്നു 12 ശതമാനത്തിലധികം നേട്ടം ഉണ്ടാക്കി. ഇന്നലെ 17 ശതമാനം കൂടിയ വേദാന്ത പവർ അഞ്ചു ശതമാനം കയറി. വേദാന്ത അലൂമിനിയം മൂന്നും വേദാന്ത അയൺ പത്തും ശതമാനം ഉയർന്നു.

ക്രൂഡ് ഓയിൽ വില ഇടിഞ്ഞതിനെ തുടർന്ന് ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ മൂന്നു ശതമാനം വരെ ഉയർന്നു.

ഫെഡറൽ ബാങ്ക് ഓഹരി രാവിലെ 332.35 രൂപ എന്ന റെക്കോർഡിൽ എത്തി. വായ്പാ വിതരണം 17 ശതമാനം വർധിപ്പിച്ച സൗത്ത് ഇന്ത്യൻ ബാങ്ക് രാവിലെ നാലു ശതമാനം വരെ ഉയർന്നു.

ടാറ്റാ ഗ്രൂപ്പിലെ റീട്ടെയിൽ കമ്പനിയായ ട്രെൻ്റിനെ ഔട്പെർഫോം എന്നു റേറ്റ് ചെയ്ത ബേൺസ്റ്റൈൻ പക്ഷേ ഓഹരിയുടെ ലക്ഷ്യവില 5000 രൂപയിൽ നിന്ന് 3500 രൂപയായി താഴ്ത്തി.

അംബുജ സിമൻ്റ്സിന് 542 രൂപയിൽ നിന്നു 486 രൂപയിലേക്ക് ലക്ഷ്യവില താഴ്ത്തിയ ബേൺസ്റ്റൈൻ ഓഹരിക്കു വാങ്ങൽ ശിപാർശ നൽകി.

കോൾ ഇന്ത്യ ഓഹരിക്കു വാങ്ങൽ ശിപാർശ നൽകിയ യുബിഎസ് ലക്ഷ്യവില 550 രൂപയാക്കി.

രൂപ ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ 27 പൈസ കുറഞ്ഞ് 94.98 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ 94.93 രൂപ വരെ താഴ്ന്നു.

സ്വർണം ലോക വിപണിയിൽ ഔൺസിന് 4070 ഡോളറിലേക്കു കയറി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 1680 രൂപ വർധിച്ച് 1,06,000 രൂപ ആയി.

ക്രൂഡ് ഓയിൽ വില കുറഞ്ഞു. ബ്രെൻ്റ് ഇനം 70.84 ഡോളറിലും ഡബ്ള്യുടിഐ ഇനം 67.83 ഡോളറിലും എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT