യുഎസ് ഫ്യൂച്ചേഴ്സിൻ്റെ ചുവടു പിടിച്ച് മികച്ച നേട്ടത്തോടെ ഇന്ത്യൻ വിപണി ഓഗസ്റ്റിലെ ആദ്യവ്യാപാര ദിനം തുടങ്ങി. നിഫ്റ്റിയും സെൻസെക്സും തുടക്കത്തിലെ നേട്ടം നിലനിർത്തി. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളും ബാങ്ക് നിഫ്റ്റിയും കുതിച്ചു.
മീഡിയ, ഫാർമ, ഹെൽത്ത് കെയർ എന്നിവ ഒഴികെ എല്ലാ മേഖലകളും രാവിലെ ഉയർന്നു.
ജൂലൈയിലെ വാഹന വില്പന മികച്ച വളർച്ച കാഴ്ചവച്ചത് ടാറ്റാ മോട്ടോഴ്സ് പിവി, അശോക് ലെയ്ലൻഡ്, ഐഷർ മോട്ടോഴ്സ് എന്നിവയെ മൂന്നു ശതമാനത്തിലധികം ഉയർത്തി. മാരുതി സുസുകി രണ്ടു ശതമാനം താഴ്ന്നു.
ലാഭം 24.6 ശതമാനം വർധിച്ചെങ്കിലും അറ്റ പലിശ മാർജിൻ താഴ്ന്നതിനെ തുടർന്ന് മുത്തൂറ്റ് ഫിനാൻസ് ഓഹരി 12 ശതമാനം വരെ ഇടിഞ്ഞു.
സീ എൻ്റർടെയ്ൻമെൻ്റ് പ്രൊമോട്ടർ സുഭാഷ് ചന്ദ്രയെയും സിഇഒ പുനീത് ഗോയങ്കയെയും മൂലധന വിപണിയിൽ നിന്ന് ഒരു വർഷത്തേക്കു വിലക്കി. സെബിയുടെ നടപടി മൂലധന സമാഹരണത്തിനുള്ള കമ്പനിയുടെ ശ്രമത്തിനു തടസമാകും. 3144 കോടി രൂപ സമാഹരിക്കാനാണു കമ്പനി ലക്ഷ്യമിടുന്നത്. ഓഹരി 13 ശതമാനം വരെ ഇടിഞ്ഞു.
ജൂൺ പാദ റിസൽട്ടിനെ തുടർന്ന് ഐടിസി ഓഹരി നാലു ശതമാനം കയറി.
ഒന്നാം പാദത്തിൽ ലാഭത്തിൽ നിന്നു ഗണ്യമായ നഷ്ടത്തിലേക്കു മാറിയെങ്കിലും വില്പന 79 ശതമാനവും വരുമാനം 44 ശതമാനവും വർധിപിച്ചത് അർബൻ കമ്പനി ഓഹരിയെ 16 ശതമാനം നേട്ടത്തിൽ എത്തിച്ചു.
രൂപ ഇന്നും വലിയ നേട്ടത്തോടെ തുടങ്ങി. ഡോളർ 24 പൈസ കുറഞ്ഞ് 95.14 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ 95.12 രൂപ വരെ താഴ്ന്നു. റിസർവ് ബാങ്ക് പലിശ ബാധ്യത വഹിക്കുന്ന എഫ്സിഎൻആർ (ബി) നിക്ഷേപ പദ്ധതിയിൽ ഉദ്ദേശിച്ചതിലും കൂടുതൽ തുക കിട്ടും എന്നു വന്നതാണു രൂപയെ ബലപ്പെടുത്തുന്നത്.
സ്വർണം ലോകവിപണിയിൽ ഔൺസിന് 4068 ഡോളറിലേക്കു കയറി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് വിലമാറ്റമില്ലാതെ 1,05,760 രൂപ തുടരുന്നു.
ക്രൂഡ് ഓയിൽ വില വീണ്ടു താഴ്ന്നു. ബ്രെൻ്റ് ഇനം 83.48 ഡോളറിലും ഡബ്ള്യുടിഐ ഇനം 79.82 ഡോളറിലും എത്തി.
Read DhanamOnline in English
Subscribe to Dhanam Magazine