Image courtesy: Canva
Markets

വിപണി വീണ്ടും മുന്നേറുന്നു, സെൻസെക്സ് 78,000 നു മുകളിൽ; ഐടി ഓഹരികൾ നേട്ടത്തില്‍, പൊതു മേഖല ബാങ്കുകൾ താഴ്ചയില്‍

രൂപ ഇന്നും നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ 19 പൈസ കുറഞ്ഞ് 95.20 രൂപയിൽ ഓപ്പൺ ചെയ്തു

T C Mathew

ഇന്ത്യൻ വിപണി മുന്നേറ്റം തുടരുകയാണ്. ഏഷ്യൻ വിപണികളുടയും യുഎസ് ഫ്യൂച്ചേഴ്സിൻ്റെയും കയറ്റം ഇവിടെ ആവേശമായി. എന്നാൽ തുടക്കത്തിലെ ആവേശം നിലനിന്നില്ല. 78,150നു മുകളില്‍ ഓപ്പൺ ചെയ്ത സെൻസെക്സ് പിന്നീട് കുറേ സമയം 78,000 നു താഴെ നീങ്ങിയിട്ടാണു തിരിച്ചു കയറിയത്. നിഫ്റ്റിയും തുടക്കത്തിലെ നിലയിൽ നിന്നു താഴ്ന്നു.

ഐടി, മെറ്റൽ, ഫാർമ, ഹെൽത്ത് കെയർ, റിയൽറ്റി മേഖലകൾ ഇന്നു മികച്ച നേട്ടമുണ്ടാക്കി. പൊതു മേഖല ബാങ്കുകൾ താഴ്ചയിലായി.

ഐടി ഓഹരികൾ ഇന്നും നല്ല മുന്നേറ്റം നടത്തി. ഈ പാദമോ അടുത്ത പാദമോ മുതൽ ഐടി കമ്പനികളുടെ വരുമാനം വർധിക്കുമെന്നും വിദേശ നിക്ഷേപകർ വീണ്ടും വാങ്ങലുകാരായി വരുമെന്നും വിപണി പ്രവർത്തകർ കരുതുന്നു. ഈ വർഷം ഇതുവരെ 26 ശതമാനം ഇടിവാണ് ഐടിക്കു സംഭവിച്ചിട്ടുള്ളത്. ഐടി സൂചിക രാവിലെ 1.8 ശതമാനം വരെ ഉയർന്നു.

എച്ച്സിഎൽ ടെക് യൂറോപ്പിലെ ഒരു ഫൊർച്യൂൺ ഗ്ലോബൽ 50 കമ്പനിയിൽ നിന്ന് 114 കോടി ഡോളറിൻ്റെ കരാർ നേടി. അഞ്ചു വർഷ കരാർ ആ കമ്പനിയെ എഐ സംവിധാനത്തിലേക്കു മാറ്റിയെടുക്കാനുള്ളതാണ്. തുടർന്ന് ഉഭയസമ്മതപ്രകാരം അഞ്ചു വർഷം കൂടി കരാർ നീട്ടാനാകും. എച്ച്സിഎൽ അഞ്ചു ശതമാനത്തിലധികം ഉയർന്നു.

ഒന്നാം പാദ ബിസിനസ് പ്രതീക്ഷയിലും മോശമായതിനെ തുടർന്ന് ഡി മാർട്ട് റീട്ടെയിൽ ശൃംഖല നടത്തുന്ന അവന്യു സൂപ്പർ മാർട്ട് ഓഹരി നാലു ശതമാനം ഇടിഞ്ഞു. ജൂൺ പാദ വിറ്റുവരവിലെ വർധന 15.1 ശതമാനം മാത്രമാണ്.

പേയ്ടി എമ്മിന് ലക്സംബൂർഗിൽ പേമെൻ്റ് ഇൻസ്റ്റിറ്റ്യൂഷൻ ലൈസൻസ് ലഭിച്ചു. ഓഹരിവില ആദ്യം ഉയർന്നിട്ടു താഴ്ചയിലായി.

കമ്പനിയുടെ 2.5 ശതമാനം ഓഹരികൾ ബ്ലോക്ക് ഇടപാടിൽ കൈമാറ്റം ചെയ്യപ്പെട്ടതിനെ തുടർന്ന് പിബി ഫിൻടെക് ഓഹരി എട്ടു ശതമാനം ഇടിഞ്ഞു.

സ്വർണത്തിൻ്റെ വില കുതിച്ചു കയറിയതിനെ തുടർന്ന് മുത്തൂറ്റ് ഫിനാൻസും മണപ്പുറം ഫിനാൻസും നാലു ശതമാനത്തിലധികം കുതിച്ചു. സ്വർണം, വെള്ളി ഇടിഎഫുകൾ ഇന്നു മൂന്നു ശതമാനം വരെ കയറി.

മാരികോയ്ക്ക് 1000 രൂപ ലക്ഷ്യവില നിശ്ചയിച്ച എച്ച്എസ്ബിസി വാങ്ങൽ ശിപാർശ നൽകി. ഓഹരി രണ്ടു ശതമാനം താഴ്‌ന്നു.

ഒന്നാം പാദ ബിസിനസ് കണക്കുകൾ പ്രതീക്ഷയിലും മോശമായതിനെ തുടർന്ന് യൂണിയൻ ബാങ്ക് ആറു ശതമാനത്തിലധികം ഇടിഞ്ഞു. പഞ്ചാബ് നാഷണൽ ബാങ്കും സിഎസ്ബി ബാങ്കും ഒരു ശതമാനത്തിലധികം താഴ്ന്നു.

രൂപ ഇന്നും നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ 19 പൈസ കുറഞ്ഞ് 95.20 രൂപയിൽ ഓപ്പൺ ചെയ്തു. 95.18 രൂപ വരെ താഴ്ന്ന ഡോളർ പിന്നെ 95.32 രൂപ വരെ കയറി.

സ്വർണം ലോക വിപണിയിൽ ഔൺസിന് 4082 ഡോളറിലേക്കു കയറി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 1800 രൂപ വർധിച്ച് 1,07,800 രൂപ ആയി.

ക്രൂഡ് ഓയിൽ വില അല്പം കൂടി. ബ്രെൻ്റ് ഇനം 72.2 2 ഡോളറിലും ഡബ്ള്യുടിഐ ഇനം 68.99 ഡോളറിലും എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT