വിപണി ഇന്ന് ആവേശത്തുടക്കത്തിനു ശേഷം വലിയ കുതിപ്പിലേക്കു നീങ്ങി. ബിജെപി പശ്ചിമ ബംഗാൾ ഭരണം പിടിക്കുകയും തമിഴ്‌നാട്ടിലെ കിംഗ്‌മേക്കർ ആകാൻ വഴി തെളിയുകയും ചെയ്തതു വിപണിയെ ഉയർത്തുന്നതിൽ വലിയ പങ്ക് വഹിച്ചു. പശ്ചിമേഷ്യയിൽ നയതന്ത്ര നീക്കങ്ങൾ തുടരുന്നത് സമാധാന പ്രതീക്ഷ വളർത്തുന്നുണ്ട്.
നിഫ്റ്റി രാവിലെ 24,290 ഉം സെൻസെക്സ് 77,910 ഉം വരെ ഉയർന്ന ശേഷം അൽപം താഴ്ന്നു. ഐടിയും മീഡിയയും ഒഴികെ എല്ലാ മേഖലകളും നല്ല നേട്ടം ഉണ്ടാക്കി.
എജിആർ കുടിശികയിൽ ഗണ്യമായ ഇളവ് കിട്ടിയ വോഡഫോൺ ഐഡിയ ഓഹരി അഞ്ചു ശതമാനം നേട്ടം ഉണ്ടാക്കി.
വരുമാനവും ലാഭമാർജിനും ഗണ്യമായി വർധിപ്പിച്ച് നഷ്‌ടത്തിൽ നിന്നു ലാഭത്തിലേക്കു കയറിയ ഐഡിയ ഫോർജ് ടെക്‌നോളജിയുടെ ഓഹരി വില 17 ശതമാനം കുതിച്ചു.
പ്രതീക്ഷയിലും മോശമായ റിസൽട്ടിനെ തുടർന്ന് സെൻ ടെക്നോളജീസ് ലിമിറ്റഡ് ഓഹരി 12 ശതമാനം വരെ ഇടിഞ്ഞു.
ഏപ്രിലിൽ വാഹന വില്പന 30 ശതമാനത്തിലധികം വർധിച്ചതിനെ തുടർന്ന് മാരുതി സുസുകി ഓഹരി നാലു ശതമാനം വരെ ഉയർന്നു. വിലപനയുടെ മികവിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര രണ്ടര ശതമാനം നേട്ടത്തിലായി. റോയൽ എൻഫീൽഡ് വിൽപന 31 ശതമാനം ഉയർന്നത് ഐഷർ ഓഹരിയെ രണ്ടര ശതമാനം ഉയർത്തി. മൊത്തം വില്പന വളർച്ച ഹീറോ മോട്ടോകോർപിനെ മൂന്നു ശതമാനം നേട്ടത്തിലാക്കി. വില്പന വളർച്ചയെ തുടർന്ന് ബജാജ് ഓട്ടോ നാലു ശതമാനം ഉയർന്നു.
കഴിഞ്ഞ ദിവസം മികച്ച റിസൽട്ട് പുറത്തുവിട്ട ലോറസ് ലാബ്സ് നാലു ശതമാനം കയറി.
രൂപ ഇന്നും താഴ്ന്നാണു വ്യാപാരം തുടങ്ങിയത്. ഡോളർ നാലു പൈസ കൂടി 94.95 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീടു ഡോളർ 94.84 രൂപയിലേക്കു താഴ്ന്നു. അതിനു ശേഷംചാഞ്ചാടി.
സ്വർണം ലോക വിപണിയിൽ 4606 ഡോളറിൽ ആയി. കേരളത്തിൽ 22 കാരറ്റ് പവൻ വിലമാറ്റമില്ലാതെ 1,10,680 രൂപയിൽ തുടരുന്നു.
ക്രൂഡ് ഓയിൽ വില ഉയർന്ന ശേഷം താഴോട്ടു നീങ്ങുകയാണ്. ബ്രെൻ്റ് ഇനം 107.88 ഡോളറിലും ഡബ്ള്യുടിഐ ഇനം 101. 24 ഡോളറിലും നീങ്ങുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine