Markets

സംഘർഷം വർധിച്ചില്ല; വിപണി നഷ്ടം കുറച്ചു, ബാങ്ക്, ധനകാര്യ, റിയൽറ്റി ഓഹരികള്‍ നഷ്ടത്തില്‍; രൂപ ഇടിവിൽ

രാവിലെ സെൻസെക്സ് 76,745 വരെയും നിഫ്റ്റി 23,949 വരെയും ഇടിഞ്ഞ ശേഷം കുറേ കയറി

T C Mathew

പശ്ചിമേഷ്യന്‍ സാഹചര്യങ്ങള്‍ മോശമാകാതെ നിന്നത് ഇന്ത്യന്‍ വിപണിയില്‍ അല്‍പം ആശ്വാസം പകര്‍ന്നു. വിപണി രാവിലെ നഷ്ടം കുറച്ചു. രാവിലെ സെൻസെക്സ് 76,745 വരെയും നിഫ്റ്റി 23,949 വരെയും ഇടിഞ്ഞ ശേഷം കുറേ കയറി. വ്യാപാരം ഒരു മണിക്കൂർ പിന്നിടുമ്പോൾ നിഫ്റ്റി 24,040 നും സെൻസെക്സ് 77,060 നും മുകളിലാണ്. അതേ സമയം രൂപ ഇടിവ് തുടർന്നു.

ബാങ്ക്, ധനകാര്യ, റിയൽറ്റി മേഖലകൾ രാവിലെ കൂടുതൽ താഴ്ന്നു. ഐടിയും മീഡിയയും ഉയർന്നു.

ടാറ്റാ ടെക്നോളജി വരുമാനം 22 ശതമാനം വർധിപ്പിച്ചപ്പോൾ അറ്റാദായം എട്ടു ശതമാനം ഉയർത്തി. ഗോൾഡ്മാൻ സാക്സ് ഓഹരി ലക്ഷ്യവില താഴ്ത്തി 470 രൂപയാക്കി. മറ്റു ചിലർ 700 നു മുകളിലേക്ക് ലക്ഷ്യവില ഉയർത്തി. ഓഹരി രാവിലെ 7.5 ശതമാനം ഉയർന്ന് 635 രൂപ വരെ എത്തി.

ഭാരത് ഹെവി ഇലക്ട്രിക്കൽസ് (ഭെൽ) നാലാം പാദത്തിൽ വരുമാനം 37 ശതമാനം കൂട്ടിയപ്പോൾ അറ്റാദായം 156 ശതമാനം കുതിച്ചു. ലാഭമാർജിൻ 14.2 ശതമാനമായി കൂടി. ഓഹരി മൂന്നു ശതമാനത്തോളം കയറി. മോർഗൻ സ്റ്റാൻലി ഓഹരിക്കു 444 രൂപ ലക്ഷ്യവില നിർണയിച്ചു.

മികച്ച നാലാം പാദ റിസൽട്ടിനെ തുടർന്ന് റിയൽറ്റി കമ്പനി ശോഭയുടെ ഓഹരി ഏഴു ശതമാനം കുതിച്ചു.

നാലാം പാദ വരുമാനം രണ്ടു ശതമാനം കൂടിയപ്പോൾ ക്വെസ് കോർപ്പറേഷൻ്റെ പ്രവർത്തനലാഭം 19 ശതമാനം ഉയർന്നു. അറ്റാദായം 10 ശതമാനം വർധിച്ചു. ഓഹരി എട്ടു ശതമാനം വരെ ഉയർന്നു.

വരുമാനം 30 ശതമാനം വർധിപ്പിച്ചപ്പോൾ ഔഷധകമ്പനി വൊക്കാർട്ട് ലിമിറ്റഡ് 77 കോടി നഷ്ടത്തിൽ നിന്ന് 199 കോടി അറ്റാദായത്തിലേക്കു കയറി. ഓഹരി ഒൻപതു ശതമാനം കുതിച്ചു.

മണപ്പുറം ഫിനാൻസിന് വിദേശ ബ്രോക്കറേജ് ജെഫറീസ് 360 രൂപ ലക്ഷ്യവില നിർണയിച്ചു വാങ്ങൽ ശിപാർശ നൽകി. കമ്പനി നാലാം പാദത്തിൽ 400 കോടി രൂപ അറ്റാദായം ഉണ്ടാക്കി. മോർഗൻ സ്റ്റാൻലി 270 രൂപയും സിഎൽഎസ്എ 305 രൂപയും ലക്ഷ്യവില നിശ്ചയിച്ചു.

രൂപ ഇന്നു റെക്കോർഡ് താഴ്ചയിലാണു വ്യാപാരം തുടങ്ങിയത്. ഡോളർ 22 പൈസ കൂടി 95.31 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീടു ഡോളർ 95.40 രൂപ എന്ന പുതിയ റെക്കോർഡിൽ എത്തി.

സ്വർണം ലോക വിപണിയിൽ ഔൺസിന് 453 1 ഡോളർ ആയി. കേരളത്തിൽ 22 കാരറ്റ് പവന് 320 രൂപ കുറഞ്ഞ് 1,09,400 രൂപയിൽ എത്തി.

ക്രൂഡ് ഓയിൽ വില രാവിലെ 1.5 ശതമാനത്തോളം താഴ്ന്നു. ബ്രെൻ്റ് ഇനം 113.14 ഡോളറിലും ഡബ്ള്യുടിഐ ഇനം 104.32 ഡോളറിലും നീങ്ങുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT