Markets

വിപണി താഴ്ചയിൽ, സ്വകാര്യ ബാങ്കുകൾക്കു ക്ഷീണം, മുന്നേറ്റവുമായി ആർവിഎൻഎല്ലും കൊച്ചിൻ ഷിപ്പ്‌യാർഡും

ധനകാര്യ, ഓട്ടോ, റിയൽറ്റി മേഖലകളും ഇന്നു നഷ്‌ടത്തിലായി

T C Mathew

ഇന്ത്യൻ വിപണി താഴ്‌ന്നു തുടങ്ങി താഴ്‌ന്ന നിലയിൽ കയറിയിറങ്ങുന്നു. നിഫ്റ്റി 24,587- 24,700 പരിധിയിലും സെൻസെക്സ് 79,443- 79,753 പരിധിയിലും ചാഞ്ചാടുന്നു.

മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഇന്നു നേട്ടത്തിലാണ്. പ്രമുഖ സ്വകാര്യ ബാങ്കുകൾ (ഐസിഐസിഐ, എച്ച്ഡിഎഫ്സി, ആക്സിസ്) ഇടിഞ്ഞതിനെ തുടർന്ന് ബാങ്ക് നിഫ്റ്റി താഴ്‌ന്നു. ധനകാര്യ, ഓട്ടോ, റിയൽറ്റി മേഖലകളും ഇന്നു നഷ്‌ടത്തിലായി.

ഇർകോൺ ഇൻ്റർനാഷണലിനെ റെയിൽ വികാസ് നിഗമും (ആർവിഎൻഎൽ) ആയി ലയിപ്പിക്കാൻ റെയിൽവേ മന്ത്രാലയം നീക്കം തുടങ്ങിയതായി റിപ്പോർട്ട്. ഒരേ മേഖലയിൽ രണ്ടു പൊതുമേഖലാ കമ്പനികൾ വേണ്ട എന്ന നിലപാടിലാണിത്. ഇർകോൺ എട്ടും ആർവിഎൻഎൽ ഏഴും ശതമാനം കുതിച്ചു.

മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ഒൻപതു ശതമാനവും കൊച്ചിൻ ഷിപ്പ് യാർഡും ഗാർഡൻ റീച്ചും നാലു ശതമാനം വീതവും ഉയർന്നു. ആൻ്റിക് അനാലിസ്റ്റുകൾ മസഗോൺ ഓഹരിക്ക് 3407 രൂപ ലക്ഷ്യവില നിലനിർത്തി. 70,000 കോടി രൂപയുടെ മൂന്ന് അന്തർവാഹിനികൾ നിർമിക്കാനുള്ള കരാർ മസഗോണിന് ഉടനേ കിട്ടും എന്നാണു നിഗമനം.

മൂന്നാം പാദ വരുമാനം 21 ശതമാനവും അറ്റാദായം 11 ശതമാനവും വർധിപ്പിച്ച ഫ്രാക്റ്റൽ അനലിറ്റിക്സ് ഓഹരി രാവിലെ ഏഴു ശതമാനം ഉയർന്നു.

വിമാനങ്ങളിൽ വേണ്ട ആന്റിനകൾക്കും പവർ സിസ്റ്റങ്ങൾക്കുമായി 68 കോടി രൂപയുടെ കരാർ ഹിന്ദുസ്ഥാൻ ഏറനോട്ടിക്സിൽ നിന്ന് ഡിസിഎക്സ് സിസ്റ്റംസിനു ലഭിച്ചു. ഓഹരി രാവിലെ 10 ശതമാനം കുതിച്ചു. ഓഹരി ഇന്നലെ നാലു ശതമാനം കയറിയതാണ്.

വിദേശ ബ്രോക്കറേജ് ജെഫറീസ് നവീൻ ഫ്ലോറിൻ ഓഹരിക്ക് 7800 രൂപ ലക്ഷ്യവില നിശ്ചയിച്ചു വാങ്ങൽ ശിപാർശ നൽകി. ഓഹരി ഒന്നര ശതമാനം ഉയർന്ന് 6590 രൂപ വരെ എത്തി.

ശ്രീറാം ഫിനാൻസിന് ജെഫറീസ് 1220 രൂപ ലക്ഷ്യവില നിർണയിച്ചു. ഓഹരി രാവിലെ ഒരു ശതമാനം ഉയർന്ന് 1050 രൂപയായി.

രൂപ ഇന്നു ദുർബലമായി. ഡോളർ അഞ്ചു പൈസ കൂടി 91.65 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 91.60 രൂപയിലേക്കു താഴ്ന്നിട്ടു വീണ്ടും കയറി.

സ്വർണം ലോക വിപണിയിൽ രാവിലെ 1.2 ശതമാനം ഉയർന്ന് ഔൺസിന് 5133 ഡോളറിൽ എത്തി. വെള്ളി 84.33 ഡോളറിലേക്കു കയറി. സ്വർണം, വെള്ളി ഇടിഎഫുകൾ ഇന്നു നല്ല നേട്ടം ഉണ്ടാക്കി.

കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 560 രൂപ കുറഞ്ഞ് 1,18,880 രൂപ ആയി.

എംസിഎക്സിൽ 24 കാരറ്റ് സ്വർണം 10 ഗ്രാമിന് 1,61,250 രൂപവരെ കയറി. വെള്ളി കിലോഗ്രാം 2,67,600 രൂപയിലേക്ക് ഉയർന്നു.

ക്രൂഡ് ഓയിൽ രാവിലെ താഴുകയാണ്. ബ്രെൻ്റ് ഇനം ബാരലിന് 84.40 ഡോളറിൽ എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT