ആഗോള പ്രവണതകൾ തള്ളിക്കളഞ്ഞ് ഇന്ത്യൻ വിപണി ഇന്നു രാവിലെ കയറ്റത്തിലായി. തുടക്കത്തിൽ താഴ്ന്ന വിപണി വിദേശ നിക്ഷേപകർ വാങ്ങൽ തുടർന്നതോടെയാണു മികച്ച മുന്നേറ്റത്തിലേക്കു മാറിയത്. ഞായറാഴ്ച മുഹൂർത്ത വ്യാപാരം ആവേശത്തോടെ നടത്താനുള്ള ഉത്സാഹത്തിലാണു വിപണി. സെൻസെക്സ് 80,000 ലക്ഷ്യമിട്ടാണു നീങ്ങുന്നത്.
രാവിലെ സെൻസെക്സ് നേട്ടത്തിൽ തുടങ്ങിയിട്ട് ഇടയ്ക്ക് 79,016 വരെ താഴ്ന്നു. പിന്നീട് 79,960 വരെ കുതിച്ചിട്ട് അൽപം താഴ്ന്നു.
നഷ്ടത്തിൽ തുടങ്ങിയ നിഫ്റ്റി 24,388 വരെ ഇടിഞ്ഞിട്ടു തിരിച്ചുകയറി 24,674 വരെ എത്തി. പിന്നീട് അല്പം താഴ്ന്നു.
ബാങ്ക് നിഫ്റ്റി 57,320 വരെ ഇടിഞ്ഞ ശേഷം ഒരു ശതമാനം കുതിച്ച് 57,952 വരെ കയറി.
രാവിലെ രണ്ടു ശതമാനം വീതം ഇടിഞ്ഞ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ നഷ്ടം ഒരു ശതമാനമായി കുറച്ചു.
ബെർജർ പെയിൻ്റ്സിന് വരുമാനം 13 ശതമാനം കൂടിയപ്പോൾ അറ്റാദായ വളർച്ച അഞ്ചു ശതമാനം മാത്രം. ലാഭമാർജിൻ കുറഞ്ഞതു ക്രൂഡ് ഓയിൽ വിലയിലെ കയറ്റം മൂലമാണ്. കമ്പനി ഈ മാസം പെയിൻ്റ് വില കൂട്ടും. ഓഹരി 5.5 ശതമാനം ഇടിഞ്ഞു.
രണ്ടാം പാദത്തിൽ മികച്ച വളർച്ചയും ലാഭമാർജിൻ വളർച്ചയും നേടിയ ടൈറ്റൻ ഓഹരി മൂന്നു ശതമാനം കയറി.
അമേരിക്കൻ വിപണിയിൽ എഐ കമ്പനികൾക്കു വലിയ ക്ഷീണം നേരിട്ടത് ഇന്ത്യയിലെ ഐടി സേവന കമ്പനികൾക്കു നേട്ടമാണെന്ന വിലയിരുത്തലിലാണു വിപണി. പ്രധാന ഐടി കമ്പനികൾ രാവിലെ രണ്ടു ശതമാനത്തോളം ഉയർന്നു. എംഫസിസ് അഞ്ചു ശതമാനം കയറി.
എൽഐസിയുടെ പ്രീമിയം വരുമാനവും അറ്റാദായവും രണ്ടാം പാദത്തിൽ വാർഷികാടിസ്ഥാനത്തിൽ ഗണ്യമായി വർധിച്ചു. എന്നാൽ അറ്റാദായം തലേ പാദത്തെ അപേക്ഷിച്ചു കുറവാണ്. ഓഹരി മൂന്നു ശതമാനം വരെ താഴ്ന്നു .
ഗ്രോ (ബില്യൻ ബ്രെയിൻസ്) യുടെ 2.8 ശതമാനം ഓഹരി ബൾക്ക് ഇടപാടി കൈമാറ്റം ചെയ്തു. ഓഹരി 5.5 ശതമാനം താഴ്ന്നു.
വി 2 റീട്ടെയിലിൻ്റെ 1.61 കോടി ഓഹരി ആദിത്യ ഹലാസിയയും അനന്ത ക്യാപിറ്റലും ചേർന്നു വാങ്ങി. ഓഹരി എട്ടു ശതമാനം കുതിച്ചു.
ബ്രിട്ടാനിയ റിസൽട്ട് പ്രതീക്ഷയിലും മെച്ചമായി. ഓഹരി രണ്ടു ശതമാനം കയറിയിട്ട് 1.5 ശതമാനം ഇടിവിലായി.
രണ്ടാം പാദത്തിൽ തെർമാക്സ് റിസൽട്ട് പ്രതീക്ഷയോളം വന്നില്ല. ലാഭമാർജിൻ കുറഞ്ഞു, ലാഭം താഴ്ന്നു. പുതിയ ഓർഡറുകൾ കുറവായി. ഓഹരി 13.5 ശതമാനം ഇടിഞ്ഞു.
രൂപ ഇന്നു നേരിയ നഷ്ടത്തോടെ വ്യാപാരം തുടങ്ങിയിട്ടു നേട്ടത്തിലായി. ഡോളർ രണ്ടു പൈസ കൂടി 94.49 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീടു ഡോളർ 94.34 രൂപയിലേക്കു താഴ്ന്നു.
ലോക വിപണിയിൽ സ്വർണം താഴുകയാണ്. രാവിലെ സ്വർണം ഒരു ശതമാനത്തിലധികം ഇടിഞ്ഞ് 4039 ഡോളറിൽ എത്തി. കേരളത്തിൽ 22 കാരറ്റ് സ്വർണം വിലമാറ്റം ഇല്ലാതെ 1,07,080 രൂപയിൽ തുടർന്നു.
ക്രൂഡ് ഓയിൽ വില രണ്ടു ശതമാനം കയറി 100 ഡോളറിനു മുകളിൽ എത്തി. ബ്രെൻ്റ് ഇനം 100.58 ഡോളറും ഡബ്ള്യുടിഐ ഇനം 91.88 ഡോളറും വരെ കയറി.
Read DhanamOnline in English
Subscribe to Dhanam Magazine