Demat account  Image : Canva
Markets

വിപണി ചാഞ്ചാട്ടത്തിൽ, റിയൽറ്റി, എഫ്എംസിജി, ഐടി ഓഹരികള്‍ ഇടിവില്‍; രൂപയും താഴോട്ട്

ആദ്യ മണിക്കൂറിൽ നിഫ്റ്റി 24,300 -24,423 നിടയിലും സെൻസെക്സ് 77,798 - 78,339 നിടയിലും കയറിയിറങ്ങി

T C Mathew

ഇന്ത്യൻ വിപണി ഇന്നു രാവിലെ ചാഞ്ചാട്ടത്തിലാണ്. പശ്ചിമേഷ്യൻ സാഹചര്യം സംബന്ധിച്ച അനിശ്ചിതത്വം ആണു കാരണം. രാവിലെ ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങിയിട്ട് നഷ്ടത്തിലേക്കു മാറി. പിന്നീടു കയറ്റവും ഇറക്കവും ആയി. രാവിലെ ആദ്യ മണിക്കൂറിൽ നിഫ്റ്റി 24,300 -24,423 നിടയിലും സെൻസെക്സ് 77,798 - 78,339 നിടയിലും കയറിയിറങ്ങി.

റിയൽറ്റി, എഫ്എംസിജി, ഐടി, കൺസ്യൂമർ ഡ്യുറബിൾസ്, ഓയിൽ, പൊതുമേഖലാ ബാങ്ക് മേഖലകൾ രാവിലെ ഇടിവിലായി. വാഹനങ്ങളും മെറ്റലും ധനകാര്യ മേഖലയും കയറി. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ തുടക്കം മുതൽ നേട്ടത്തിലാണ്.

പേയ്ടി എം നഷ്ടത്തിൽ നിന്നു ലാഭത്തിലേക്കു മാറിയപ്പോൾ ഓഹരി ഏഴു ശതമാനം കുതിച്ചു.

പിബി ഫിൻടെക്കിൻ്റെ മികച്ച നാലാം പാദ റിസൽട്ടിനെ തുടർന്ന് എച്ച്എസ്ബിസി ഓഹരിയുടെ ലക്ഷ്യവില 2100 രൂപയാക്കി. ഓഹരി രാവിലെ രണ്ടു ശതമാനം താഴ്ന്നു.

പോളിക്യാബിൻ്റെ ലക്ഷ്യവില എച്ച്എസ്ബിസി 9500 രൂപയിലേക്ക് ഉയർത്തി. നേരത്തേ 8500 രൂപയായിരുന്നു. ഓഹരി അഞ്ചു ശതമാനം കയറി.

സിജി പവറിനു നൊമുറ 920 രൂപ ലക്ഷ്യവില നിർണയിച്ചു. ഓഹരി മൂന്നു ശതമാനം ഉയർന്നു.

ഫസ്റ്റ് സോഴ്‌സിനു നൊമുറ 330 രൂപ ലക്ഷ്യവില നിശ്ചയിച്ചു. ഓഹരി രണ്ടു ശതമാനത്തിലധികം താഴ്ന്നു.

മികച്ച റിസൽട്ടിനെ തുടർന്നു മീഷോയുടെ ഓഹരി എട്ടു ശതമാനം കുതിച്ചു. പിന്നീടു നേട്ടം കുറഞ്ഞു.

മികച്ച റിസൽട്ടിനെ തുടർന്നു ബജാജ് ഓട്ടോ ഓഹരി മൂന്നു ശതമാനത്തിലധികം കുതിച്ചു. കമ്പനി ഓഹരി തിരിച്ചുവാങ്ങൽ പ്രഖ്യാപിച്ചിട്ടുണ്ട്.

മൂന്ന് ഓഹരിക്ക് ഒന്നുവീതം ബോണസ് ഓഹരി നൽകുമെന്നു പ്രഖ്യാപിച്ച ബ്രിഗേഡ് എൻ്റർപ്രൈസസ് ഓഹരി നാലു ശതമാനത്തോളം ഇടിഞ്ഞു. ബോണസ് അനുപാതം പ്രതീക്ഷയിലും കുറവായി.

കൻസായ് നെരോലാക് നാലാം പാദത്തിൽ വരുമാനം 7.6 ശതമാനം വർധിപ്പിച്ചപ്പോൾ പ്രവർത്തന ലാഭം 30.6 ശതമാനം കുതിച്ചു. ഓഹരി പത്തു ശതമാനം കയറിയിട്ട് നേട്ടം അൽപം കുറച്ചു.

വയറിംഗ് കേബിളുകളും മറ്റും നിർമിക്കുന്ന കെഇഐ ഇൻഡസ്ട്രീസിൻ്റെ ഓഫീസുകളിൽ ആദായനികുതി വകുപ്പ് രാവിലെ പരിശോധന ആരംഭിച്ചു. ഓഹരി മൂന്നു ശതമാനം താഴ്ന്നു.

രൂപ ഇന്നു രാവിലെ അൽപം താഴ്ന്നു. ഡോളർ 13 പൈസ കൂടി 94.74 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീടു 94.71 രൂപയിൽ എത്തിയിട്ടു ഡോളർ 94.83 രൂപയിലേക്കു കയറി.

സ്വർണം ലോക വിപണിയിൽ 4703 ഡോളറിലാണ്. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 240 രൂപ വർധിച്ച് 1,11,800 രൂപയായി.

ക്രൂഡ് ഓയിൽ വില രാവിലെ ചാഞ്ചാടുകയാണ്. ബ്രെൻ്റ് ഇനം ക്രൂഡ് 102.17 ഡോളറിലേക്കു കയറിയിട്ടു 101.85 ഡോളറിലേക്കു താഴ്ന്നു. ഡബ്ള്യുടിഐ ഇനം 95.55 ഡോളർ ആയി താണു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT