Markets

വെടിനിർത്തലിൽ ആശങ്ക; വിപണി താഴോട്ട്, ബാങ്ക്, ഫിനാൻസ്, ഓട്ടോ ഓഹരികള്‍ ഇടിവില്‍, ക്രൂഡ് കയറുന്നു

മെറ്റലും ഫാർമയും ഹെൽത്ത് കെയറും ഒഴികെ എല്ലാ മേഖലകളും രാവിലെ നഷ്‌ടത്തിലാണ്

T C Mathew

വെടിനിർത്തൽ കരാർ പാലിച്ചില്ലെന്ന് ഇറാനും അമേരിക്കയും പരസ്പരം ആരോപിച്ചതോടെ ഓഹരി വിപണികൾ താഴ്ചയിലായി. ക്രൂഡ് ഓയിൽ ഉയർന്നു.

ഇന്ത്യൻ വിപണി രാവിലെ അര ശതമാനം താഴ്ന്നു വ്യാപാരം തുടങ്ങിയിട്ട് നേട്ടത്തിലേക്കു നീങ്ങുന്നതായ പ്രതീതി ഉണ്ടാക്കി. പക്ഷേ അതു നിലനിർത്താൻ കഴിഞ്ഞില്ല. വീണ്ടും താഴ്ന്ന് ഒരു ശതമാനത്തിലധികം ഇടിഞ്ഞു. സെൻസെക്സ് 76,800 നും നിഫ്റ്റി 23,800 നും താഴെയായി.

മെറ്റലും ഫാർമയും ഹെൽത്ത് കെയറും ഒഴികെ എല്ലാ മേഖലകളും രാവിലെ നഷ്‌ടത്തിലാണ്. ബാങ്ക്, ഫിനാൻസ്, ഓട്ടോ, ഐടി, റിയൽറ്റി, കൺസ്യൂമർ ഡ്യുറബിൾസ് തുടങ്ങിയവയാണു കൂടുതൽ ഇടിഞ്ഞത്.

ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസ്, ബജാജ് ഓട്ടോയുടെ ലക്ഷ്യവില 10,700 രൂപയായി ഉയർത്തി വാങ്ങൽ ശിപാർശ നൽകി. ഓഹരി രണ്ടു ശതമാനത്തിലധികം ഉയർന്നു.

എൽ ആൻഡ് ടിയുടെ ലക്ഷ്യവില 4842 രൂപയായി വർധിപ്പിച്ച സിഎൽഎസ്എ ഓഹരിക്കു വാങ്ങൽ ശിപാർശ നൽകി.

ബോഷ് ഓഹരിക്കു ലക്ഷ്യവില 27,920 രൂപയായി താഴ്ത്തിയ യുബിഎസ് വില്പന ശിപാർശയാണു നൽകിയത്. കമ്പനിയുടെ ഓഹരി ഒരു ശതമാനം ഉയർന്ന് 36,200 രൂപയിലാണ്. കമ്പനി ഈയിടെ ബോഷ് ഷാസി സിസ്റ്റംസിനെ9608 കോടി രൂപയ്ക്കു വാങ്ങി. ഈ വില കൂടുതലാണെന്നു ബ്രോക്കറേജ് കരുതുന്നു.

ജെപി മോർഗൻ ഹിറ്റാച്ചി എനർജിക്ക് വാങ്ങൽ ശിപാർശ നൽകി. ലക്ഷ്യവില 29,000 രൂപ.

നാലാം പാദ ബിസിനസ് വളർച്ച മികച്ചതായതിനെ തുടർന്ന് ഹോനസ കൺസ്യൂമർ ഓഹരി എട്ടു ശതമാനം വരെ ഉയർന്നു.

രാസവള കമ്പനികൾക്കു പ്രകൃതിവാതക ക്വോട്ട 90 ശതമാനമായി വർധിപ്പിച്ചത് എഫ്എസിടി ഓഹരിയെ എട്ടു ശതമാനം ഉയർത്തി. നാഷണൽ ഫെർട്ടിലൈസേഴ്സും രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്‌സും അഞ്ചു ശതമാനത്തോളം കയറി.

കൊച്ചിൻ ഷിപ്പ്‌യാർഡ് രാവിലെ നാലര ശതമാനം നേട്ടത്തിലായി. ഗാർഡൻ റീച്ച് മൂന്നരയും മസഗോൺ ഡോക്ക് മൂന്നും ശതമാനം ഉയർന്നു.

രൂപ ഇന്നു ചെറിയ നഷ്ടത്തിൽ വ്യാപാരം തുടങ്ങി. ഡോളർ എട്ടു . കയറി 92.66 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീടു ഡോളർ 92.53 രൂപയിലേക്കു താഴ്ന്നു.

സ്വർണം ലോക വിപണിയിൽ ഔൺസിന് 4721 ഡോളറിലാണ്. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 1720 രൂപ കുറഞ്ഞ് 1,11,080 രൂപയായി.

ക്രൂഡ് ഓയിൽ രാവിലത്തെ ഉയർന്ന നിലയിൽ നിന്നു താണു ബ്രെൻ്റ് ഇനം ക്രൂഡ് 96.61 ഡോളറിലേക്ക് എത്തി. പിന്നീടു കയറി 97.02 ഡോളർ ആയി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT