ദുസ്സഹമായ ക്രൂഡ് ഓയിൽ വിലക്കയറ്റത്തെ തുടർന്ന് വിപണി തകർച്ചയിലാണ്. എല്ലാ വ്യവസായ മേഖലകളും എല്ലാ ഗ്രൂപ്പുകളും ഇടിവിലായി. ലാർജ് ക്യാപ്പുകളും മിഡ് ക്യാപ്പുകളും സ്മോൾ ക്യാപ്പുകളും കുത്തനേ ഇടിയുന്നു. വ്യാപാരം ഒരു മണിക്കൂർ പിന്നിടുമ്പോൾ പ്രധാന സൂചികകൾ മൂന്നു ശതമാനം നഷ്‌ടത്തിലാണ്.
ജനുവരിയിലെ 26,373 എന്ന റെക്കോർഡിൽ നിന്ന് 10 ശതമാനം താഴെ 23,698 വരെ എത്തിയ നിഫ്റ്റി തിരുത്തൽ മേഖലയിൽ ആയി. സെൻസെക്സ് റെക്കോർഡ് നിലയായ 86,159 -ൽ നിന്ന് 9500 ലധികം പോയിൻ്റ് താഴ്ചയിൽ എത്തി.
രാവിലെ വ്യാപാരം മിനിറ്റുകൾ പിന്നിട്ടപ്പോൾ തന്നെ ഇന്ത്യൻ ഓഹരികളുടെ വിപണിമൂല്യം 15 ലക്ഷം കോടി രൂപ കണ്ട് നഷ്ടമായി.
നീണ്ടുനിൽക്കുന്ന യുദ്ധവും ഉയരുന്ന ക്രൂഡ് ഓയിൽ വിലയും സാമ്പത്തിക വളർച്ചയെ ബാധിക്കും. കമ്പനികളുടെ വിൽപന വളർച്ചയും ലാഭവും കുറയും. അതാണ് ഓഹരികളെ താഴ്ത്തുന്നത്.
ഏതാനും ദിവസങ്ങൾക്കകം ഓഹരി ഇടിവ് അവസാനിക്കും എന്നു പല ബ്രോക്കറേജുകളും അഭിപ്രായപ്പെടുത്തുന്നു. അതായതു താമസിയാതെ ആദായകരമായ വിലയിൽ ഓഹരികൾ വാങ്ങാൻ പറ്റും എന്ന് അവർ പറയുന്നു. നിരന്തരം താഴുന്ന വിപണിയിൽ ഇന്നു വിറ്റ് നാളെ വാങ്ങുന്ന തന്ത്രത്തിനു സമയം വരികയാണ് എന്ന് അവർ കണക്കാക്കുന്നു.
സിറാമിക് ഉൽപന്നങ്ങൾ, രാസവള ഉൽപാദനം തുടങ്ങിയ മേഖലകൾക്കു പ്രകൃതിവാതകം നൽകുന്നത് നിർത്തി. സിറാമിക് കമ്പനികൾക്കു പ്രൊപെയ്ൻ, ബ്യൂട്ടെയ്ൻ വാതകങ്ങൾ നൽകുന്നത് റിഫൈനറികൾ നിർത്തിവച്ചു. ഈ വാതകങ്ങൾക്കു പകരം എൽപിജി ഉൽപാദനം വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ നിർദേശിച്ചതിനെ തുടർന്നാണ് ഈ നടപടി.
ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ എട്ടു ശതമാനം വരെ ഇടിഞ്ഞു. പെട്രോൾ, ഡീസൽ വില കൂട്ടാൻ ഗവണ്മെൻ്റ് അനുവദിക്കുകയില്ലെന്നും കമ്പനികൾ വലിയ നഷ്‌ടം വഹിക്കേണ്ടി വരുമെന്നും ഉള്ള നിഗമനത്തിലാണിത്.
ഇൻഡിഗോ വിമാന സർവീസ് നടത്തുന്ന ഇൻ്റർഗ്ലോബ് ഏവിയേഷൻ ഓഹരി ഒൻപതു ശതമാനം ഇടിഞ്ഞു.
രൂപ ഇന്നു കൂടുതൽ ദുർബലമായി. ഡോളർ 46 പൈസ കൂടി 92.20 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 92.34 രൂപ എന്ന റെക്കോർഡിലേക്കു കയറി.
സ്വർണം ലോക വിപണിയിൽ രാവിലെ 1.60 ശതമാനം ഇടിഞ്ഞ് ഔൺസിന് 5090 ഡോളറിൽ എത്തി. വെള്ളി 83.05 ഡോളറിലേക്കു താഴ്ന്നു. സ്വർണം, വെള്ളി ഇടിഎഫുകൾ താഴ്ചയിലായി.
കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 1440 രൂപ കുറഞ്ഞ് 1,18,560 രൂപ ആയി.
എംസിഎക്സിൽ 24 കാരറ്റ് സ്വർണം 10 ഗ്രാമിന് 1,60,450 രൂപവരെ താഴ്ന്നു. വെള്ളി കിലോഗ്രാം 2,65,250 രൂപയിലേക്ക് താണു.
ക്രൂഡ് ഓയിൽ രാവിലെ കയറ്റം തുടർന്നു. ബ്രെൻ്റ് ഇനം ബാരലിന് 26 ശതമാനം കുതിച്ച് 116.25 ഡോളറിൽ എത്തി. 28 ശതമാനം ഉയർന്ന ഡബ്ല്യുടിഐ ഇനം 116.20 ഡോളർ ആയി. യുഎഇയുടെ മർബൻ ക്രൂഡ് 17 ശതമാനം കയറി 121 ഡോളറിൽ എത്തി.
Read DhanamOnline in English
Subscribe to Dhanam Magazine