Image courtesy: Canva
Markets

വിപണി വീണ്ടും താഴ്ചയിൽ; ഐ.ടി ഓഹരികള്‍ നഷ്ടത്തില്‍, മുന്നേറ്റവുമായി ബാങ്ക് ഓഹരികൾ

രൂപ ഇന്നും നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ 10 പൈസ കുറഞ്ഞ് 93.81 രൂപയിൽ ഓപ്പൺ ചെയ്തു

T C Mathew

ആവേശത്തോടെ വ്യാപാരം തുടങ്ങിയ വിപണിയിൽ ലാഭമെടുക്കലുകാരുടെ വിൽപന സമ്മർദം. മുഖ്യസൂചികകളും മിഡ് ക്യാപ്പുകളും നഷ്‌ടത്തിലായി.

ബാങ്കുകളും ഫാർമയും ഹെൽത്ത് കെയറും ധനകാര്യ കമ്പനികളും ഒഴികെയുള്ള മേഖലകൾ താഴ്ന്നു.

രാവിലെ 25,085 വരെ കയറിയ നിഫ്റ്റി 24,874 വരെ താഴ്ന്നു. സെൻസെക്സ് 81,340 വരെ ഉയർന്നിട്ട് 80,654 വരെ താണു.

ബാങ്ക് ഓഹരികൾ ഇന്നു മികച്ച മുന്നേറ്റം നടത്തി. എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ തുടങ്ങിയവ നേട്ടത്തിനു മുന്നിൽ നിന്നു. എസ്ബിഐ മൂന്നു ശതമാനത്തിലധികം ഉയർന്നു.

ഐടി കമ്പനികൾ ഇന്നു താഴ്ന്നു. ലാഭവർധന കുറയും എന്ന ആശങ്കയാണു കാരണം. വീസ വിഷയം മൂലം അമേരിക്കയിൽ അന്നാട്ടുകാരെ നിയമിക്കേണ്ടി വരുന്നതു ലാഭമാർജിൻ കുറയ്ക്കും.

പ്രമുഖവസ്‌ത്ര കയറ്റുമതിക്കാരായ ഗോകൽദാസ് എക്സ്പോർട്സ് വരുമാനം 13 ശതമാനം കൂടിയപ്പോൾ പ്രവർത്തന ലാഭം 55 ശതമാനം കൂട്ടി. അറ്റാദായം അഞ്ചിരട്ടിയായി. പക്ഷേ ഓഹരി നാലു ശതമാനം ഇടിഞ്ഞു.

ഡാറ്റാ പാറ്റേൺസിൻ്റെ വരുമാനം 57 ഉ അറ്റാദായം 56 ഉം ശതമാനം ഇടിഞ്ഞു. എങ്കിലും ഓഹരി എട്ടു ശതമാനം കുതിച്ചു.

സീ എൻ്റർടെയിൻമെൻ്റ് ഓഹരികൾ തിരിച്ചു വാങ്ങാൻ ആലോചിക്കുന്നു. അടുത്ത ബോർഡ് യോഗത്തിൽ തീരുമാനമെടുക്കും.

മികച്ച രണ്ടാം പാദ റിസൽട്ടിനെ തുടർന്നു സിഎൽഎസ്എ ടാറ്റാ സ്റ്റീൽ ഓഹരിക്ക് 225 രൂപ ലക്ഷ്യം നിർണയിച്ചു വാങ്ങൽ ശിപാർശ നൽകി.

രണ്ടാം പാദ റിസൽട്ട് പ്രതീക്ഷ പോലെ വന്നതിനെ തുടർന്നു ജൂബിലൻ്റ് ഫുഡ്സ് ഓഹരിക്കു സിഎൽഎസ്എ 550 രൂപ ലക്ഷ്യവില നിശ്ചയിച്ചു. ഓഹരി അഞ്ചു ശതമാനം ഇടിഞ്ഞു.

ഡിവിസ് ലാബിനു 12,500 രൂപ ലക്ഷ്യവില നിർണയിച്ച ജെപി മോർഗൻ ഓഹരിയെ ഓവർവെയ്റ്റ് വിഭാഗത്തിൽ പെടുത്തി. ഓഹരി ആറു ശതമാനം ഉയർന്നു.

എയർടെലിനു സിറ്റി 2390 രൂപ ലക്ഷ്യവില നിർണയിച്ചു.

രൂപ ഇന്നും നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ 10 പൈസ കുറഞ്ഞ് 93.81 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ 93.69 രൂപയിലേക്കു താഴ്ന്ന ശേഷം 93.85 ലേക്കു കയറി.

ലോക വിപണിയിൽ സ്വർണം കയറുകയാണ്. രാവിലെ സ്വർണം 1.50 ശതമാനത്തിലധികം കയറി 4135 ഡോളർ ആയി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 760 രൂപ വർധിച്ച് 1,06,040 രൂപയിൽ എത്തി.

ക്രൂഡ് ഓയിൽ വില ചാഞ്ചാടുന്നു. ബ്രെൻ്റ് ഇനം താഴ്ന്ന് 98.08 ഡോളറും ഡബ്ള്യുടിഐ ഇനം ഉയർന്ന് 91.32 ഡോളറും ആയി. പിന്നീടു ബ്രെൻ്റ് 98.40 ഡോളർ വരെ കയറി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT