Image courtesy: Canva
Markets

ആശ്വാസ റാലിയിൽ വിപണി മുന്നേറുന്നു; ടിസിഎസ് അടക്കം ഐടി ഓഹരികള്‍ നേട്ടത്തില്‍, ഹെൽത്ത് കെയർ ഓഹരികള്‍ ഇടിവില്‍

രൂപ ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ ആറു പൈസ കുറഞ്ഞ് 96.72 രൂപയിൽ ഓപ്പൺ ചെയ്തു

T C Mathew

വിപണി ആശ്വാസ റാലിയിൽ മുന്നേറുന്നു. ആദ്യ മണിക്കൂറിൽ നിഫ്റ്റിയും സെൻസെക്സും 1.2 ശതമാനം വീതം കയറി.

നിഫ്റ്റി 22,500 ഉം സെൻസെക്സ് 72,400 കടന്നിട്ട് അൽപം താഴ്ന്നു.

ബാങ്ക് നിഫ്റ്റിയും ധനകാര്യ സൂചികയും മിഡ് ക്യാപ് സൂചികയും 1.25 ശതമാനം വീതം ഉയർന്നു.

ഇന്നലെ റിസൽട്ട് പ്രസിദ്ധീകരിച്ച ടിസിഎസിനെ ബ്രോക്കറേജുകൾ ഭിന്നദിശകളിലാണു വിലയിരുത്തിയത്. നൊമുറയും ഗോൾഡ്മാൻ സാക്സും വാങ്ങൽ ശിപാർശ നൽകിയപ്പോൾ സിറ്റി വില്പന നിർദേശിച്ചു. നൊമുറ 2630 രൂപയും ഗോൾഡ്മാൻ സാക്സ് 2210 രൂപയും ലക്ഷ്യവില കണക്കാക്കി. സിറ്റി 1840 രൂപയാണു ലക്ഷ്യവില പറയുന്നത്. ഓഹരി രാവിലെ ആറു ശതമാനത്തോളം ഉയർന്നു. മറ്റ് ഐടി ഓഹരികളും രാവിലെ മികച്ച മുന്നേറ്റം നടത്തി. ഗ്രീൻ കാർഡ് വിഷയത്തിലെ യുഎസ് നീക്കം ഐടി കമ്പനികളെ ബാധിച്ചില്ല. ഐടി സൂചിക മൂന്നു ശതമാനത്തിലധികം കുതിച്ചു.

അമേരിക്ക, ജർമനി, നോർവേ തുടങ്ങിയ രാജ്യങ്ങളിൽ നിന്നു 40 കപ്പലുകൾ നിർമിക്കാനുള്ള കരാർ കൊച്ചിൻ ഷിപ്പ് യാർഡിനു ലഭിച്ചതായ വാർത്ത ഓഹരിയെ മൂന്നു ശതമാനം വരെ ഉയർത്തി.

കാൻസർ ഔഷധങ്ങൾക്കു 30 ശതമാനം മാർജിൻ മാത്രമേ അനുവദിക്കൂ എന്നു കേന്ദ്രം വ്യക്തമാക്കി. ഷെഡ്യൂളിൽ പെടാത്ത ഔഷധങ്ങളുടെ വിൽപന വിലയ്ക്കാണ് ഈ പരിധി. ഷെഡ്യൂളിൽ പെട്ടവയ്ക്കു നിലവിൽ വിലനിയന്ത്രണം ഉണ്ട്. മാർജിൻ 16 ശതമാനമാക്കാൻ ഉത്തരവിടും എന്ന സൂചനയാണു നേരത്തേ ഉണ്ടായിരുന്നത്. പുതിയ നയം വില 70 ശതമാനം വരെ കുറയാൻ സഹായിക്കും. ഹോസ്പിറ്റൽ ശൃംഖലകളുടെ ഓഹരികൾ നേട്ടം ഉണ്ടാക്കി. അപ്പോളോ, ഫോർട്ടിസ്, ഗ്ലോബൽ, മാക്സ്, നാരായണ, ആസ്റ്റർ തുടങ്ങിയവ ഉയർന്നു. എന്നാൽ ഹെൽത്ത് കെയർ ഗ്ലോബൽ നാലു ശതമാനം ഇടിഞ്ഞു. മെഡ് പ്ലസ് ഒന്നര ശതമാനം താഴ്‌ന്നു.

ഓട്ടോ, മെറ്റൽ, എഫ്എംസിജി, റിയൽറ്റി, ഹെൽത്ത് കെയർ തുടങ്ങിയവയും നല്ല നേട്ടത്തിലായി. കോൾഗേറ്റ് ഏഴും വൺ മോബിക്വിക്ക് എട്ടും ശതമാനവും ഉയർന്നു.

രൂപ ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ ആറു പൈസ കുറഞ്ഞ് 96.72 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് ഡോളർ 96.76 രൂപയിലേക്കു കയറുകയും 96.68 വരെ താഴുകയും ചെയ്തു.

ലോക വിപണിയിൽ സ്വർണം ഉയർന്ന് ഔൺസിന് 4178 ഡോളറിൽ എത്തി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 820 രൂപ വർധിച്ച് 1,10,520 രൂപയിൽ എത്തി.

ക്രൂഡ് ഓയിൽ വില അൽപം കുറഞ്ഞു. ബ്രെൻ്റ് ഇനം 102.74 ഡോളറിലും ഡബ്ള്യുടിഐ ഇനം 90.26 ഡോളറിലും എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT