Image courtesy: Canva
Markets

സെൻസെക്സ് 75,000 നു താഴെ, നിഫ്റ്റി 23,500 നു കീഴെ; ഡോളർ @95 രൂപ

ക്രൂഡ് ഓയിൽ വില വീണ്ടും കയറി. ബ്രെൻ്റ് ഇനം 99.57 ഡോളറിലും ഡബ്ള്യുടിഐ ഇനം 94.51 ഡോളറിലും എത്തി

T C Mathew

രൂപയും വിപണിയും കുത്തനേ ഇടിയുകയാണ്. ഡോളർ 95 രൂപയ്ക്കു മുകളിൽ കയറി. സെൻസെക്സ് 75,000 നും നിഫ്റ്റി 23,500 നും താഴെ രണ്ടു തവണ എത്തി. പിന്നീടു ചാഞ്ചാടി.

ഐടി സേവനമേഖല വലിയ താഴ്ചയിലായി. എൻഎസ്ഇയിലെ ഐടി സൂചിക മൂന്നു ശതമാനത്തിലധികം ഇടിഞ്ഞു. സൂചികയിലെ എല്ലാ കമ്പനികളും രണ്ടു ശതമാനത്തിലധികം താഴ്ന്നു.

ബാങ്ക്, ധനകാര്യ, എഫ്എംസിജി, ഓട്ടോ, റിയൽറ്റി മേഖലകൾ വലിയ ഇടിവിലായി. മെറ്റലും ഹെൽത്ത് കെയറും മാത്രമാണു നേട്ടം കാണിച്ചത്.

ചെയർമാൻ ഒ.പി. ഭട്ട് രാജിവച്ചതിനെ തുടർന്ന് ഐടി സേവന കമ്പനി കോ ഫോർജ് ഏഴു ശതമാനത്തോളം ഇടിഞ്ഞു. എസ്ബിഐയുടെ മുൻ ചെയർമാനായ ഭട്ട്, ബോർഡുമായി പൊരുത്തപ്പെടാൻ പറ്റാത്തതു കൊണ്ടാണു രാജിവച്ചത്. അടുത്ത ഏപ്രിൽ വരെ കാലാവധി ഉണ്ടായിരുന്നു. ജനുവരി 31 വരെ ഇടക്കാല ചെയർമാനായി സ്വതന്ത്ര ഡയറക്ടർ വിവേക് ശർമയെ നിയമിച്ചു.

അമേരിക്കൻ കമ്പനി ഗ്രാഫ്ടെക്, ഗ്രാഫൈറ്റ് ഇലക്‌ട്രോഡുകളുടെ വില 30 ശതമാനം വർധിപ്പിച്ചതിനെ തുടർന്ന് ഗ്രാഫൈറ്റ് ഇന്ത്യ ഓഹരി 18 ശതമാനം കുതിച്ചു. എച്ച്ഇജി ഓഹരി അഞ്ചു ശതമാനം ഉയർന്നു.

ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡിന് സിറ്റി ഗ്രൂപ്പ് 6175 രൂപ ലക്ഷ്യവില നിശ്ചയിച്ചു. ജനറൽ ഇലക്ട്രിക്കിൽ നിന്ന് എൻജിനുകൾ ലഭിച്ചു തുടങ്ങിയതോടെ തേജസ് എംകെ 2 പോർവിമാനങ്ങളുടെ നിർമാണം വേഗത്തിലാകും.

ഇൻഡിഗോ വിമാന സർവീസ് നടത്തുന്ന ഇൻ്റർഗ്ലോബ് ഏവിയേഷൻ്റെ ലക്ഷ്യവില 6040 രൂപയായി എച്ച്എസ്ബിസി നിർണയിച്ചു.

എംസിഎക്സിന് ബേൺസ്റ്റൈൻ 3830 രൂപ ലക്ഷ്യവില നിർണയിച്ചു.

ബയോകോണിൻ്റെ ഒരു ശതമാനം (1.65 കോടി) ഓഹരി ശരാശരി 385 രൂപ വച്ചു ബൾക്ക് ഇടപാടിൽ കൈമാറി. ഓഹരി രണ്ടര ശതമാനം ഉയർന്നു.

ബാങ്ക് ഓഫ് ബറോഡ എൻഎസ്ഇയിലെ തങ്ങളുടെ ഓഹരിയിൽ 35 ശതമാനം എൻഎസ്ഇ ഐപിഒയിൽ വിറ്റഴിക്കും.

രൂപ ഇന്നു ചെറിയ നഷ്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ അഞ്ചു പൈസ കൂടി 94.87 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീടു ഡോളർ 94.99 രൂപയിലേക്കു കയറി. റിസർവ് ബാങ്ക് ഇടപെട്ടതിനെ തുടർന്ന് 94.95 ലേക്കു ഡോളർ താഴ്ന്നു. വീണ്ടും കയറി 95.04 രൂപയിൽ എത്തി. ക്രൂഡ് ഓയിൽ വില 100 ഡോളറിനടുത്ത് എത്തിയതാണു രൂപയുടെ ഇടിവിനു പ്രധാന കാരണം. ഇന്ത്യ ക്രൂഡ് ഓയിൽ വാങ്ങുന്നത് 15 ശതമാനം അധികവില നൽകിയാണെന്നു റിപ്പോർട്ടുണ്ട്.

സ്വർണം ലോകവിപണിയിൽ ഉയർന്ന് ഔൺസിന് 4379 ഡോളറിൽ എത്തി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 760 രൂപ കുറഞ്ഞ് 1,13,160 രൂപയായി.

ക്രൂഡ് ഓയിൽ വില വീണ്ടും കയറി. ബ്രെൻ്റ് ഇനം 99.57 ഡോളറിലും ഡബ്ള്യുടിഐ ഇനം 94.51 ഡോളറിലും എത്തി. പിന്നീടു താഴ്ന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT