Markets

ബജറ്റ് കാത്തു വിപണിയിൽ ചാഞ്ചാട്ടം; സ്വർണം, വെള്ളി എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ ഇടിവില്‍, മുന്നേറ്റവുമായി വാഹന ഓഹരികൾ

സ്മോൾ ക്യാപ് സൂചിക ഒരു ശതമാനത്തിലധികം ഇടിഞ്ഞപ്പോൾ മിഡ് ക്യാപ് 0.40 ശതമാനം താഴ്ചയിലായി

T C Mathew

ബജറ്റ് കാത്തു വ്യാപാരം തുടങ്ങിയ വിപണി തുടക്കത്തിൽ ഇടിഞ്ഞിട്ടു പിന്നീടു നഷ്‌ടം കുറച്ചു ചാഞ്ചാട്ടമായി. സ്മോൾ ക്യാപ് സൂചിക ഒരു ശതമാനത്തിലധികം ഇടിഞ്ഞപ്പോൾ മിഡ് ക്യാപ് 0.40 ശതമാനം താഴ്ചയിലായി.

ബജറ്റ് 11 മണിക്ക് അവതരിപ്പിക്കും. സംസ്ഥാനങ്ങൾക്കു ധനകാര്യവിഹിതം നിർണയിച്ച 16-ാം ധനകാര്യകമ്മീഷൻ പ്രകാരമുള്ള നടപടികൾ ബജറ്റിൽ പ്രഖ്യാപിക്കും.

ബുള്ളിയനും ചെമ്പും ഇടിയുന്നതിൻ്റെ തുടർച്ചയായി മെറ്റൽ സൂചിക രണ്ടു ശതമാനത്തിലധികം താഴ്‌ന്നു.

കഴിഞ്ഞ ദിവസം 1.497 ലക്ഷം രൂപയിൽ ക്ലോസ് ചെയ്ത 24 കാരറ്റ് സ്വർണം 10 ഗ്രാം ഇന്നു രാവിലെ ഒൻപതു ശതമാനം ഇടിഞ്ഞ് 1,36,185 രൂപയിൽ എത്തി. പിന്നീട് 1.40 ലക്ഷത്തിലേക്ക് കയറി. വെള്ളി ഒൻപതു ശതമാനം താഴ്ചയോടെ കിലോഗ്രാമിന് 2,65,652 രൂപയിലെത്തി.

സ്വർണം, വെള്ളി എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ 10 ശതമാനത്തോളം തകർച്ചയിലായി.

സ്വർണപ്പണയ കമ്പനികളും ഇടിവിലായി. മുത്തൂറ്റ് ഫിനാൻസ് എട്ടും മണപ്പുറം ആറും ശതമാനം വരെ താഴ്ന്നു. പിന്നീട് നഷ്‌ടം കുറച്ചു.  അവധി വ്യാപാര എക്സ്ചേഞ്ച്  എംസിഎക്സിൻ്റെ ഓഹരി 15 ശതമാനം ഇടിഞ്ഞു.

ഹിന്ദുസ്ഥാൻ കോപ്പർ രാവിലെ 24.24 ഉം ഹിന്ദുസ്ഥാൻ സിങ്ക് 23 ഉം നാൽകോ18 ഉം ശതമാനം ഇടിഞ്ഞു. പിന്നീടു നഷ്‌ടം കുറച്ചു. വേദാന്ത ഏഴും  ഹിൻഡാൽകോ ആറും ശതമാനം താഴ്‌ന്നു.

സ്‌റ്റീൽ കമ്പനികളും എൻഎംഡിസിയും താഴ്‌ന്നു. 

ജനവരിയിലെ വിൽപന ഗണ്യമായി വർധിച്ചതിനെ തുടർന്ന് വാഹന ഓഹരികൾ ഉയർന്നു. നിഫ്റ്റി ഓട്ടോ ഒരു ശതമാനത്തോളം കയറി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT