ഇന്ത്യൻ ഓഹരി വിപണി അൽപം താഴ്ന്നു വ്യാപാരം തുടങ്ങിയിട്ടു പിന്നീടു കൂടുതൽ താഴ്ന്നു.
മുഖ്യ സൂചികകൾ അര ശതമാനം താഴ്ന്നപ്പോൾ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരു ശതമാനത്തിലധികം ഇടിഞ്ഞു. എഫ്എംസിജി ഒഴികെ എല്ലാ മേഖലകളും ഇടിവിലാണ്.
മെറ്റൽ ഓഹരികൾ ഇന്നു വലിയ താഴ്ചയിലാണ്. ടാറ്റാ സ്റ്റീൽ മൂന്നര ശതമാനം വരെ താഴ്ന്നു. സെയിൽ നാലും ജെഎസ്ഡബ്ല്യു സ്റ്റീൽ മൂന്നും ശതമാനം കുറഞ്ഞു.
വിഎ ടെക് വാബാഗിനു മികച്ച മൂന്നാം പാദ റിസൽട്ടും സൗദി അറേബ്യയിൽ ലഭിച്ച 3250 കോടിയുടെ ജലശുദ്ധീകരണ പദ്ധതി കരാറും ചേർന്നപ്പാേൾ ഓഹരി 12 ശതമാനം കയറി.
സാഗ്ളെ പ്രീപെയ്ഡ് മികച്ച വരുമാന, ലാഭ വളർച്ച കാണിച്ചെങ്കിലും ഓഹരി 10 ശതമാനം ഇടിഞ്ഞു. കമ്പനിയുടെ ഓഹരി വില പുസ്തകമൂല്യത്തിൻ്റെ 10 മടങ്ങാണ്. കമ്പനി ഇനിയും ലാഭവീതം നൽകിയിട്ടില്ല.
മൂന്നാം പാദ അറ്റാദായത്തിൽ 44 ശതമാനം ഇടിവുണ്ടായത് ഷിപ്പിംഗ് കോർപറേഷൻ ഓഫ് ഇന്ത്യ ഓഹരിയെ അഞ്ചു ശതമാനം താഴ്ത്തി.
രൂപ ഇന്നു വലിയ താഴ്ചയിലായി. ഡോളർ രാവിലെ 49 പൈസ ഉയർന്ന് 87.92 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 87.95 രൂപയിലേക്കു കയറിയെങ്കിലും താമസിയാതെ 87.88 രൂപയിലേക്കു താഴ്ന്നു.
ഡോളർ സൂചിക 108.42വരെ ഉയർന്നതാണു രൂപയ്ക്കൂ ക്ഷീണം വരുത്തിയത്. ചെെനീസ് കറൻസി യുവാൻ ഒരു ഡോളറിന് 7.31 യുവാൻ എന്ന നിലയിലേക്കു താഴ്ന്നു.
സ്വർണം ലോകവിപണിയിൽ ഔൺസിന് 2875 ഡോളറിലാണ്. മുൻ ക്ലോസിംഗിനേക്കാൾ 0.40 ശതമാനം അധികമാണിത്. കേരളത്തിൽ ആഭരണ സ്വർണം പവന് 280 രൂപ കൂടി 63,840 രൂപ ആയി.
ക്രൂഡ് ഓയിൽ വില ഉയർന്നു നീങ്ങുന്നു. ബ്രെൻ്റ് ഇനം ബാരലിന് 75.12 ഡോളർ വരെ ഉയർന്നു.
Read DhanamOnline in English
Subscribe to Dhanam Magazine