വിപണി നേട്ടത്തോടെ വ്യാപാരം തുടങ്ങിയിട്ടു കൂടുതൽ ഉയർന്നു. നിഫ്റ്റി 25,503 ൽ വ്യാപാരം ആരംഭിച്ചിട്ട് 25,595 വരെ കുതിച്ചു. പിന്നീട് അൽപം താഴ്ന്നു. സെൻസെക്സ് 83,552 വരെ കയറിയിട്ടു താഴേക്കു നീങ്ങി.
മീഡിയയും പി എസ് യു ബാങ്കുകളും ഒഴികെ എല്ലാ മേഖലകളും രാവിലെ നേട്ടത്തിലായി. മെറ്റൽ, ഫാർമ, ഓയിൽ, ഐടി എന്നിവ നേട്ടത്തിനു മുന്നിൽ നിന്നു. റിയൽറ്റിയും ഓട്ടോയും പിന്നീടു താഴ്ന്നു. ആദ്യം നല്ല നേട്ടമുണ്ടാക്കിയ ബാങ്കുകളും ധനകാര്യ കമ്പനികളും പിന്നീടു നേട്ടം കുറച്ചു.
മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ മുഖ്യസൂചികകളേക്കാൾ കുറഞ്ഞ മുന്നറ്റമേ രാവിലെ കാഴ്ചവച്ചുളളു.
539 കോടി രൂപയുടെ റെയിൽവേ കരാർ ലഭിച്ച അശോക ബിൽഡ്കോൺ ഓഹരി മൂന്നു ശതമാനം ഉയർന്നു.
വരുമാനവും ലാഭവും മാർജിനും ഗണ്യമായി വർധിപ്പിച്ച ന്യൂലാൻഡ് ലാബും എസ്എംഎസ് ഫാർമയും 12 ശതമാനം വരെ കുതിച്ചു.
ലാഭവും ലാഭമാർജിനും ഗണ്യമായി താഴ്ന്ന ശക്തി പംപ്സ് ഓഹരി 12 ശതമാനം ഇടിഞ്ഞു. കമ്പനിക്കു കടം വർധിച്ചതു മൂലം പലിശച്ചെലവും കൂടി.
മികച്ച ലാഭവർധന കാഴ്ചവച്ച നാൽകോ ഓഹരി എട്ടു ശതമാനം ഉയർന്നു.
15 ലക്ഷം ടൺ പഞ്ചസാര കയറ്റുമതി ചെയ്യാൻ അനുവദിച്ചതു പഞ്ചസാര കമ്പനികളെ ഉയർത്തി. ധാംപുർ, ബൽറാംപുർ, ദ്വാരികേശ്, ശ്രീ രേണുക, ഡാൽമിയ ഭാരത്, ബജാജ് ഹിന്ദുസ്ഥാൻ, ശക്തി, രാജശ്രീ, ബന്നാരി അമ്മൻ, ഇഐഡി പാരി തുടങ്ങിയവ അഞ്ചു ശതമാനം വരെ ഉയർന്നു.
വരുമാനം വർധിച്ചിട്ടും ലാഭം കുറഞ്ഞ ന്യൂക്ലിയസ് സോഫ്റ്റ് വേർ ഓഹരി എട്ടു ശതമാനം ഇടിഞ്ഞു.
വരുമാനവും ലാഭവും വർധിച്ചെങ്കിലും റിസൽട്ട് പ്രതീക്ഷയോളം വരാത്ത സാഹചര്യത്തിൽ ടാറ്റാ ഗ്രൂപ്പിലെ റീട്ടെയിൽ കമ്പനി ട്രെൻ്റ് ലിമിറ്റഡ് ആറു ശതമാനം ഇടിവിലായി.
ലാഭവും മാർജിനും ഗണ്യമായി ഇടിഞ്ഞതിനെ തുടർന്ന് ട്രാൻസ്ഫോമേഴ്സ് ആൻഡ് റെക്റ്റിഫയേഴ്സ് ഓഹരി 20 ശതമാനം ഇടിഞ്ഞ് ലോവർ സർകീട്ടിൽ എത്തി.
കഴിഞ്ഞ ദിവസങ്ങളിൽ കുതിച്ചു കയറി സർവകാല റെക്കോർഡിൽ എത്തിയ പെണ്ണാർ ഇൻഡസ്ട്രീസ് രണ്ടാം പാദ റിസൽട്ടിനെ തുടർന്ന് 18 ശതമാനം വരെ ഇടിഞ്ഞു.
പ്രതിരോധ ഓഹരികൾ ഇന്നു നേട്ടത്തിലാണ്. കൊച്ചിൻ ഷിപ്പ് യാർഡ്, ഗാർഡൻ റീച്ച്, മസഗോൺ ഡോക്ക്, ഭാരത് ഡൈനാമിക്സ്, ഭാരത് ഇലക്ട്രോണിക്സ്, എച്ച്എഎൽ, പരസ് തുടങ്ങിയവ അഞ്ചു ശതമാനം വരെ കയറി. ഡൈനാമാറ്റിക് ടെക്നോളജീസ് എട്ടു ശതമാനം വരെ കുതിച്ചു.
402 രൂപയിൽ ഐപിഒ നടത്തിയ ലെൻസ് കാർട്ട് 395 രൂപയിൽ ലിസ്റ്റ് ചെയ്തു. പിന്നീട് ഓഹരി 362 രൂപ വരെ താഴ്ന്നു. ഇഷ്യു വില വളരെ കൂടുതൽ ആണെന്നു വിമർശനം ഉണ്ടായിരുന്നു.
രൂപ ഇന്നു നിരക്കു മാറ്റം ഇല്ലാതെ വ്യാപാരം തുടങ്ങി. ഡോളർ 88.66 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 88.68 വരെ കയറി. റിസർവ് ബാങ്ക് വിപണിയിൽ ഇടപെടുന്നുണ്ട്. ഡോളർ സൂചിക 99.67 ലേക്കു കയറി.
സ്വർണം ലോകവിപണിയിൽ ഔൺസിന് 4055 ഡോളറിലാണ്. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 880 രൂപ വർധിച്ച് 90,360 രൂപ ആയി.
ക്രൂഡ് ഓയിൽ ഉയർന്ന നിലയിൽ ചാഞ്ചാടുകയാണ്. ബ്രെൻ്റ് ഇനം 64.24 ഡോളർ വരെ കയറിയിട്ട് 64.06 ഡോളർ വരെ താഴ്ന്നു.
Stock market midday update on 10 november 2025.
Read DhanamOnline in English
Subscribe to Dhanam Magazine