പശ്ചിമേഷ്യൻ സാഹചര്യവും ക്രൂഡ് ഓയിൽ വിലക്കയറ്റവും ഓഹരികളെ താഴ്ത്തി. നിഫ്റ്റി 24,500 നും സെൻസെക്സ് 78,200 നും താഴെ വന്നു.
ബാങ്ക്, ധനകാര്യ, ഹെൽത്ത് കെയർ, എഫ്എംസിജി, മീഡിയ ഓഹരികൾ താഴ്ന്നു.
ആശുപത്രികളിലെ മുറിവാടകയും മറ്റു നിരക്കുകളും നിയന്ത്രിക്കണമെന്ന പാർലമെൻ്ററി കമ്മിറ്റി ശിപാർശ ഹെൽത്ത് കെയർ ഓഹരികളെ താഴോട്ടു വലിച്ചു.
വരുമാനം 25 ശതമാനവും അറ്റാദായം 22 ശതമാനവും വർധിപ്പിച്ച ലുമാക്സ് ഓട്ടോ ടെക്നോളജീസ് ഓഹരി ഒൻപതു ശതമാനം ഉയർന്നു.
ഗ്ലാൻഡ് ഫാർമയ്ക്ക് ജെഫറീസ് 3350 രൂപ ലക്ഷ്യവില നിർണയിച്ചു. മികച്ച റിസൽട്ടിനെ തുടർന്ന് ഓഹരി പത്ത് ശതമാനം കുതിച്ചു.
ജൂൺ പാദ റിസൽട്ടിനെ തുടർന്ന് സീ എൻ്റർടെയ്ൻമെൻ്റിന് സിഎൽഎസ്എ ഔട്ട് പെർഫോം റേറ്റിംഗ് നൽകി. 125 രൂപ ലക്ഷ്യവില നിർണയിച്ചു. ഒന്നാം പാദ പ്രകടനം മോശമായതിനെ തുടർന്ന് ഓഹരി അഞ്ചു ശതമാനം ഇടിഞ്ഞു.
നൗക്രി, ജീവൻ സാഥി, 99 ഏക്കേഴ്സ് തുടങ്ങിയവയുടെ മാതൃ കമ്പനി ഇൻഫോ എഡ്ജിന് ജെപി മോർഗൻ 1500 രൂപ ലക്ഷ്യവില നിശ്ചയിച്ചു. ഓഹരി മൂന്നു ശതമാനം ഉയർന്നു.
ഇലക്ട്രിക് ടൂവീലറുകൾക്കുള്ള സബ്സിഡി 2028 വരെ നീട്ടിയതിനെ തുടർന്ന് എഥർ എനർജിയും ഒല ഇലക്ട്രിക്കും മൂന്നു ശതമാനം കയറി.
മികച്ച ഒന്നാം പാദ റിസൽട്ടിൽ കോൾട്ടെ പാട്ടീൽ ഡവലപ്പേഴ്സ് 12 ശതമാനത്തിലധികം കുതിച്ചു.
ക്രൂഡ് ഓയിലിൻ്റെ കയറ്റത്തെ തുടർന്ന് ഒഎൻജിസി, ഓയിൽ ഇന്ത്യ, ചെന്നൈ പെട്രോ, എംആർപിഎൽ തുടങ്ങിയവ മികച്ച മുന്നേറ്റം നടത്തി.
രൂപ ഇന്നു നഷ്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ ഒൻപതു പൈസ കൂടി 95.39 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ പിന്നീട് 95.40 രൂപയിലേക്കു കയറി.
സ്വർണം ലോകവിപണിയിൽ രാവിലെ ഔൺസിന് 4436 ഡോളർ വരെ കയറിയിട്ടു 4420 ലേക്കു താഴ്ന്നു. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 2320 രൂപ വർധിച്ച് 1,13,760 രൂപ ആയി.
സ്വർണം, വെള്ളി ഇടിഎഫുകൾ ഇന്നു മൂന്നു ശതമാനത്തോളം കയറി.
രാവിലെ ഉയർന്ന ക്രൂഡ് ഓയിൽ വില കാര്യമായ മാറ്റം ഇല്ലാതെ നിൽക്കുന്നു. ബ്രെൻ്റ് ഇനം 87.53 ഡോളറിലും ഡബ്ള്യുടിഐ ഇനം 82.01 ഡോളറിലും എത്തി.
Read DhanamOnline in English
Subscribe to Dhanam Magazine