രാവിലെ ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങിയ വിപണി കൂടുതൽ നേട്ടത്തിൽ എത്തിയ ശേഷം നഷ്ടത്തിലേക്ക് വീണു. താമസിയാതെ തിരിച്ചു കയറി നേട്ടത്തിലായി. പിന്നീടു താഴ്‌ന്നു ചാഞ്ചാട്ടമായി.
രാവിലെ നിഫ്റ്റി 25,997 ൽ ഓപ്പൺ ചെയ്തിട്ട് 26,009 വരെ കയറി. പിന്നീടു താഴ്ന്നു. സെൻസെക്സ് 84,487 പോയിൻ്റ് വരെ ഉയർന്നിട്ടു താഴ്ന്നു.
വിശാലവിപണി കൂടുതൽ താഴ്ചയിലായി. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ആദ്യ മണിക്കൂറിൽ അര ശതമാനത്തോളം താഴ്ന്നു.
ഓട്ടോ, എഫ്എംസിജി, ഹെൽത്ത് കെയർ, കൺസ്യൂമർ ഡ്യുറബിൾസ് എന്നിവ രാവിലെ നേട്ടമുണ്ടാക്കിയ മേഖലകളാണ്.
ഗവണ്മെൻ്റ് അഞ്ചു ശതമാനം ഓഹരി വിൽക്കുന്നതിനെ തുടർന്ന് ഭാരത് ഹെവി ഇലക്ട്രിക്കൽസ് ഓഹരി ആറു ശതമാനത്തോളം ഇടിഞ്ഞു.
ജൂബിലൻ്റ് ഫുഡ്‌സ് മികച്ച മൂന്നാം പാദ റിസൽട്ട് പ്രസിദ്ധീകരിച്ചതിനെ തുടർന്നു വിദേശബ്രോക്കറേജ് ജെഫറീസ് ലക്ഷ്യവില 850 രൂപയാക്കി. ഓഹരി മൂന്നു ശതമാനം കയറി.
മികച്ച മൂന്നാം പാദ റിസൽട്ടിനെ തുടർന്ന് സിഎൽഎസ്എ, ഐഷർ മോട്ടോഴ്സ് ഓഹരിയുടെ ലക്ഷ്യവില 8000 രൂപയായി ഉയർത്തി. ഓഹരി രാവിലെ ഏഴു ശതമാനം ഉയർന്നു റെക്കോർഡ് കുറിച്ചു.
റിസൽട്ടിനെ തുടർന്നു ടൈറ്റൻ ഓഹരിയുടെ ലക്ഷ്യവില നൊമുറ 4500 രൂപയിലേക്കും സിഎൽഎസ്എ 4379 രൂപയിലേക്കും ഉയർത്തി. ഓഹരി രാവിലെ 4378 രൂപ വരെ കയറി.
മികച്ച റിസൽട്ടിനുശേഷം ബ്രിട്ടാനിയ ഓഹരി അഞ്ചു ശതമാനം കയറി.
പ്രതീക്ഷയിലും മികച്ച റിസൽട്ടിനെ തുടർന്ന് ഓൾ കാർഗോ ടെർമിനൽസ് ഓഹരി പത്തു ശതമാനം കുതിച്ചു.
അപ്പോളോ ഹോസ്പിറ്റൽസ് ഓഹരി മികച്ച മൂന്നാം പാദത്തെ തുടർന്ന് അഞ്ചര ശതമാന ഉയർന്നു.
മൂന്നാം പാദ വരുമാനം 17-ഉം അറ്റാദായം 76 ഉം ശതമാനം കുറഞ്ഞതോടെ സോം ഡിസ്‌റ്റിലറീസ് ഓഹരി ഒൻപതു ശതമാനം ഇടിഞ്ഞു. ആറു മാസത്തിനുള്ളിൽ ഓഹരി 40 ശതമാനത്തിലധികം താഴ്ന്നിട്ടുണ്ട്.
രൂപ ഇന്നും നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ രണ്ടു പൈസ കുറഞ്ഞ് 90.56 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീടു ഡോളർ 90.60 വരെ കയറിയിട്ട് 90.46 രൂപയിലേക്കു താഴ്‌ന്നു.
സ്വർണം ലോക വിപണിയിൽ ഔൺസിന് 5060 ഡോളറിലാണ്.
കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 200 രൂപ കുറഞ്ഞ് 1,16,240 രൂപയായി.
എംസിഎക്സിൽ 24 കാരറ്റ് സ്വർണം 10 ഗ്രാമിന് 1,58,436 രൂപ വരെ കയറി.
വെള്ളി ലോകവിപണിയിൽ ഔൺസിന് 81.62 ഡോളറിലാണ്. എംസിഎക്സിൽ വെള്ളി കിലോഗ്രാമിന് 2,59,999 രൂപ വരെ കയറി.
ക്രൂഡ് ഓയിൽ വില കൂടുകയാണ്. ബ്രെൻ്റ് ഇനം ബാരലിന് 69.34 ഡോളറിലേക്കു കയറി.
Read DhanamOnline in English
Subscribe to Dhanam Magazine