ഒരാഴ്ചയിലേറെ കയറ്റത്തിലായിരുന്ന വിപണി ഇന്നു ചാഞ്ചാട്ടത്തിലേക്കു മാറി. രാവിലെ ചെറിയ നഷ്ടത്തിൽ വ്യാപാരം തുടങ്ങിയ വിപണി പിന്നീട് കയറ്റവും ഇറക്കവുമായി ഒരു മണിക്കൂർ പിന്നിട്ടു.
തുടക്കത്തിൽ നിഫ്റ്റി 25,008 വരെയും സെൻസെക്സ് 81,583 വരെയും ഉയർന്നതാണ്. നിഫ്റ്റി 24,940 ഉം സെൻസെക്സ് 81,216 ഉം വരെ താഴ്ന്നു. ബാങ്ക് നിഫ്റ്റിയും ചാഞ്ചാട്ടത്തിലാണ്.
ഐടി, ഓട്ടോ കമ്പനികളുടെ ഇടിവാണു വിപണിയെ പ്രധാനമായും താഴ്ത്തുന്നത്. ഫാർമയും ഹെൽത്ത് കെയറും താഴ്ചയിലാണ്. ഓയിൽ - ഗ്യാസ്, മീഡിയ, പൊതുമേഖലാ ബാങ്ക് എന്നിവ മികച്ച മുന്നേറ്റം നടത്തി.
റെയിൽവേയിൽ നിന്നു 169 കോടി രൂപയുടെ ആക്സിൽ നിർമാണ കരാർ ലഭിച്ച ജൂപ്പിറ്റർ വാഗൺസ് എട്ടു ശതമാനം ഉയർന്നു.
കൊച്ചിൻ ഷിപ്പ് യാർഡ് രാവിലെ നാലു ശതമാനത്തോളം കയറി.
150 കോടി ഡോളറിന് അമേരിക്കയിലെ മോളികോപ് കമ്പനിയെ ഏറ്റെടുക്കുന്ന ടെഗാ ഇൻഡസ്ട്രീസ് ഓഹരി രണ്ടു ശതമാനത്തോളം താഴ്ന്നു. ഖനന- ധാതു സംസ്കരണ യന്ത്രങ്ങൾ നിർമിക്കുന്നതാണു ടെഗ. ഖനന- സംസ്കരണ മേഖലയ്ക്കാവശ്യമായ പദാർഥങ്ങളും രാസവസ്തുക്കളുമാണ് മോളികോപ് നിർമിക്കുന്നത്.
അമേരിക്കയുമായുള്ള വ്യാപാരകരാർ ചർച്ച പുനരാരംഭിക്കുന്നത് ടെക്സ്റ്റൈൽസ് കയറ്റുമതി കമ്പനിയായ ഇന്തോ- കൗണ്ടിനെ ഒൻപതു ശതമാനം വരെ ഉയർത്തി.
കാലടി ആസ്ഥാനമായ ടോളിൻസ് ടയേഴ്സ് ഓഹരി ഇന്നു രാവിലെ 10 ശതമാനം കുതിച്ചു. ഇന്നലെ 15 ശതമാനത്തോളം ഉയർന്നതാണ്.
കയറ്റുമതി വർധിക്കുമെന്ന പ്രതീക്ഷയിൽ ഇന്നലെ വലിയ മുന്നേറ്റം നടത്തിയ മത്സ്യ കയറ്റുമതി കമ്പനികൾ ഇന്നു ലാഭമെടുക്കലിനെ തുടർന്നു നാലു ശതമാനം വരെ താഴ്ന്നു. അപെക്സ് ഫ്രോസൺ ഫുഡ്സ്, അവന്തി ഫീഡ്സ് തുടങ്ങിയവ കൂടുതൽ ഇടിഞ്ഞു. കോസ്റ്റൽ കോർപറേഷനും വാട്ടർബേസും ഉയർന്നു.
ഔഷധനിർമാതാക്കളായ ഇൻഡോകോ റെമഡീസ് 15 ശതമാനം കുതിച്ചു കയറി. ജൂലൈ ആദ്യം മുതൽ താഴോട്ടായിരുന്ന ഓഹരി ഇന്നാണു തിരിച്ചു കയറുന്നത്.
രൂപ ഇന്നു ചെറിയ താഴ്ചയിൽ വ്യാപാരം തുടങ്ങി. ഡോളർ രണ്ടു പൈസ കയറി 88.12 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 88.21 രൂപ ആയി ഡോളർ ഉയർന്നു.
സ്വർണം ലോകവിപണിയിൽ ചാഞ്ചാട്ടത്തിലാണ്. രാവിലെ ഔൺസിനു 3648 ഡോളർ വരെ കയറിയ സ്വർണം പിന്നീട് 36-32 ഡോളറിലേക്കു താഴ്ന്നു. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 81,040 രൂപയിൽ തുടർന്നു.
ക്രൂഡ് ഓയിൽ വില കയറ്റവും ഇറക്കവും തുടരുന്നു. ബ്രെൻ്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 67.5 ഡോളർ വരെ കയറിയിട്ട് 67.36 ഡോളറിലേക്കു താഴ്ന്നു.
Stock market midday update on 11 September 2025.
Read DhanamOnline in English
Subscribe to Dhanam Magazine