Image courtesy: Canva
Markets

വിപണി തകർച്ച തുടരുന്നു, 80% ഓഹരികളും നഷ്‌ടത്തില്‍; രൂപയും ദുർബലം

ക്രൂഡ് ഓയിൽ വില വീണ്ടും കയറി, ബ്രെൻ്റ് ഇനം 108.75 ഡോളറിലും ഡബ്ള്യുടിഐ ഇനം 103.44 ഡോളറിലും എത്തി

T C Mathew

ഒരു ശതമാനം ഇടിവോടെ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണിയിൽ ഇന്ന് 80 ശതമാനം ഓഹരികളും നഷ്‌ടത്തിലായി. രാവിലെ സെൻസെക്സ് 74,160 ഉം നിഫ്റ്റി 23,231 ഉം വരെ താഴ്ന്നു. മിഡ് ക്യാപ് 100, സ്മോൾ ക്യാപ് 100 സൂചികകൾ ഒന്നര ശതമാനം വരെ ഇടിഞ്ഞു. പിന്നീടു നഷ്‌ടം കുറച്ചു.

സർവകാല ഉയരത്തിൽ നിന്നു നിഫ്റ്റി 12 ശതമാനം താഴ്ചയിലാണ് നിഫ്റ്റി ഇപ്പോൾ. സെൻസെക്സ് 13.5 ശതമാനം താഴ്ചയിലായി.

ഐടി ഒഴികെ എല്ലാ മേഖലകളും രാവിലെ നഷ്ടത്തിലായി. റിയൽറ്റി (4.33 ശതമാനം), മെറ്റൽ (2.54%), കൺസ്യൂമർ ഡ്യുറബിൾസ് (1.50%) ഓട്ടോ (1.39%), ധനകാര്യം (1.33%) തുടങ്ങിയവയാണു വലിയ തകർച്ച നേരിട്ട മേഖലകൾ.

വോഡഫോൺ ഐഡിയയ്ക്കു 35,000 കോടി രൂപയുടെ വായ്പ അനുവദിക്കാൻ എസ്ബിഐയുടെ നേതൃത്വത്തിലുള്ള ബാങ്ക് കൺസോർഷ്യം ഉദ്ദേശിക്കുന്നത് കമ്പനിയുടെ ഓഹരിയെ രാവിലെ രണ്ടു ശതമാനം ഉയർത്തി.

ലോകവിപണിയിൽ വ്യാവസായിക ലോഹങ്ങളുടെ വില ഇടിഞ്ഞത് ലോഹ കമ്പനികളെ താഴ്‌ത്തി. ഹിന്ദുസ്ഥാൻ സിങ്ക്, ഹിന്ദുസ്ഥാൻ കോപ്പർ, നാൽകോ, സെയിൽ, ടാറ്റാ സ്റ്റീൽ, വേദാന്ത, ഹിൻഡാൽകോ, ജെഎസ്ഡബ്ല്യു സ്റ്റീൽ തുടങ്ങിയവ അഞ്ചു ശതമാനം വരെ ഇടിഞ്ഞു.

ക്രൂഡ് ഓയിൽ വിലക്കയറ്റത്തെ തുടർന്ന് ഓയിൽ മാർക്കറ്റിംഗ്, പെയിൻ്റ്, വ്യോമഗതാഗത കമ്പനികൾ വീണ്ടും താഴ്ചയിലായി. ഒഎൻജിസിയും ഓയിൽ ഇന്ത്യയും ഉയർന്നു.

ടൈറ്റന് 6000 രൂപ ലക്ഷ്യവില നിർണയിച്ച മോട്ടിലാൽ ഓസ്വാൾ ഓഹരിക്കു വാങ്ങൽ ശിപാർശ നൽകി.

മാരികോയ്ക്ക് വാങ്ങൽ ശിപാർശ നൽകിയ എച്ച്എസ്ബിസി ലക്ഷ്യവില 1020 രൂപയായി നിർണയിച്ചു.

ആക്സിസ് ബാങ്കിന് 1550 രൂപ ലക്ഷ്യവില നിർണയിച്ച സിഎൽഎസ്എ ഓഹരിക്കു വാങ്ങൽ ശിപാർശ നൽകി.

യുപിഐ ഇടപാടുകൾക്കു കമ്മീഷൻ ഈടാക്കാൻ ഗവണ്മെൻ്റ് നടപടി ആരംഭിച്ചതു പൈൻ ലാബ്സിനെ ഒൻപതു ശതമാനം ഉയർത്തി. പേയ്ടി എം നാലു ശതമാനം കയറി.

രൂപ ഇന്നും ഗണ്യമായ നഷ്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ 25 പൈസ കൂടി 95.69 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ 95.75 രൂപയിലേക്കു കയറിയിട്ട് 95.63 രൂപവരെ താഴ്ന്നു. ക്രൂഡ് ഓയിൽ വില കുതിക്കുന്നത് ഇന്ത്യയുടെ കറൻ്റ് അക്കൗണ്ട് കമ്മി കൂട്ടുകയും വളർച്ച കുറയ്ക്കുകയും ചെയ്യും എന്നാണു വിപണി കരുതുന്നത്.

സ്വർണം ലോകവിപണിയിൽ ഔൺസിന് 4300 ഡോളറിൽ എത്തിയിട്ട് 4327 ഡോളറിലേക്കു കയറി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 1920 രൂപ ഇടിഞ്ഞ് 1,12,120 രൂപയായി. സ്വർണം, വെള്ളി ഇടിഎഫുകൾ അഞ്ചു ശതമാനം വരെ ഇടിഞ്ഞു.

ക്രൂഡ് ഓയിൽ വില വീണ്ടും കയറി. ബ്രെൻ്റ് ഇനം 108.75 ഡോളറിലും ഡബ്ള്യുടിഐ ഇനം 103.44 ഡോളറിലും എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT