Image courtesy: Canva
Markets

ഐടി സേവന കമ്പനികൾക്ക് എഐ ഭീഷണി; വിപണി ഇടിവിൽ, റിയൽറ്റി, ഫാർമ, മീഡിയ ഓഹരികളും നഷ്ടത്തില്‍

സെൻസെക്സ് 83,795 ഉം നിഫ്റ്റി 25,822 ഉം വരെ ഇടിഞ്ഞു, പിന്നീടു നഷ്‌ടം കുറച്ചു. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളും താഴ്ചയിലാണ്

T C Mathew

നിർമിതബുദ്ധിയെപ്പറ്റിയുളള ആശങ്ക ഇന്ത്യൻ വിപണിയെ ഇന്നു താഴ്ചയിലേക്കു നയിച്ചു. താഴ്ന്നു വ്യാപാരം തുടങ്ങിയ വിപണി കൂടുതൽ താഴ്ന്നിട്ടു ചാഞ്ചാട്ടത്തിലായി. സെൻസെക്സ് 83,795 ഉം നിഫ്റ്റി 25,822 ഉം വരെ ഇടിഞ്ഞു. പിന്നീടു നഷ്‌ടം കുറച്ചു. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളും താഴ്ചയിലാണ്.

ഇന്ത്യൻ ഐടി സേവന കമ്പനികളെ നിർമിതബുദ്ധി (എഐ) ആവിഷ്‌കാരങ്ങൾ കാര്യമായി ബാധിക്കും എന്ന ആശങ്ക ഇന്നു വിപണിയിൽ പടർന്നു. ആഴ്ചകളായി ഈ ദിശയിൽ ചർച്ച നടന്നു വരികയായിരുന്നെങ്കിലും ഇന്ത്യൻ കമ്പനികൾക്കു കാര്യമായ ക്ഷീണം വരില്ലെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ ഇന്നുരാവിലെ കാര്യങ്ങൾ മറിച്ചായി. ഐടി സേവന കമ്പനികൾക്കു വലിയ ക്ഷീണവും വിദേശകമ്പനികൾ ഇന്ത്യയിൽ നടത്തുന്ന ഗ്ലോബൽ കേപ്പേബിലിറ്റി സെന്ററു (ജിസിസി) കൾക്ക് ചെറിയ ക്ഷീണവും വരും എന്നു വിപണി ഇപ്പോൾ കണക്കാക്കുന്നു. ഐടി കമ്പനികളുടെ പല വലിയ വരുമാന ഇനങ്ങളും നാമമാത്ര ചെലവിൽ എഐ ഉപയോഗിച്ചു ചെയ്യാം. ഇതേ തുടർന്ന് ഐടി സേവന കമ്പനികൾ കുത്തനേ ഇടിഞ്ഞു. എൻഎസ്ഇ ഐടി സൂചിക നാലര ശതമാനത്തിലധികം താണു. ഐടി സൂചകയിലെ ഓഹരികളെല്ലാം മൂന്നു മുതൽ 5.5 വരെ ശതമാനം ഇടിവിലായി. നിഫ്റ്റി 50 യിലെ ഐടി ഓഹരികൾ നാലു ശതമാനത്തിലധികം താഴ്‌ന്നു.

റിയൽറ്റി സൂചിക 1.10 ശതമാനം ഇടിഞ്ഞു. ഫാർമ, മീഡിയ, ഹെൽത്ത് കെയർ, കൺസ്യൂമർ ഡ്യുറബിൾസ്, ഓയിൽ തുടങ്ങിയ മേഖലകളും താഴ്ചയിലാണ്.

മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്ക്ക് ജെഫറീസ് 4500 രൂപയും നൊമുറ 4562 രൂപയും ലക്ഷ്യവില നിശ്ചയിച്ചു. ഓഹരി ഒരു ശതമാനം താഴ്ന്നു. കമ്പനിയുടെ വരുമാനവും പ്രവർത്തന ലാഭവും 26 ശതമാനത്തിലധികം വർധിച്ചു.

ഹിൻഡാൽകോയുടെ ലക്ഷ്യവില 1035 രൂപയായി സിഎൽഎസ്എ നിർണയിച്ചു. എന്നാൽ ഓഹരി രാവിലെ താഴ്ചയിലായി. ഒരു പ്ലാൻ്റിലെ അഗ്‌നിബാധ മൂലം അമേരിക്കൻ ഉപകമ്പനി നൊവേലിസിൻ്റെ റവന്യൂ കുറഞ്ഞു. ഏതാനും മാസം പ്ലാൻ്റ് പ്രവർത്തനരഹിതമായിരിക്കും. കമ്പനിയുടെ മൂന്നാം പാദ ഫലം വരാനിരിക്കുന്നു.

ഡിവിസ് ലാബിൻ്റെ ലക്ഷ്യവില എച്ച്എസ്ബിസി 7800 രൂപയിലേക്ക് ഉയർത്തി. ഓഹരി രാവിലെ ഒരു ശതമാനം ഉയർന്നിട്ട് രണ്ടര ശതമാനം താഴ്ചയിലേക്കു വീണു.

നിരാശപ്പെടുത്തിയ മൂന്നാം പാദ റിസൽട്ടിനെ തുടർന്ന് എൽജി ഇലക്ട്രോണിക്സ് ഓഹരി ആറു ശതമാനം വരെ ഇടിഞ്ഞു. പിന്നീടു നഷ്‌ടം കുറച്ചു. നാലാം പാദത്തിൽ ഇതു വരെ വിൽപന മെച്ചപ്പെട്ടതായി കമ്പനി വിശദീകരിച്ചു.

മികച്ച മൂന്നാം പാദ റിസൽട്ടിനെ തുടർന്ന് ബോറോസിൽ സയൻ്റിഫിക് ഓഹരി 20 ശതമാനം കുതിച്ചു.

മികച്ച വളർച്ചയോടെ ലാഭത്തിലേക്കു കടന്ന പവർ എൻജിനിയറിംഗ് കമ്പനിയായ ജിഇ പവർ ഇന്ത്യ ഓഹരി 20 ശതമാനം ഉയർന്നു.

രൂപ ഇന്നു മികച്ച നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ 24 പൈസ ഇടിഞ്ഞ് 90.46 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീടു ഡോളർ 90.53 വരെ കയറി.

സ്വർണം ലോക വിപണിയിൽ ഔൺസിന് 5060 ഡോളറിലാണ്. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 880 രൂപ കുറഞ്ഞ് 1,16,160 രൂപയായി.

എംസിഎക്സിൽ 24 കാരറ്റ് സ്വർണം 10 ഗ്രാമിന് 1,58,173 രൂപ വരെ കയറി.

വെള്ളി ലോകവിപണിയിൽ ഔൺസിന് 83.84 ഡോളറിലാണ്. എംസിഎക്സിൽ വെള്ളി കിലോഗ്രാമിന് 2,61,924 രൂപ വരെ കയറി.

ക്രൂഡ് ഓയിൽ വില കുറയുകയാണ്. ബ്രെൻ്റ് ഇനം ബാരലിന് 69.63 ഡോളറിലേക്കു താഴ്‌ന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT