Markets

ആവേശത്തുടക്കം, ലാഭമെടുക്കൽ; വിപണി കയറിയിറങ്ങി, പെയിൻ്റ് കമ്പനികളും വ്യോമയാന കമ്പനികളും നേട്ടത്തില്‍

സെൻസെക്സ് 74,859 ഉം നിഫ്റ്റി 23,456 ഉം വരെ കയറിയിട്ട് താഴ്ന്നു. മിഡ് ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ 1.5 ശതമാനത്തിലധികം കയറിയ ശേഷം താഴ്ന്നു

T C Mathew

രാവിലെ ആവേശത്തോടെ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി പിന്നീട് ലാഭമെടുക്കലിനെ തുടർന്നു നേട്ടം കുറച്ചു. സെൻസെക്സ് 74,859 ഉം നിഫ്റ്റി 23,456 ഉം വരെ കയറിയിട്ട് താഴ്ന്നു. മിഡ് ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ 1.5 ശതമാനത്തിലധികം കയറിയ ശേഷം താഴ്ന്നു. യുഎസ് ഫ്യൂച്ചേഴ്സ് നേട്ടം കുറച്ചതും വിപണിയെ താഴ്ത്തി.

പശ്ചിമേഷ്യൻ യുദ്ധത്തിൽ സമാധാന കരാർ സാധ്യത തെളിയുന്നതിൻ്റെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില ഗണ്യമായി താഴ്ന്നു. അതും റിസർവ് ബാങ്കിൻ്റെ നടപടികളും ഇന്നു രൂപയെ കയറ്റി.

ക്രോംപ്ടൺ ലിമിറ്റഡിനു 325 രൂപ ലക്ഷ്യവില നിശ്ചയിച്ച ഡിഎഎം സെക്യൂരിറ്റീസ് വാങ്ങൽ ശിപാർശ ചെയ്തു.

മോട്ടിലാൽ ഓസ്വാളിന് 1150 രൂപ ലക്ഷ്യവില നിശ്ചയിച്ച യുബിഎസ് വാങ്ങല്‍ ശിപാർശ നൽകി. ഓഹരി അഞ്ചു ശതമാനം കുതിച്ചു.

ആസ്ട്രൽ പൈപ്‌സ് വാങ്ങാൻ ശിപാർശ ചെയ്ത ഇൻവെസ്റ്റെക് ലക്ഷ്യവില 1710 രൂപയായി ഉയർത്തി.

അമേരിക്കയിലെ ഫ്യൂവൽ സെൽ കരാർ നഷ്‌ടമായേക്കും എന്ന ധാരണയിൽ ഇന്നലെ വലിയ ഇടിവിലായ എംടാർ ടെക്നോളജീസ് രാവിലെ പത്തു ശതമാനം കുതിച്ചു. ബ്ലൂം എനർജി എന്ന കമ്പനിയുടെ നിർദിഷ്ട ഡാറ്റാ സെൻ്റർ പദ്ധതി ഉപേക്ഷിക്കുന്ന നില ആയതാണു കാരണം എന്നായിരുന്നു റിപ്പോർട്ട്. അങ്ങനെയൊരു കുഴപ്പം ഇല്ലെന്നു കമ്പനി വിശദീകരിച്ചു.

ലോകവിപണിയിൽ ക്രൂഡ് ഓയിൽ വില ഇടിഞ്ഞ പശ്ചാത്തലത്തിൽ ബിപിസിഎൽ, എച്ച്പിസിഎൽ, ഐഒസി എന്നിവ അഞ്ചു ശതമാനത്തോളം കയറി. ക്രൂഡ് ഓയിൽ ഉൽപാദകരായ ഒഎൻജിസിയും ഓയിൽ ഇന്ത്യയും ഇടിഞ്ഞു.

ക്രൂഡ് വില ഇടിഞ്ഞതിനെ തുടർന്ന് പെയിൻ്റ് കമ്പനികളും വ്യോമയാന കമ്പനികളും കുതിച്ചു.

സ്വർണം താഴ്ചയിൽ നിന്നു കയറിയതിനെ തുടർന്നു സ്വർണപ്പണയ കമ്പനികൾ ഉയർന്നു. മുത്തൂറ്റ് ഫിനാൻസും മണപ്പുറം ഫിനാൻസും മൂന്നു ശതമാനത്തിലധികം കയറി. കല്യാൺ അടക്കം ജ്വല്ലറി കമ്പനികളും നല്ല നേട്ടത്തിലാണ്.

രൂപ ഇന്നു രാവിലെ നില മെച്ചപ്പെടുത്തി. ഡോളർ 39 പൈസ താഴ്ന്ന് 95.37 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീടു ഡോളർ 95.18 രൂപയിലേക്കു താഴ്ന്നിട്ട് 95.33 രൂപയിലേക്കു കയറി.

സ്വർണം ലോക വിപണിയിൽ ഔൺസിന് 4190 ഡോളറിൽ എത്തി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 2160 രൂപ വർധിച്ച് 1,08,960 രൂപ ആയി.

ക്രൂഡ് ഓയിൽ വില രാവിലെ ഇടിഞ്ഞ് ബ്രെൻ്റ് ഇനം 89 ഡോളറിനു താഴെയായി . ബ്രെൻ്റ് ഇനം ക്രൂഡ് 88.58 ഡോളറിലും ഡബ്ള്യുടിഐ ഇനം 86.10 ഡോളറിലും എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT