Image courtesy: Canva
Markets

ആവേശം കുറയ്ക്കാതെ മുന്നേറ്റം; മുഖ്യസൂചികകൾ 0.50 ശതമാനം ഉയർന്നു, റെക്കോർഡ് തിരുത്തി ബാങ്ക് നിഫ്റ്റി

രൂപ ഇന്നു നഷ്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ നാലു പൈസ കൂടി 93.73 രൂപയിൽ ഓപ്പൺ ചെയ്തു

T C Mathew

താഴ്ന്നു വ്യാപാരം തുടങ്ങിയ വിപണി ചാഞ്ചാട്ടത്തിനു ശേഷം നേട്ടത്തിലായി.

ഐടി, ഫാർമ, ഹെൽത്ത്കെയർ എന്നിവ ഒഴികെ എല്ലാ മേഖലകളു നേട്ടത്തിലായി. മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളും മികച്ച നേട്ടത്തിലാണ്. മുഖ്യസൂചികകൾ 0.50 ശതമാനം ഉയർന്നപ്പോൾ മിഡ്, സ്മോൾ ക്യാപ്പുകൾ ഒരു ശതമാനത്തിലധികം മുന്നേറി. ബാങ്ക് നിഫ്റ്റി 61,406.35 വരെ കയറി റെക്കോർഡ് തിരുത്തി.

എച്ച്ഡിഎഫ്സി, ഐസിഐസിഐ ലൈഫ് ഇൻഷ്വറൻസ് കമ്പനികൾ മൂന്നു ശതമാനത്തിലധികം ഉയർന്നു.

രണ്ടാം പാദ റിസൽട്ട് പ്രതീക്ഷിക്കുന്ന ഒല ഇലക്ട്രിക്ക് എട്ടു ശതമാനം കുതിച്ചു.

വരുമാനം 41 ശതമാനം വർധിച്ചപ്പോൾ അറ്റാദായം ഇരട്ടിയിലധികമാക്കിയ മിശ്രധാതു നിഗം ഓഹരി അഞ്ചു ശതമാനത്തിലധികം ഉയർന്നു.

ഫെഡറൽ ബാങ്ക് ഓഹരി വാങ്ങാൻ ഗോൾഡ്മാൻ സാക്സിൻ്റെ ശിപാർശ. 430 രൂപയാണു ലക്ഷ്യവില.

എസ്ബിഐ ഓഹരിക്കു 1325 രൂപ ലക്ഷ്യവില നിർണയിച്ച സിഎൽഎസ്എ വാങ്ങൽ ശിപാർശ നൽകി. ഓഹരി ഒരു ശതമാനത്തിലധികം ഉയർന്നു.

രണ്ടാം പാദ റിസൽട്ട് മോശമായ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് വിൽക്കാൻ ഗോൾഡ്മാൻ സാക്‌സിൻ്റെ ഉപദേശം. ലക്ഷ്യവില 1735 രൂപയായി നിർണയിച്ചു.

ടാറ്റാ പവർ വാങ്ങാൻ സിറ്റിയുടെ ശിപാർശ. ലക്ഷ്യവില 525 രൂപ.

മികച്ച റിസൽട്ടിനെ തുടർന്നു കല്യാൺ ജ്വല്ലേഴ്സ് ഓഹരി 6.5 ശതമാനം കയറി.

ക്രൂഡ് ഓയിൽ വില ഇടിഞ്ഞതിനെ തുടർന്ന് ഒഎൻജിസി നാലു ശതമാനത്തോളം താഴ്ന്നു.

വരുമാനം 122 ശതമാനം കൂടിയപ്പോൾ അറ്റാദായം 133 ശതമാനം വർധിപ്പിച്ച ക്യുപിഡ് ലിമിറ്റഡ് ഓഹരി ഒൻപതു ശതമാനം കുതിച്ചു. കോൺഡവും ഇൻ വിട്രോ ഡയഗ്‌നോസ്റ്റിക് കിറ്റുകളും നിർമിക്കുന്ന കമ്പനി വാർഷിക വരുമാന പ്രതീക്ഷ ഗണ്യമായി ഉയർത്തി.

രൂപ ഇന്നു നഷ്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ നാലു പൈസ കൂടി 93.73 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ 93.77 രൂപ വരെ ഉയർന്നു. പിന്നീടു 93.66 രൂപ വരെ താഴ്ന്നു.

ലോക വിപണിയിൽ സ്വർണം താഴുകയാണ്. രാവിലെ സ്വർണം ഔൺസിനു 3974 ഡോളർ ആയി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 1600 രൂപ കുറഞ്ഞ് 1,02,520 രൂപയിൽ എത്തി.

ക്രൂഡ് ഓയിൽ വില താഴ്ന്നു. ബ്രെൻ്റ് ഇനം 91.29 ഡോളറും ഡബ്ള്യുടിഐ ഇനം 85.32 ഡോളറും ആയി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT