പശ്ചിമേഷ്യൻ സംഘർഷവും എണ്ണവിലക്കയറ്റവും ഇന്ത്യൻ വിപണിയെ വീണ്ടും താഴ്ത്തുന്നു. രാവിലെ രണ്ടു ശതമാനത്തിലധികം ഇടിഞ്ഞ വിപണി പിന്നീടു നഷ്‌ടം അൽപം കുറച്ചു.
രൂപയും ഇന്നു താഴ്ചയിലായി. രാവിലെ രൂപ 0.73 ശതമാനം താഴ്ന്ന് 93.41 രൂപ വരെ എത്തി.
എല്ലാ വ്യവസായ മേഖലകളും ഇന്നു രാവിലെ നഷ്ടത്തിലായി.
ഡീസലിൻ്റെയും വിമാന ഇന്ധനത്തിൻ്റെയും കയറ്റുമതിച്ചുങ്കം വർധിപ്പിച്ചതും ക്രൂഡ് ഓയിൽ വില കൂടിയതും റിലയൻസ്, എംആർപിഎൽ, എണ്ണ വിപണന കമ്പനികൾ എന്നിവയുടെ ഓഹരിവിലകൾ താഴ്‌ത്തി. എണ്ണ കമ്പനികൾ അഞ്ചു ശതമാനം വരെ ഇടിഞ്ഞു. ഒഎൻജിസിയും ഓയിൽ ഇന്ത്യയും ഉയർന്നപ്പോൾ ചെന്നൈ പെട്രോ താഴ്ന്നു.
ക്രൂഡ് ഓയിൽ വിലക്കയറ്റത്തെ തുടർന്ന് ഏഷ്യൻ പെയിൻ്റ്സ് അടക്കം പെയിൻ്റ് കമ്പനികൾ താഴ്ചയിലായി.
യുദ്ധം നീളുകയും ക്രൂഡ് ഓയിൽ ഉയർന്നു നിൽക്കുകയും ചെയ്യുന്നതു ജിഡിപി വളർച്ചയെ ബാധിക്കും എന്നതു പൊതുമേഖലാ ബാങ്കുകളെ വലിച്ചു താഴ്‌ത്തി. വിലക്കയറ്റം പലിശ നിരക്ക് കൂട്ടുന്നതും ഗവണ്മെൻ്റിൻ്റെ കമ്മിയും കടമെടുപ്പം വർധിക്കുന്നതും ബാങ്കുകളുടെ ലാഭക്ഷമത കുറയ്ക്കും.
കോൾ ഇന്ത്യ ഓഹരി ഇനിയും ദുർബലമാകുമെന്നു വിദേശബാങ്ക് സിറ്റി വിലയിരുത്തി. 403 രൂപയാണു സിറ്റി നിർണയിച്ച ലക്ഷ്യവില. ഇന്നു 435 രൂപയിലാണ് ഓഹരി.
എറ്റേണലിന് ഗോൾഡ്മാൻ സാക്സ് 350 രൂപ ലക്ഷ്യവില നിശ്ചയിച്ച് വാങ്ങൽ ശിപാർശ നൽകി. ഇന്നു രാവിലെ 235 രൂപയിലായിരുന്നു ഓഹരി.
അദാനി പോർട്സിന് വാങ്ങൽ ശിപാർശ നൽകിയ മക്കാറീ 1860 രൂപയായി ലക്ഷ്യവില ഉയർത്തി. ഓഹരി നാലു ശതമാനം ഇടിഞ്ഞു.
രൂപ ഇന്നു ദുർബലമായി. ഡോളർ 55 പൈസ (0.60 ശതമാനം) ഉയർന്നു 93.28 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീടു ഡോളർ 93.41 രൂപയിലേക്കു കയറി. പശ്ചിമേഷ്യൻ സാഹചര്യം വഷളാകുന്നതും ക്രൂഡ് ഓയിൽ വില ഉയരുന്നതും ഇന്ത്യയുടെ വ്യാപാര കമ്മിയും കറൻ്റ് അക്കൗണ്ട് കമ്മിയും വർധിപ്പിക്കുമെന്ന വിലയിരുത്തലിലാണു വിപണി. രൂപയെ താഴ്ത്തുന്ന തരം ഡോളർ അവധി വ്യാപാര കരാറുകൾ റദ്ദാക്കാനുള്ള സമയപരിധി കഴിഞ്ഞയാഴ്ച അവസാനിച്ചിരുന്നു. രൂപയെ നിലനിർത്താൻ റിസർവ് ബാങ്ക് ഇനി എന്തു നടപടിയാണ് എടുക്കുക എന്നു വ്യക്തമല്ല.
സ്വർണം ലോക വിപണിയിൽ ഔൺസിന് 4715 ഡോളറിലാണ്. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 280 രൂപ കുറഞ്ഞ് 1,11,800 രൂപയായി.
ക്രൂഡ് ഓയിൽ ഉയർന്നു. ബ്രെൻ്റ് ഇനം ക്രൂഡ് 102.21 ഡോളറിലേക്ക് കയറി. ഡബ്ള്യുടിഐ ഇനം 104.95 ഡോളർ ആയി.
Read DhanamOnline in English
Subscribe to Dhanam Magazine