Image courtesy: Canva
Markets

വിപണി വീണ്ടും ഇടിവിൽ; ടാറ്റാ ഗ്രൂപ്പ് ശാന്തം, ഓയിൽ, മെറ്റൽ, ഫാർമ ഓഹരികള്‍ നഷ്ടത്തില്‍

രൂപ ഇന്നു നേരിയ നഷ്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ മൂന്നു പൈസ കൂടി 95.36 രൂപയിൽ ഓപ്പൺ ചെയ്തു

T C Mathew

ഇന്ത്യൻ വിപണി താഴോട്ടുളള യാത്ര തുടരുകയാണ്. ചെറിയ നഷ്ടത്തിൽ വ്യാപാരം തുടങ്ങിയിട്ടു കൂടുതൽ നഷ്ടത്തിലേക്കു നീങ്ങി. നിഫ്റ്റി 24,350 നും സെൻസെക്സ് 77,800 നും താഴെ എത്തി.

മീഡിയ, ഓട്ടോ, എഫ്എംസിജി എന്നിവ ഒഴികെ എല്ലാ മേഖലകളും രാവിലെ താഴ്ചയിലായി. ഓയിൽ, മെറ്റൽ, ഫാർമ, ഹെൽത്ത് കെയർ തുടങ്ങിയവ കൂടുതൽ താഴ്ന്നു .

ടാറ്റാ ഗ്രൂപ്പ് കമ്പനികളിൽ ഇന്നു വലിയ വിൽപന സമ്മർദം കണ്ടില്ല.

ഭാരതി എയർടെലിന് 2230 രൂപ ലക്ഷ്യവില നിശ്ചയിച്ച സിറ്റി ഗ്രൂപ്പ് വാങ്ങൽ ശിപാർശ നൽകി.

ജിഎംആർ എയർപോർട്ടിന് ജെഫറീസ് 125 രൂപ ലക്ഷ്യവില പ്രഖ്യാപിച്ചു.

മൾട്ടിമോഡൽ ട്രാൻസ്പോർട്ട് എയർക്രാഫ്റ്റിന് പ്രതിരോധ മന്ത്രാലയം ടെൻഡർ ക്ഷണിച്ചത് എച്ച്എഎലിൻ്റെ വളർച്ച ഉയർത്തുമെന്ന് നൊമൂറ. ഫ്രാൻസോ റഷ്യയോ ആകും ടെൻഡർ നേടുക. അവ ഇന്ത്യയിൽ അസംബിൾ ചെയ്യാൻ എച്ച്എഎലിനാകും ചുമതല. ഘടകനിർമാണത്തിൽ ഭാരത് ഇലക്ട്രോണിക്‌സിനും കരാർ കിട്ടാം. എച്ച്എഎലിനു നൊമൂറ 125 രൂപ ലക്ഷ്യവില നിശ്ചയിച്ചു.

ടാറ്റാ മോട്ടോഴ്‌സ് സിവിക്ക് നൊമൂറ വാങ്ങൽ ശിപാർശ നൽകി. ഓഹരിയുടെ ലക്ഷ്യവില 125 രൂപയായി ഉയർത്തി..

ജിയോ ഫിനാൻഷ്യലിൻ്റെ ഉപകമ്പനി ജിയോ ക്രെഡിറ്റിൽ ബാങ്ക് ഓഫ് അമേരിക്ക 49.9 ശതമാനം ഓഹരി എടുക്കുന്നതായ റിപ്പോർട്ടിനെ തുടർന്നു ജിയോ ഫിൻ രണ്ടു ശതമാനത്തോളം കയറി.

റവന്യുവും പ്രവർത്തനലാഭവും മാർജിനും ഗണ്യമായി വർധിപ്പിച്ച അരവിന്ദ് ലിമിറ്റഡിൻ്റെ അറ്റാദായം വളർച്ച കാണിച്ചില്ല. ഓഹരി അഞ്ചു ശതമാനം ഇടിഞ്ഞു.

മുൻജാൽ ഓട്ടോ ഒന്നാം പാദത്തിൽ 42 ശതമാന വരുമാന വർധനയും 63 ശതമാനം അറ്റാദായ വർധനയും കാണിച്ചു. ഓഹരി 15 ശതമാനം കുതിച്ചു.

ഗണ്യമായ വളർച്ച കാണിച്ച ഒന്നാം പാദ റിസൽട്ടിനെ തുടർന്ന് ലെൻസ്കാർട്ട് ഓഹരി അഞ്ചു ശതമാനം വരെ ഉയർന്നു.

വിറ്റുവരവ് 34 ശതമാനം വർധിപ്പിച്ചപ്പോൾ അറ്റാദായം 95.5 ശതമാനം ഉയർത്തിയ വാഡിലാൽ ഇൻഡസ്ട്രീസ് ഓഹരി 13 ശതമാനം കുതിച്ചു.

രൂപ ഇന്നു നേരിയ നഷ്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ മൂന്നു പൈസ കൂടി 95.36 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ പിന്നീടു 95.34 രൂപയായി.

സ്വർണം ലോകവിപണിയിൽ രാവിലെ ഔൺസിന് 4406 ഡോളറിലേക്കു താഴ്ന്നു. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 200 രൂപ വർധിച്ച് 1,13,760 രൂപ ആയി.

രാവിലെ താഴ്ന്ന ക്രൂഡ് ഓയിൽ വില വീണ്ടും കയറി. ബ്രെൻ്റ് ഇനം 88. 44 ഡോളറിലും ഡബ്ള്യുടിഐ ഇനം 82.61 ഡോളറിലും എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT