Image courtesy: Canva
Markets

വിപണി വലിയ താഴ്ചയിലേക്ക്, മുഖ്യ സൂചികകൾ 1.4% ഇടിവില്‍, മെറ്റൽ ഓഹരികൾ കനത്ത നഷ്ടത്തില്‍; രൂപയും ഇടിയുന്നു

എഫ്എംസിജി ഒഴികെ എല്ലാ വ്യവസായ മേഖലകളും രാവിലെ ഇടിവിലായി

T C Mathew

ഇന്ത്യൻ വിപണി കൂടുതൽ ഇടിയുകയാണ്. ഇറാൻ യുദ്ധം ഇന്ത്യക്കു രൂക്ഷമായ വിലക്കയറ്റവും വ്യാവസായിക -സാമ്പത്തിക മുരടിപ്പും നൽകുമെന്ന് വിപണി ഭയപ്പെടുന്നു. രാവിലെ മുഖ്യ സൂചികകൾ 1.4 ശതമാനം ഇടിവിലായി. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളും ബാങ്ക് നിഫ്റ്റിയും രണ്ടു ശതമാനത്തിലധികം താഴ്‌ന്നു.

ലോഹകമ്പനികൾ വേണ്ടത്ര പ്രകൃതിവാതകവും മറ്റും കിട്ടാത്തതു മൂലം ഉൽപാദനം കുറയ്ക്കേണ്ട നിലയിലാണ്. ഏതാനും ദിവസങ്ങൾക്കുള്ളിൽ വിഷയത്തിനു പരിഹാരം ഉണ്ടായില്ലെങ്കിൽ പല മെറ്റൽ പ്ലാൻ്റുകളും അടച്ചിടും. സ്റ്റീൽ, അലൂമിനിയം അടക്കം മെറ്റൽ കമ്പനി ഓഹരികൾ ഇന്ന് ഏഴു ശതമാനം വരെ ഇടിഞ്ഞു.

എഫ്എംസിജി ഒഴികെ എല്ലാ വ്യവസായ മേഖലകളും രാവിലെ ഇടിവിലായി. വ്യവസായങ്ങൾക്ക് എൽപിജിയും എൽഎൻജിയും നൽകുന്നതിലെ നിയന്ത്രണം കൂടുതൽ വ്യവസായ മേഖലകളെ ക്ഷീണത്തിലാക്കി. കൺസ്യൂമർ ഡ്യൂറബിൾസ് കമ്പനികൾ പലതും വെൽഡിംഗിനും മറ്റും എൽപിജിയാണ് ഉപയോഗിക്കുന്നത്. എൽപിജി കിട്ടാത്തതു മൂലം ഉൽപാദനം നിലച്ച പിജി ഇലക്ട്രോപ്ലാസ്റ്റ് ഓഹരി ഏഴു ശതമാനം ഇടിഞ്ഞു. ഐഷർ മോട്ടോഴ്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര അശോക് ലെയ്ലൻഡ് തുടങ്ങിയ വാഹന കമ്പനികൾ ഇന്നു താഴ്ന്നു. സിറാമിക് ഉൽപന്നങ്ങളും ടൈലുകളും നിർമിക്കുന്ന കമ്പനികൾ വലിയ താഴ്ചയിലാണ്.

അന്ധേരിയിൽ ഒരു ചേരി പുനർ നിർമാണ കരാർ ലഭിച്ച കൽപതരു ലിമിറ്റഡ് ഓഹരി ഒൻപതു ശതമാനം കുതിച്ചു കയറി.

ക്രൂഡ് ഓയിൽ രാവിലെ കുതിച്ചു. ബ്രെൻ്റ് ഇനം ബാരലിന് 100.89 ഡോളറിൽ എത്തി. പിന്നീട് അൽപം താഴ്ന്നു.

രൂപ ഇന്നും ദുർബലമായി. ഡോളർ 16 പൈസ കൂടി 92.35 രൂപയിൽ ഓപ്പൺ ചെയ്തു. ഇത്രയും താഴ്‌ന്ന ഓപ്പണിംഗ് മുൻപ് ഉണ്ടായിട്ടില്ല. 92.31 രൂപയിലേക്കു താഴ്ന്ന ഡോളർ പിന്നീട് 92.39 രൂപ എന്ന റെക്കോർഡിലേക്കു കയറി

റിസർവ് ബാങ്ക് വിപണിയിൽ കാര്യമായി ഇടപെടുന്നുണ്ട്. ക്രൂഡ് ഓയിൽ വിലക്കയറ്റം ഇന്ത്യയുടെ വാണിജ്യകമ്മി കൂട്ടുമെന്നതു കൊണ്ടാണ് രൂപ ഇടിയുന്നത്.

സ്വർണം ലോക വിപണിയിൽ രാവിലെ ഔൺസിന് 5115 ഡോളറിലായി. വെള്ളി 84.52 ഡോളറിലേക്കു കയറി.

കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 720 രൂപ താഴ്ന്ന് 1,18,240 രൂപ ആയി.

എംസിഎക്സിൽ 24 കാരറ്റ് സ്വർണം 10 ഗ്രാമിന് 1,60, 251 രൂപവരെ ഉയർന്ന ശേഷം 1,60,047 ലേക്കു താഴ്‌ന്നു. വെള്ളി കിലോഗ്രാം 2,66,888 വരെ കയറിയിട്ട് 2,66, 492 രൂപയിലേക്ക് താണു. സ്വർണം, വെള്ളി ഇടിഎഫുകൾ ഇന്നും താഴ്‌ന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT