ചെറിയ ഇടിവോടെ വ്യാപാരം തുടങ്ങിയ ഇന്ത്യൻ വിപണി പിന്നീടു മികച്ച മുന്നേറ്റത്തിലായി. വ്യാപാരം അര മണിക്കൂർ പിന്നിടുമ്പോഴേക്ക് മുഖ്യസൂചികകൾ 0.75 ശതമാനം ഉയർന്നു. നിഫ്റ്റി 22,500 നും സെൻസെക്സ് 72,500 നും മുകളിൽ എത്തി. ഏഷ്യൻ വിപണികളുടെ ഇടിവ് ഇന്ത്യൻ വിപണി കണക്കിലെടുത്ത മട്ടില്ല.
മീഡിയ, ഫാർമ, ഹെൽത്ത് കെയർ എന്നിവ ഒഴികെ എല്ലാ മേഖലകളും രാവിലെ നേട്ടത്തിലായി. സ്മോൾക്യാപ് 100 സൂചിക രാവിലെ താഴ്ന്നു നീങ്ങി.
ഐടി ഓഹരികൾ ഇന്നു മുന്നേറി. ടിസിഎസ് അഞ്ചും ഇൻഫോസിസ് 2.5 ഉം ടെക് മഹീന്ദ്ര മൂന്നും ബിർലാ സോഫ്‌റ്റ് അഞ്ചും എംഫസിസ് മൂന്നും ശതമാനം കയറി.
രണ്ടാം പാദത്തിൽ പ്രതീക്ഷയിലും മികച്ച ലാഭമാർജിൻ ഉണ്ടായത് എച്ച്സിഎൽ ടെക്നോളജീസിനെ അഞ്ചു ശതമാനം വരെ ഉയർത്തി.
കരസേനയുടെ 155 മില്ലിമീറ്റർ പീരങ്കികൾക്കു വേണ്ട ഉണ്ടകൾ നിർമിച്ചു നൽകാനുള്ള കരാർ ലഭിച്ച ഗുഡ് ലക്ക് ഇന്ത്യ ഓഹരി മൂന്നു ശതമാനം ഉയർന്നു. ഇന്നലെ ഓഹരി 18 ശതമാനം കുതിച്ചു കയറിയതാണ്.
ആർബിഎൽ ബാങ്കിന്റെ രണ്ടാം പാദ റിസൽട്ട് പല കാര്യങ്ങളിലും മികവ് കാണിച്ചെങ്കിലും നിക്ഷേപ വർധന കുറവായി. ഓഹരി ആറു ശതമാനം ഇടിഞ്ഞു.
അബുദാബി രാജകുടുംബത്തിൻ്റെ നിക്ഷേപ കമ്പനികൾ ബന്ധൻ ബാങ്കിൽ ഓഹരി നിക്ഷേപത്തിനു താല്പര്യം എടുക്കുന്നതായ റിപ്പോർട്ടിനെ തുടർന്ന് ബന്ധൻ ഓഹരി എട്ടു ശതമാനം കുതിച്ചു.
രൂപ ഇന്നും വലിയ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ 60 പൈസ കുറഞ്ഞ് 95.17 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ 95.27 രൂപയിലേക്കു കയറിയിട്ടു താഴ്ന്ന് 95.13 രൂപയിൽ എത്തി. വീണ്ടും ഡോളർ 95.29 രൂപയിലേക്കു കയറി.
ലോക വിപണിയിൽ സ്വർണം ഔൺസിന് 4192 ഡോളറിൽ എത്തി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 280 രൂപ കുറഞ്ഞ് 1,09,480 രൂപ ആയി.
ക്രൂഡ് ഓയിൽ വില വീണ്ടും കുറഞ്ഞു. ബ്രെന്റ് ഇനം 105.34 ഡോളറിലും ഡബ്ള്യുടിഐ ഇനം 92.48 ഡോളറിലും എത്തി.
Read DhanamOnline in English
Subscribe to Dhanam Magazine