ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങിയ വിപണി പിന്നീടു തുടർച്ചയായി കയറി. വ്യാപാരം ഒരു മണിക്കൂർ പിന്നിടുന്നതിനകം നിഫ്റ്റി 24,218 ഉം സെൻസെക്സ് 77,642 ഉം വരെ എത്തി. പിന്നീട് നേട്ടം അല്പം കുറച്ചു.
ബാങ്ക്, ധനകാര്യ ഓഹരികൾ ഇന്നു നല്ല മുന്നേറ്റം നടത്തി. സൂചികകൾ ഒരു ശതമാനത്തിലധികം ഉയർന്നു. മിഡ് ക്യാപ് ഓഹരികളെ അപേക്ഷിച്ച് സ്മോൾ ക്യാപ് ഓഹരികൾ ഇന്നു കൂടുതൽ മുന്നേറി.
ടെക് ഭീമൻ ഐബിഎം ഇന്നലെ യുഎസ് വിപണിയിൽ ഇടിഞ്ഞത് ഇന്നു രാവിലെ ഇന്ത്യൻ ഐടി സേവന കമ്പനികളെ താഴ്‌ത്തി. ടിസിഎസും ഇൻഫിയും അടക്കമുള്ളവ രണ്ടു ശതമാനത്തിലധികം ഇടിഞ്ഞു. എന്നാൽ കുറച്ചു സമയത്തിനു ശേഷം അവ നഷ്ടം ഗണ്യമായി കുറച്ചു.
തിളക്കമാർന്ന ഒന്നാം പാദ റിസൽട്ടിനെ തുടർന്ന് ഇന്നലെ 10 ശതമാനം കുതിച്ച നുവോകോ വിസ്‌താസ് കോർപറേഷൻ ഇന്നു രാവിലെ ഒൻപതു ശതമാനം കൂടി കയറി. ബ്രോക്കറേജുകൾ ഓഹരിയെപ്പറ്റി വിരുദ്ധാഭിപ്രായങ്ങൾ പറഞ്ഞു. കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ സെക്യൂരിറ്റീസ് വിൽപന നിർദേശിച്ചപ്പോൾ എച്ച്എസ്ബിസി വാങ്ങൽ ശിപാർശ ചെയ്തു.
ഐഡിബിഐ ബാങ്ക് വിൽക്കുന്നു എന്ന റിപ്പോർട്ടിനെ തുടർന്ന് ഓഹരി നാലു ശതമാനം കയറി. സിഎസ്ബി ബാങ്കിൻ്റെ പ്രൊമോട്ടറായ പ്രേം വത്സയുടെ ഫെയർഫാക്സ് ആണ് വാങ്ങുന്നത്. സിഎസ്ബി ബാങ്ക് ഓഹരി അഞ്ചു ശതമാനം ഉയർന്നു.
ഡിവീസ് ലാബിന് വാങ്ങൽ ശിപാർശ നൽകിയ സിറ്റി ഓഹരിയുടെ ലക്ഷ്യവില 9450 രൂപയായി ഉയർത്തി.
ടാറ്റാ എൽക്സിക്കു ലക്ഷ്യവില 3000 രൂപയായി താഴ്‌ത്തി നിശ്ചയിച്ച കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ സെക്യൂരിറ്റീസ് വിൽപന ശിപാർശ ചെയ്തു. ഓഹരി ആറു ശതമാനം ഇടിഞ്ഞു.
ഇന്നലെ മികച്ച ഒന്നാം പാദ റിസൽട്ട് പുറത്തുവിട്ട എൽ ആൻഡ് ടി ടെക്നോളജി സർവീസസ് അഞ്ചു ശതമാനം ഉയർന്നു.
കഴിഞ്ഞ ദിവസങ്ങളിലെ മുന്നേറ്റം തുടർന്ന ജസ്റ്റ് ഡയൽ ഇന്ന് അഞ്ചു ശതമാനം കയറി.
മികച്ച റിസൽട്ടിനെ തുടർന്ന് ഇന്നലെ 17 ശതമാനം കുതിച്ച ലാൻഡ്മാർക്ക് കാർസ് ഇന്നു രാവിലെ 13 ശതമാനം കയറി.
ഹീറോ മോട്ടോകോർപ് 1000 കോടി രൂപ നിക്ഷേപിക്കുന്ന തീരുമാനം പ്രഖ്യാപിച്ചത് ഏതർ എനർജിയെ ഏഴു ശതമാനം ഉയർത്തി.
രൂപ ഇന്നും ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ മൂന്നു പൈസ കുറഞ്ഞ് 96.17 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ 96.05 രൂപ വരെ താഴ്ന്നിട്ട് 96.17 രൂപയിലേക്കു കയറി.
സ്വർണം ലോകവിപണിയിൽ ഔൺസിന് 4030 ഡോളറിലേക്കു താഴ്ന്നു. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 560 രൂപ കൂടി 1,05,280 രൂപ ആയി.
ക്രൂഡ് ഓയിൽ വില കുറഞ്ഞു. ബ്രെൻ്റ് ഇനം 85.50 ഡോളറിലും ഡബ്ള്യുടിഐ ഇനം 79.85 ഡോളറിലും എത്തി.
Read DhanamOnline in English
Subscribe to Dhanam Magazine