Image courtesy: Canva
Markets

വിപണി മുന്നേറ്റം തുടരുന്നു, ഐടി ഓഹരികൾ നേട്ടത്തില്‍, ഓയിൽ മാർക്കറ്റിംഗ് കമ്പനികള്‍ ഇടിവില്‍; രൂപ താഴ്ചയില്‍

നിഫ്റ്റി 23,800 നും സെൻസെക്സ് 75,800 നും മുകളിൽ കയറി. സ്മോൾക്യാപ് ഓഹരികൾ ഇന്നു താഴ്ചയിലാണ്

T C Mathew

വിപണി ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങിയിട്ടു പിന്നീടു മികച്ച നേട്ടത്തിലായി. നിഫ്റ്റി 23,800 നും സെൻസെക്സ് 75,800 നും മുകളിൽ കയറി. സമോൾക്യാപ് ഓഹരികൾ ഇന്നു താഴ്ചയിലാണ്.

കഴിഞ്ഞ ദിവസങ്ങളിൽ താഴ്‌ന്ന ഐടി ഓഹരികൾ ഇന്നു കയറ്റത്തിലായി. ഇൻഫിയും ടിസിഎസും അടക്കം മിക്ക ഐടി ഓഹരികളും രണ്ടു ശതമാനത്തിലധികം ഉയർന്നു.

റിയൽറ്റി, ഓയിൽ - ഗ്യാസ്, മെറ്റൽ മേഖലകൾ രാവിലെ നഷ്‌ടത്തിലായി.

പെട്രോളിനും ഡീസലിനും വിലകൂട്ടിയെങ്കിലും ഓയിൽ മാർക്കറ്റിംഗ് കമ്പനി ഓഹരികൾ ഇന്നും താഴ്ചയിലാണ്. നഷ്‌ടം നികത്താൻ ആവശ്യമായത്ര വില കൂട്ടിയില്ല എന്നതാണു കാരണം.

മികച്ച വരുമാന, ലാഭ വളർച്ചകൾ കാണിച്ച നാലാം പാദ റിസൽട്ടിനെ തുടർന്നു മുത്തൂറ്റ് ഫിനാൻസ് ഓഹരിക്ക് ജെഫറീസ് 4350 രൂപയും മോർഗൻ സ്റ്റാൻലി 4330 രൂപയുമായി ലക്ഷ്യവില താഴ്ത്തി നിശ്ചയിച്ചു. സ്വർണവിപണിയിലെ സർക്കാർ നടപടികൾ വരുത്തുന്ന അനിശ്ചിതത്വം മുൻനിർത്തിയാണു ലക്ഷ്യവില കുറച്ചത്. മുത്തൂറ്റ് ഓഹരി ആറു ശതമാനം വരെ ഇടിഞ്ഞു 3325 രൂപയ്ക്കു താഴെയായി.

അദാനി ഗ്രൂപ്പ് പ്രൊമോട്ടർമാർക്ക് എതിരേ അമേരിക്കൻ കോടതിയിൽ തുടങ്ങി വച്ച കേസ് പിൻവലിക്കാൻ സാധ്യത തെളിഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുറ്റം സമ്മതിച്ചു പിഴയടച്ചു വലിയ ശിക്ഷയിൽ നിന്നു രക്ഷപ്പെടാനുള്ള ചർച്ചകളാണു നടക്കുന്നത്. ഈ റിപ്പോർട്ടിൻ്റെ വെളിച്ചത്തിൽ ഇന്ന് തുടക്കത്തിൽ അദാനി ഗ്രൂപ്പ് ഓഹരികൾ മുന്നേറ്റം നടത്തി. പിന്നീടു നഷ്‌ടത്തിലേക്കു മാറി.

നാലാം പാദ റിസൽട്ട് മോശമായതിനെ തുടർന്ന് ഇന്നലെ പല ബ്രോക്കറേജുകളും റേറ്റിംഗ് താഴ്‌ത്തിയ കെയ്ൻസ് ടെക്നോളജീസ് രാവിലെ നാലു ശതമാനം കൂടി ഇടിഞ്ഞു. ഇന്നലെ ഓഹരി 19 ശതമാനം താഴ്ന്നതാണ്.

ടാറ്റാ മോട്ടോഴ്സ് പിവിയുടെ നാലാം പാദ റിസൽട്ടിനെ തുടർന്ന് ഓഹരി എട്ടു ശതമാനം വരെ കുതിച്ചു. കമ്പനിയുടെ ഇന്ത്യൻ ബിസിനസ് മികച്ച വളർച്ച നേടി. എന്നാൽ ജെഎൽആർ ഡിവിഷൻ്റെ വളർച്ചയും ലാഭവും കുറവായി. എങ്കിലും ഓഹരി 38 ശതമാനം കയും എന്നു സൂചിപിച്ച് വിദേശ ബ്രോക്കറേജ് സിഎൽഎസ്എ ഓഹരിക്ക് 468 രൂപ ലക്ഷ്യവില നിശ്ചയിച്ചു.

മികച്ച നാലാം പാദ റിസൽട്ടിനെ തുടർന്ന് ജിഇ ഷിപ്പിംഗ് ഓഹരി പത്തു ശതമാനം ഉയർന്നു. അപ്പോളോ ടയേഴ്സ്, യുനൈറ്റഡ് സ്പിരിറ്റ്സ് ഓഹരികളും മുന്നേറി. ഷീല ഫോം 20 ശതമാനത്തോളം കയറി. ഇന്നലെയും ഈ ഓഹരി കുതിപ്പിലായിരുന്നു.

രൂപ ഇന്നു രാവിലെ താഴ്ന്നു. ഡോളർ 11 പൈസ കൂടി 95.87 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീടു 95.94 രൂപയിൽ എത്തി. ഡോളർ താമസിയാതെ 96 ഡോളറിൽ എത്തുമെന്നാണു നിഗമനം.

സ്വർണം ലോക വിപണിയിൽ ഔൺസിന് 4673 ഡോളറിലാണ്. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 240 രൂപ വർധിച്ച് 1,19,040 രൂപയായി. ഉൽപന്ന അവധിവ്യാപാര എക്സ്ചേഞ്ച് ആയ എംസിഎക്സിൽ സ്വർണത്തിനു രാവിലെ നാമമാത്രമായി വില കുറഞ്ഞു.

വെള്ളിവില രാവിലെ ഇടിഞ്ഞു. ഉൽപന്ന അവധിവ്യാപാര എക്‌സ്ചേഞ്ച് ആയ എംസിഎക്സിൽ വെള്ളി കിലോഗ്രാമിനു 10,000 രൂപ (3.5 ശതമാനം) താഴ്ന്നു. രാജ്യാന്തര വില ഔൺസിന് ഇന്നലെ 88.55 ഡോളർ ആയിരുന്നത് ഇന്ന് 81.08 ഡോളർ ആയി താഴ്ന്നു. വെള്ളി ഇടിഎഫുകൾ അഞ്ചു ശതമാനത്തോളം താഴ്ചയിലാണ്.

ക്രൂഡ് ഓയിൽ വില രാവിലെ കയറ്റം തുടരുകയാണ്. ബ്രെൻ്റ് ഇനം ക്രൂഡ് 107.06 ഡോളറിലും ഡബ്ള്യുടിഐ ഇനം 101.59 ഡോളറിലും എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT