Image by Canva 
Markets

ഓഹരികളും രൂപയും ഇടിയുന്നു; ഐ.ടി, മെറ്റൽ, റിയൽറ്റി ഓഹരികള്‍ നഷ്ടത്തില്‍, മുന്നേറ്റവുമായി ഫാക്ട്

മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ 0.70 ശതമാനത്തിലധികം ഇടിവിലാണ്

T C Mathew

വിപണി അതിവേഗം താഴുകയാണ്. രൂപയും ഇടിവിലാണ്.

രാവിലെ ആദ്യ മണിക്കൂറിൽ തന്നെ നിഫ്റ്റിയും സെൻസെക്സും 0.55 ശതമാനം ഇടിഞ്ഞു. നിഫ്റ്റി 29,900നും സെൻസെക്സ് 84,750നും താഴെ എത്തി. ബാങ്ക് നിഫ്റ്റി 59,100 നു താഴേക്കു നീങ്ങി. മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ 0.70 ശതമാനത്തിലധികം ഇടിവിലാണ്.

എഫ്എംസിജി ഒഴികെ എല്ലാ മേഖലകളും താഴ്ന്നു. ഐടി, മെറ്റൽ, റിയൽറ്റി, സ്വകാര്യ ബാങ്ക്, ഓയിൽ - ഗ്യാസ് എന്നിവയാണ് വലിയ ഇടിവിലായത്.

നിക്ഷേപബാങ്ക് ജെപി മോർഗൻ നിഫ്റ്റിക്ക് 2026 ഡിസംബറിലേക്ക് 30,000 പോയിൻ്റ് ലക്ഷ്യം നിർണയിച്ചു. 2026 ൽ കമ്പനികളുടെ ലാഭത്തിൽ 13 ശതമാനം വളർച്ചയാണ് ബാങ്ക് കണക്കാക്കുന്നത്.

ഭാരതി എയർടെലിന് മോർഗൻ സ്റ്റാൻലി 2435 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓവർ വെയിറ്റ് റേറ്റിംഗ് നൽകി.

എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്കുകൾക്കു സിറ്റി വാങ്ങൽ ശിപാർശ നൽകി. യഥാക്രമം 1180 ഉം 1700 ഉം രൂപ ലക്ഷ്യവിലയായി നിശ്ചയിച്ചു.

എച്ച്ഡിഎഫ്സി ബാങ്കിനും ഗ്രൂപ്പ് കമ്പനികൾക്കും കൂടി ഇൻഡസ് ഇൻഡ് ബാങ്കിൽ 9.5 ശതമാനം ഓഹരി കെെയാളാൻ റിസർവ് ബാങ്ക് അനുമതി നൽകി. 2026 ഡിസംബർ 14 വരെയാണ് അനുമതി. എച്ച്ഡിഎഫ്സി ഗ്രൂപ്പിലെ ഇൻഷ്വറൻസ് കമ്പനികളാണ് ഇൻഡസ് ഇൻഡ് ബാങ്കിൽ ഓഹരി എടുക്കുന്നത്. മാനേജ്മെൻ്റ് പ്രശ്നങ്ങളെ തുടർന്ന് ഇൻഡസ് ഇൻഡ് ഓഹരി വളരെ താഴ്ന്നു നിൽക്കുകയാണ്. പ്രൊമോട്ടർമാരായ ഹിന്ദുജ ഗ്രൂപ്പ് നേരിട്ടോ വേറേ പങ്കാളിയെ കൂട്ടിയോ ബാങ്കിൽ വലിയ നിക്ഷേപം നടത്തും എന്നു സൂചനയുണ്ട്. 

അവന്യൂ സൂപ്പർ മാർട്ടിന് 6300 രൂപ ലക്ഷ്യവില നിശ്ചയിച്ച വിദേശ ബ്രോക്കറേജ് സിഎൽഎസ്എ കമ്പനിക്ക് ഔട് പെർഫോം റേറ്റിംഗ് നൽകി.

ഫെഡറൽ ബാങ്കിന് സ്വിസ് നിക്ഷേപ ബാങ്ക് യുബിഎസ് 310 രൂപ ലക്ഷ്യവില  നിശ്ചയിച്ചു വാങ്ങൽ ശിപാർശ നൽകിയിട്ടുണ്ട്. ഫെഡറൽ ബാങ്ക് ഓഹരി ഇന്നു രാവിലെ 265.75 രൂപ വരെ ഉയർന്നിട്ടു താഴ്ന്നു.

രാസവള ഓഹരികൾ ഇന്നു കുതിപപ്പിലാണ്. റാബി കൃഷിയിറക്കൽ 80 ശതമാനത്തിലധികം സ്ഥലത്തു നടന്നതു രാസവള ആവശ്യം വർധിപ്പിക്കും. ക്ഷാമം ഉള്ള യൂറിയയും പൊട്ടാഷും ഗണ്യമായി ഇറക്കുമതി ചെയ്യും എന്നാണു സൂചന. എഫ്എസിടി ആറും ചംബൽ നാലും ആർസിഎഫും എൻഎഫ്എലും മൂന്നും ജിഎസ്എഫ്സി രണ്ടും ശതമാനം ഉയർന്നു.

രൂപ ഇന്നും ദുർബലമായി. ഡോളർ ആറു പൈസ ഉയർന്ന് 90.79 രൂപയിൽ വ്യാപാരം തുടങ്ങി. ഇന്നലെ ഈ നിരക്കു വരെ ഡോളർ ഉയർന്നതാണ്. പിന്നീടു ഡോളർ 90.83 രൂപ വരെ കയറി റെക്കോർഡ് കുറിച്ചു. പിന്നീടു ചാഞ്ചാട്ടമായി.

യുക്രെയ്ൻ സമാധാനസാധ്യത സ്വർണ വിലയെ താഴ്ത്തി. ഔൺസിന് 4284 ഡോളറിലേക്ക് രാജ്യാന്തര വില ഇടിഞ്ഞു. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 1120 രൂപ കുറഞ്ഞ് 98,160 രൂപയായി.

ക്രൂഡ് ഓയിൽ വില സാവധാനം കുറയുകയാണ്. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 60.20 ഡോളറിൽ എത്തി.

Stock market midday update on 16 december 2025.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT