വിപണി ചാഞ്ചാട്ടത്തിലാണ്. പശ്ചിമേഷ്യൻ യുദ്ധം ഉടൻ തീരും എന്നു പ്രസിഡൻ്റ് ട്രംപ് പറയുന്നത് വിപണി മുഴുവൻ വിശ്വാസത്തിൽ എടുക്കുന്നില്ല. എന്നാൽ പാടേ തള്ളിക്കളയുന്നുമില്ല.
രാവിലെ ചെറിയ നഷ്ടത്തിൽ വ്യാപാരം തുടങ്ങിയ വിപണി പിന്നീടു കയറ്റത്തിലായി. വീണ്ടും താഴുകയും തിരിച്ചു കയറുകയും ചെയ്തു. വ്യാപാരം ഒരു മണിക്കൂർ പിന്നിടുമ്പോൾ മുഖ്യ സൂചികകൾ 0.27 ശതമാനം നേട്ടത്തിലാണ്.
നിഫ്റ്റി രാവിലെ 24,096 വരെ താഴുകയും 24,280 വരെ കയറുകയും ചെയ്തു. സെൻസെക്സ് 78,292 വരെ ഉയരുകയും 77,726 വരെ താഴുകയും ചെയ്തു. ബാങ്ക് നിഫ്റ്റിയും ചാഞ്ചാടി.
മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ കയറുകയും ഇറങ്ങുകയും ചെയ്തെങ്കിലും രാവിലെ നഷ്ടത്തിലേക്കു വീണില്ല.
നാലാം പാദ റിസൽട്ട് പ്രതീക്ഷയോളം വരാത്തതിനെ തുടർന്ന് വിപ്രോ ഓഹരി മൂന്നര ശതമാനം താഴ്ന്നു.
എച്ച്ഡിഎഫ്സി ലൈഫ് റിസൽട്ട് നിരാശാജനകമായി. ഓഹരി നാലു ശതമാനം ഇടിഞ്ഞു.
ബ്രോക്കറേജ് സ്ഥാപനം ഏഞ്ചൽ വൺ മികച്ച വരുമാന, ലാഭ വളർച്ചകൾ കാഴ്ച വച്ചതിനെ തുടർന്ന് ഓഹരി നാലു ശതമാനം ഉയർന്നു.
വാരീ റിന്യൂവബിൾ ടെക്നോളജീസ് നാലാം പാദത്തിൽ വരുമാനം ഇരട്ടിയിലേറെയാക്കി. പ്രവർത്തന ലാഭം 63.7 ശതമാനം വർധിച്ചു. എന്നാൽ ലാഭമാർജിൻ 26.5 ൽ നിന്ന് 18.8 ശതമാനമായി കുറഞ്ഞു. അറ്റാദായം 66.1 ശതമാനം ഉയർന്നു. കമ്പനിക്ക് 2.83 ജിഗാവാട്ടിൻ്റെ കരാറുകൾ ലഭിച്ചിട്ടുണ്ട്. ഓഹരി രാവിലെ 12 ശതമാനം നേട്ടം ഉണ്ടാക്കി.
നാലാം പാദത്തിൽ കോൾട്ടെ പാട്ടീൽ ഡവലപേഴ്സ് വില്പനയിൽ 13 ഉം വരുമാനത്തിൽ 18 ഉം ശതമാനം വളർച്ച കാണിച്ചു. ഓഹരി 14 ശതമാനം ഉയർന്നു.
സിഗററ്റ് കമ്പനി വിഎസ്ടി ഇൻഡസ്ട്രീസ് നാലാം പാദത്തിൽ അറ്റാദായം 120 ശതമാനം വർധിപ്പിച്ച് 116.7 കോടി രൂപയിൽ എത്തിച്ചു. വിറ്റുവരവ് 30.9 ശതമാനം കൂടിയപ്പോൾ പ്രവർത്തനലാഭം മൂന്നു മടങ്ങോളം എത്തി. ലാഭമാർജിൻ 199 ൽ നിന്ന് 45.6 ശതമാനമായി. ഓഹരി 15 ശതമാനം വരെ കുതിച്ചു.
സിഗററ്റ് കമ്പനിയായ ഗോഡ്ഫ്രേ ഫിലിപ്സ് രാവിലെ ഒൻപതു ശതമാനം വരെ ഉയർന്നിട്ടു നേട്ടം കുറച്ചു. ഐടിസി രണ്ടു ശതമാനം വരെ ഉയർന്നു. ജിഎസ്ടി കൂട്ടിയപ്പോൾ സിഗററ്റ് വിൽപന കുറഞ്ഞതു കണക്കാക്കി സിഗററ്റ് കമ്പനി ഓഹരികൾ താഴ്ന്നു നിൽക്കുകയായിരുന്നു.
സമുദ്രോൽപന്ന കയറ്റുമതി കമ്പനികൾ നല്ല കുതിപ്പിലാണ്. അപെക്സ് ഫ്രോസൺ ഫുഡ്‌സ് 13 ഉം അവന്തി ഫീഡ്സ് ഒൻപതും കോസ്റ്റൽ കോർപറേഷൻ എട്ടും വാട്ടർ ബേസ് മൂന്നും കിംഗ്സ് ഇൻഫ്രാ അഞ്ചു ശതമാനം ഉയർന്നു.
രൂപ ഇന്നു മികച്ച നേട്ടമുണ്ടാക്കി. ഡോളർ 25 പൈസ (0.22 ശതമാനം) താഴ്ന്ന് 92.95 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ പിന്നീട് 92.78 രൂപയിലേക്കു താഴ്ന്നു. പശ്ചിമേഷ്യൻ യുദ്ധം തീരാൻ വഴിതെളിയുന്നതും ക്രൂഡ് ഓയിൽ വില താഴുന്നതും ആണു രൂപയെ കയറ്റിയത്. എങ്കിലും ലഭ്യത കൂടാൻ സാധ്യത കുറഞ്ഞതിനാൽ ക്രൂഡ് വില സാവധാനമേ താഴൂ എന്നു ചിലർ വിലയിരുത്തുന്നുണ്ട്.
സ്വർണം ലോക വിപണിയിൽ രാവിലത്തെ ഇടിവൽ നിന്നു കയറി ഔൺസിന് 4802 ഡോളറിലേക്കു കുതിച്ചു. പിന്നീട് 4795 ലേക്കു താഴ്ന്നു. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 1000 രൂപ കുറഞ്ഞ് 1,13,080 രൂപയായി.
ക്രൂഡ് ഓയിൽ താഴ്ന്നു നിൽക്കുന്നു. ബ്രെൻ്റ് ഇനം ക്രൂഡ് 98.17 ഡോളറിലായി. ഡബ്ള്യുടിഐ ഇനം 93.42 ഡോളറിൽ എത്തി.
Read DhanamOnline in English
Subscribe to Dhanam Magazine