Image by Canva 
Markets

വിപണി വീണ്ടും താഴ്ചയിൽ; ടെക് മഹീന്ദ്ര, എൽ ആൻഡ് ടി മൈൻഡ്ട്രീ, വിപ്രോ നഷ്ടത്തില്‍, ലെ ട്രെവന്യൂ ടെക്നോളജീസ് മുന്നേറ്റത്തില്‍

രൂപ ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങി

T C Mathew

ചെറിയ നേട്ടത്തിൽ ഓപ്പൺ ചെയ്ത വിപണി പിന്നീടു താഴോട്ടുള്ള യാത്രയിലാണ്. വ്യാപാരം ഒരു മണിക്കൂർ പിന്നിടുമ്പോൾ നിഫ്റ്റി 50 ഉം സെൻസെക്സ് 180 ഉം പോയിൻ്റ് താഴ്ചയിലായി. കമ്പനികൾക്കു ലാഭം കുറയുന്നതും ഇന്ത്യ - യുഎസ് വ്യാപാര കരാർ സംബന്ധിച്ച ആശങ്കകളും വിപണിയെ താഴോട്ടു വലിക്കുകയാണ്. ബാങ്ക് നിഫ്റ്റിയും താഴ്ചയിലായി.

എസ്ബിഐയുടെ ക്യൂഐപി (ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ പ്ലേസ്മെൻ്റ്) ഓഫറിനു നല്ല സ്വീകരണം ലഭിക്കുന്നതായി റിപ്പോർട്ട്. വിപണി വിലയിൽ നിന്നു രണ്ടര ശതമാനം താഴ്ത്തിയാണ് 811 രൂപ തറവില നിശ്ചയിച്ചത്. 25,000 കോടി രൂപ ഇതുവഴി സമാഹരിക്കുമ്പോൾ മൂലധനത്തിൽ സർക്കാരിൻ്റെ പങ്ക് 55 ശതമാനമായി കുറയും. ഇഷ്യു വഴി ഓഹരി മൂലധനത്തിൽ 3.47 ശതമാനം വർധന ഉണ്ടാകും. 2017 നു ശേഷം ആദ്യമായാണു കമ്പനി മൂലധന സമാഹരണം നടത്തുന്നത്. ഇതിനു പിന്നാലെ ബോണ്ടുകൾ ഇറക്കി 20,000 കോടി രൂപ കൂടി സമാഹരിക്കാൻ ബാങ്ക് തീരുമാനിച്ചിട്ടുണ്ട്.

പ്രതീക്ഷയോളം വരാത്ത ഒന്നാം പാദ റിസൽട്ടിനെ തുടർന്ന് ടെക് മഹീന്ദ്ര ഓഹരി രണ്ടു ശതമാനത്തോളം താഴ്ന്നു. സിഎൽഎസ്എ യും നൊമുറയും ലക്ഷ്യവില ഉയർത്തി വാങ്ങൽ ശിപാർശ നൽകി. മോർഗൻ സ്റ്റാൻലിയും ജെഫറീസും അണ്ടർ പെർഫാേം എന്ന റേറ്റിംഗാണ് നൽകിയത്.

ഐടി കമ്പനികളുടെ ലാഭവർധന ഇടിയുന്നത് ഒന്നു രണ്ടു പാദങ്ങൾ കൂടി തുടക്കുമെന്ന് എഡൽവൈസ് വിലയിരുത്തി.

വിറ്റു വരവ് 72.9 ശതമാനവും അറ്റാദായം 28.47 ശതമാനവും വർധിപ്പിച്ച ലെ ട്രെവന്യൂ ടെക്നോളജീസ് ഓഹരി രാവിലെ 12 ശതമാനം കുതിച്ചു.

ഇന്നു റിസൽട്ട് പ്രസിദ്ധീകരിക്കുന്ന എൽ ആൻഡ് ടി മൈൻഡ്ട്രീ ഓഹരി ഒരു ശതമാനത്തിലധികം താഴ്ന്നു. വിപ്രോ, പെർസിസ്റ്റൻ്റ് തുടങ്ങിയവയും താഴ്ചയിലാണ്.

രൂപ ഇന്നു ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങി. ഡോളർ മൂന്നു പൈസ താഴ്ന്ന് 85.91 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 85.84 രൂപയിലേക്കു താഴ്ന്നു.

സ്വർണം ലോക വിപണിയിൽ ഔൺസിന് 3340 ഡോളറിലേക്കു താഴ്ന്നു. കേരളത്തിൽ ആഭരണ സ്വർണം പവന് 40 രൂപ കൂടി 72,840 രൂപയായി.

ക്രൂഡ് ഓയിൽ വില സാവധാനം കയറുന്നു. ബ്രെൻ്റ് ഇനം ക്രൂഡ് ബാരലിന് 68.93 ഡോളർ വരെ കയറിയിട്ട് 68.80 ലേക്കു താഴ്ന്നു.

Stock market midday update on 17 july 2025.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT