Image courtesy: Canva
Markets

മുഖ്യ സൂചികകൾ മുന്നേറി, ബാങ്ക്, ധനകാര്യ, ഐടി ഓഹരികള്‍ നേട്ടത്തില്‍; വിശാല വിപണി താഴോട്ട്

രൂപ ഇന്നും ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ മൂന്നു പൈസ കുറഞ്ഞ് 96.33 രൂപയിൽ ഓപ്പൺ ചെയ്തു

T C Mathew

ഏഷ്യൻ വിപണികൾ വലിയ ഇടിവിലായെങ്കിലും ഇന്ത്യൻ വിപണി കുതിച്ചു കയറുകയാണ്. എന്നാൽ മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ ഇടിഞ്ഞു.

ബാങ്ക്, ധനകാര്യ, ഐടി, ഓയിൽ മേഖലകളുടെ മുന്നേറ്റമാണു മുഖ്യ സൂചികകളെ 0.70 ശതമാനം വരെ ഉയർത്തിയത്. റിസൽട്ട് വരാനിരിക്കെ റിലയൻസ് രണ്ടു ശതമാനം കയറി. ഫാർമ, ഹെൽത്ത് കെയർ, റിയൽറ്റി തുടങ്ങിയവ താഴ്ന്നു.

കേബിൾ നിർമാണ കമ്പനിയായ പോളി കാബിന് എച്ച്എസ്ബിസി 10,160 രൂപയും ജെഫറീസ് 11,100 രൂപയും ലക്ഷ്യവില നിർണയിച്ചു. ജൂൺ പാദത്തിൽ അറ്റാദായം 32 ശതമാനം വർധിപ്പിച്ച കമ്പനിയുടെ ഓഹരി രാവിലെ മൂന്നര ശതമാനത്തിലധികം താഴ്ന്ന് 9000 രൂപയ്ക്കു താഴെയായി.

ദുർബലമായ ഒന്നാം പാദ റിസൽട്ടിനെ തുടർന്ന് വിപ്രോ രണ്ടര ശതമാനം ഇടിഞ്ഞു. മികച്ച ഒന്നാം പാദ റിസൽട്ടിൽ ടെക് മഹീന്ദ്ര മൂന്നു ശതമാനത്തോളം ഉയർന്നു. ടിസിഎസും ഇൻഫിയും അടക്കം പ്രധാന ഐടി കമ്പനികൾ വലിയ മുന്നേറ്റത്തിലാണ്.

മികച്ച റിസൽട്ടിനെ തുടർന്നു ജിയോ ഫിനാൻസ് അഞ്ചു ശതമാനം കയറിയപ്പോൾ പിരമൾ ഫിനാൻസ് നാലു ശതമാനം ഇടിഞ്ഞു.

സിയറ്റ് ലിമിറ്റഡ് ഒന്നാം പാദ ലാഭം 96 ശതമാനം ഇടിഞ്ഞതിനെ തുടർന്ന് ഓഹരി എട്ടര ശതമാനം ഇടിവിലായി. ടയർ കമ്പനികളായ ജെകെ, അപ്പോളോ, എംആർഎഫ്, ബാലകൃഷ്ണ തുടങ്ങിയവയും നഷ്‌ടത്തിലാണ്.

രൂപ ഇന്നും ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ മൂന്നു പൈസ കുറഞ്ഞ് 96.33 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ 96.28 രൂപ വരെ താഴ്ന്നു.

സ്വർണം ലോകവിപണിയിൽ ഔൺസിന് 4000 ഡോളറിൽ എത്തിയിട്ട് 3980 ലേക്കു താഴ്ന്നു. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 560 രൂപ കുറഞ്ഞ് 1,04,52 രൂപ ആയി.

ക്രൂഡ് ഓയിൽ വില കാര്യമായ മാറ്റമില്ലാതെ തുടരുന്നു. ബ്രെൻ്റ് ഇനം 85.11 ഡോളറിലും ഡബ്ള്യുടിഐ ഇനം 79.89 ഡോളറിലും എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT