ഏഷ്യൻ വിപണികളെ പിന്‍തുടര്‍ന്ന് ഇന്ത്യൻ വിപണി ഉയരുകയാണ്. തുടക്കത്തിൽ വലിയ ചാഞ്ചാട്ടത്തിലായിരുന്ന ശേഷമാണു വിപണി കയറുന്നത്. ആദ്യ മണിക്കൂറിൽ നിഫ്റ്റി 0.50 ശതമാനം ഉയർന്നു.
ഇന്ത്യൻ വിപണി 15-20 ശതമാനം ഇടിയാം എന്നു മോർഗൻ സ്റ്റാൻലിയും 15 ശതമാനം താഴാമെന്ന് നുവാമയും വിലയിരുത്തി. യുദ്ധം നീണ്ടാൽ ക്രൂഡ് ഓയിൽ 130 ഡോളറിനു സമീപം എത്തും എന്നാണു മോർഗൻ സ്റ്റാൻലി കണക്കാക്കുന്നത്.
ഐടി കമ്പനികൾ ഇന്നു കുത്തനേ താഴ്ന്നു. എഐ ആഘാതത്തെ പറ്റിയുള്ള ഭയമാണ് പ്രധാന കാരണം. നിഫ്റ്റി ഐടി സൂചിക 2.5 ശതമാനത്തിലധികം ഇടിഞ്ഞു. കോഫോർജ് ആറു ശതമാനം താഴ്ന്നു.
യുദ്ധം മൂലം റെഡിംഗ്ടൺ ലിമിറ്റഡ് ഗൾഫ് മേഖലയിലെ പ്രവർത്തനങ്ങൾ നിർത്തിവച്ചു. ടെക്നോളജി സൊലൂഷൻസ്, ഐടി സപ്ലൈ ചെയിൻ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനിയുടെ ഓഹരി അഞ്ചു ശതമാനം ഇടിഞ്ഞു.
ടാറ്റാ മോട്ടോഴ്സ് സിവി ട്രക്കുകളുടെയും ബസുകളുടെയും വില ഏപ്രിൽ ആദ്യം 1.5 ശതമാനം വർധിപ്പിക്കും. ഓഹരിവില മൂന്നു ശതമാനം കയറി.
വാഹന ഓഹരികൾ ഇന്നു നല്ല കയറ്റത്തിലായി. മാരുതിയും മഹീന്ദ്രയും മൂന്നും ഐഷർ രണ്ടും ശതമാനം ഉയർന്നു.
അമോണിയ കിട്ടാനില്ലാത്തതിനാൽ ആൽകൈൽ അമീൻ മൂന്നു യൂണിറ്റുകളിലെ ഉൽപാദനം നിർത്തി. ഓഹരി മൂന്നു ശതമാനം താഴ്ന്നു. ഒരു മാസത്തിനകം ഓഹരി 21 ശതമാനം ഇടിഞ്ഞു.
ഐഒസി, ബിപിസിഎൽ, എച്ച്പിസിഎൽ എന്നിവയുടെ റേറ്റിംഗും ലക്ഷ്യവിലയും കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് താഴ്ത്തി. ഓഹരികൾ ഒരു ശതമാനത്തിലധികം താഴ്ന്നു. എംആർപിഎൽ ആറു ശതമാനത്തോളം ഇടിഞ്ഞു.
രൂപ ഇന്നു ചെറിയ നേട്ടത്തിൽ ഓപ്പൺ ചെയ്തു. ഡോളർ മൂന്നു പൈസ കുറഞ്ഞ് 92.39 രൂപയിൽ വ്യാപാരം തുടങ്ങി. പിന്നീടു 92.44 രൂപയായി.
സ്വർണം ലോകവിപണിയിൽ ഔൺസിന് 5030 ഡോളറിൽ എത്തി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 880 രൂപ വർധിച്ച് 1,16,320 രൂപയായി.
എംസിഎക്സിൽ 24 കാരറ്റ് സ്വർണം 10 ഗ്രാമിന് 1,56,996 രൂപ വരെ കയറിയിട്ട് അല്പം താഴ്‌ന്നു.
ക്രൂഡ് ഓയിൽ ഉയരുകയാണ്. ബ്രെൻ്റ് ഇനം 103.19 ഡോളർ വരെ കയറി.
Read DhanamOnline in English
Subscribe to Dhanam Magazine