Image by Canva 
Markets

വിപണി കുതിക്കുന്നു, മെറ്റൽ, എഫ്എംസിജി, കൺസ്യൂമർ ഡ്യൂറബിൾസ് മേഖലകള്‍ മുന്നേറ്റത്തില്‍; രൂപയും നേട്ടത്തിൽ

ജൂലൈ 11 നു ശേഷം ഇതാദ്യമാണ് നിഫ്റ്റി 25,300 നു മുകളിൽ കടന്നത്

T C Mathew

ഇന്ത്യൻ വിപണി തുടക്കത്തിലെ ആകുലതകൾ മാറ്റി വച്ചു മികച്ച നേട്ടത്തിലായി.

നിഫ്റ്റി 25,342 വരെയും സെൻസെക്സ് 82,720 വരെയും ഉയർന്ന ശേഷം അൽപം താഴ്ന്നു. ജൂലൈ 11 നു ശേഷം ഇതാദ്യമാണ് നിഫ്റ്റി 25,300 നു മുകളിൽ കടന്നത്.

മെറ്റൽ, എഫ്എംസിജി, കൺസ്യൂമർ ഡ്യൂറബിൾസ്, ഫാർമ തുടങ്ങിയ മേഖലകൾ രാവിലെ താഴ്ന്നു.

1.28 ശതമാനം ഓഹരി ബൾക്ക് ഇടപാടിൽ കൈമാറ്റം ചെയ്യപ്പെട്ടതിനെ തുടർന്നു ഗുജറാത്ത് ഫ്ലൂറോ കാർബൺ ഓഹരി മൂന്നു ശതമാനത്തോളം താഴ്ന്നു.

ആഭ്യന്തര വിമാനത്താവളങ്ങളിലെ ലോഞ്ചുകളിലെ സേവനം നിർത്തിവയ്ക്കുന്നതായി അറിയിച്ച ഡ്രീംഫോക്സ് ഓഹരി അഞ്ചു ശതമാനം ഇടിഞ്ഞു. ഒരു വർഷം കൊണ്ട് ഓഹരി 76 ശതമാനം ഇടിഞ്ഞിട്ടുണ്ട്.

ഏപ്രിൽ 29 ലെ അപകടത്തെ തുടർന്ന് അടച്ചിട്ടിരുന്ന ഫാക്ടറി തുറന്നു പ്രവർത്തിപ്പിക്കാൻ തെലങ്കാന പൊലൂഷൻ കൺട്രോൾ ബോർഡ് അനുവദിച്ചതിനെ തുടർന്നു പ്രീമിയർ എക്സ്പ്ലോസീവ്സ് ഓഹരി ഏഴു ശതമാനം കുതിച്ചു.

സിമൻ്റ് മേഖലയെപ്പറ്റി ബ്രോക്കറേജുകൾ നല്ല റിപ്പോർട്ട് നൽകിയതിനെ തുടർന്നു രാംകോ സിമൻ്റ്, ശ്രീ സിമൻ്റ്, അൾട്രാടെക്, ഡാൽമിയ ഭാരത് തുടങ്ങിയ ഓഹരികൾ നാലു ശതമാനത്തോളം കയറി.

ഇന്ത്യ- അമേരിക്ക വ്യാപാര ചർച്ചയിൽ പുരോഗതി ഉള്ളത് വസ്ത്ര കയറ്റുമതി കമ്പനികൾ ഇന്നും ഉയർന്നു. ഗോകൽ ദാസ് എക്സ്പോർട്സ് ആറു ശതമാനം മുന്നേറി. കിറ്റെക്സ് ഗാർമെൻ്റ്സ് അഞ്ചു ശതമാനം കയറി. വെൽസ്പൺ ലിവിംഗ് ഏഴു ശതമാനം കുതിച്ചു. ട്രൈഡൻ്റ്, റെയ്മണ്ട് ലൈഫ്, വർധമാൻ, പേൾ ഗ്ലോബൽ തുടങ്ങിയവയും മുന്നേറി.

103 രൂപയ്ക്ക് ഐപിഒ നടത്തിയ അർബൻ കമ്പനി 162.25 രൂപയിൽ ലിസ്റ്റ് ചെയ്തു. പിന്നീട് 176 രൂപയിലേക്കു കയറി. ശൃംഗാർ ഹൗസ് ഓഫ് മംഗൽസൂത്ര 188 രൂപയിൽ ലിസ്റ്റ് ചെയ്തു.

രൂപ ഇന്നും നല്ല നേട്ടത്തിലാണു വ്യാപാരം തുടങ്ങിയത്. ഡോളർ സൂചിക 96.63 വരെ താഴ്ന്നതാണു കാരണം. ഡോളർ 23 പൈസ കുറഞ്ഞ് 87.82 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് ഡോളർ 87.72 രൂപയിലേക്കു താഴ്ന്നു.

സ്വർണം ലോകവിപണിയിൽ അൽപം താഴ്ന്ന് ഔൺസിന് 3682 ഡോളറിലാണ്. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 160 രൂപ കുറഞ്ഞ് 81,920 രൂപയായി.

ക്രൂഡ് ഓയിൽ വില അൽപം താഴ്ന്നു. ബ്രെൻ്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 68.36 ഡോളർ ആയി.

Stock market midday update on 17 September 2025.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT