Image courtesy: Canva
Markets

വിപണിയും രൂപയും നേട്ടത്തിൽ; നിഫ്റ്റി 23,300 ൽ, ഐടി ഒഴികെ എല്ലാ മേഖലകളും മുന്നേറ്റത്തില്‍

ക്രൂഡ് ഓയിൽ വില കയറിയിറങ്ങി. ബ്രെൻ്റ് ഇനം 105.86 ഡോളറിലും ഡബ്ള്യുടിഐ ഇനം 102.35 ഡോളറിലും എത്തി

T C Mathew

ഇന്ത്യൻ വിപണി തുടക്കത്തിൽ ചാഞ്ചാടിയ ശേഷം നേട്ടത്തിലേക്കു കയറി. നിഫ്റ്റി 23,300 നും സെൻസെക്സ് 74,500 നും മുകളിൽ എത്തി.

മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരു ശതമാനത്തിലധികം കുതിച്ചു. ഐടി ഒഴികെ എല്ലാ മേഖലകളും നേട്ടത്തിലാണ്.

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കു 100 ശതമാനം തിരുവ ചുമത്താൻ പ്രസിഡൻ്റ് ട്രംപിന് അധികാരം നൽകുന്ന ബിൽ യുഎസ് കോൺഗ്രസ് പാസാക്കി. ഇനി ട്രംപാണു തീരുമാനം എടുക്കേണ്ടത്. അമേരിക്കയിലേക്കു കയറ്റുമതി നടത്തുന്ന ടെക്സ്റ്റൈൽ, സമുദോൽപന്ന കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലായി. പേൾ ഗ്ലോബൽ ഏഴു ശതമാനം ഇടിഞ്ഞു.

പിബി ഫിൻടെക്കിൻ്റെ സിഇഒ യശീഷ് ദഹിയ രാജിവയ്ക്കുന്നതായ റിപ്പോർട്ട് അദ്ദേഹം നിഷേധിച്ചു. എങ്കിലും ഓഹരി നാലു ശതമാനം ഇടിഞ്ഞു.

പെട്രോൾ, ഡീസൽ, വിമാന ഇന്ധനം എന്നിവയിലെ അമിതലാഭം കണക്കിലെടുത്തു ചുമത്തിയ സ്പെഷൽ അഡീഷണൽ എക്സൈസ് ഡ്യൂട്ടി കേന്ദ്രം കുറച്ചു. റിലയൻസാണ് ഇതിൻ്റെ പ്രധാന ഗുണഭോക്താവ്. ചെന്നൈ പെട്രോയ്ക്കും നേട്ടമുണ്ട്.

എൻഎസ്ഇ ഐപിഒയുടെ പേരിൽ ന്യൂ ഇന്ത്യ അഷ്വറൻസും ഐഎഫ്സിഐയും 10 ശതമാനം വരെ കുതിച്ചു. എൻഎസ്ഇയുടെ തുടക്കത്തിൽ ഓഹരി പങ്കാളികളായ ഈ കമ്പനികൾ ഐപിഒയിൽ കുറേ ഓഹരി വിൽക്കുന്നുണ്ട്. ബാക്കി ഓഹരി ലിസ്റ്റിംഗിനു ശേഷം ഉയർന്ന ലാഭത്തിൽ വിൽക്കാനാണ് ഉദ്ദേശിക്കുന്നത്.

ലൂപിന് 2675 രൂപ ലക്ഷ്യവില നിശ്ചയിച്ച നൊമുറ ഓഹരിക്കു വാങ്ങൽ ശിപാർശ നൽകി. ഫീനിക്സ് മിൽസിനു വാങ്ങൽ ശിപാർശ നൽകിയ ബാങ്ക് ഓഫ് അമേരിക്ക 2300 രൂപ ലക്ഷ്യവില നിർണയിച്ചു. ഹിറ്റാച്ചി എനർജിക്ക് ജെഫറീസ് 45,970 രൂപ ലക്ഷ്യവില നിശ്ചയിച്ചു.

രൂപ ഇന്നു ചെറിയ നഷ്ടത്തോടെ വ്യാപാരം തുടങ്ങിയിട്ടു നേട്ടത്തിലേക്കു മാറി. ഡോളർ മൂന്നു പൈസ കൂടി 95.99 രൂപയിൽ ഓപ്പൺ ചെയ്തു. താമസിയാതെ ഡോളർ 96 രൂപ കടന്നു. 96.08 രൂപ വരെ കയറിയിട്ട് 95.80 വരെ താഴ്ന്നു. റിസർവ് ബാങ്ക് ഇടപെടലും ഇന്ത്യയുടെ കറൻ്റ് അക്കൗണ്ട് കമ്മി കുറയും എന്ന സൂചനയുമാണു കാരണം.

സ്വർണം ലോകവിപണിയിൽ ഔൺസിന് 4292 ഡോളറിൽ എത്തി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 440 രൂപ കുറഞ്ഞ് 1,12,080 രൂപയായി.

ക്രൂഡ് ഓയിൽ വില കയറിയിറങ്ങി. ബ്രെൻ്റ് ഇനം 105.86 ഡോളറിലും ഡബ്ള്യുടിഐ ഇനം 102.35 ഡോളറിലും എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT