Markets

വിപണി താഴോട്ടു തന്നെ; ഐ.ടി ഒഴികെ എല്ലാ മേഖലകളും നഷ്‌ടത്തില്‍, മുന്നേറ്റവുമായി മ്യൂച്വൽ ഫണ്ട് കമ്പനി ഓഹരികള്‍

ആദ്യ മണിക്കൂറിൽ സെൻസെക്സ് 84,238 വരെയും നിഫ്റ്റി 25,726 വരെയും താഴ്‌ന്നു

T C Mathew

വിപണി ചെറിയ നഷ്ടത്തിൽ വ്യാപാരം തുടങ്ങിയിട്ട് കൂടുതൽ നഷ്ടത്തിലേക്കു മാറി. ഐടി ഒഴികെ എല്ലാ മേഖലകളും നഷ്‌ടത്തിലാണ്.

ആദ്യ മണിക്കൂറിൽ സെൻസെക്സ്  84,238 വരെയും നിഫ്റ്റി 25,726 വരെയും താഴ്‌ന്നു. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ കൂടുതൽ താഴ്ചയിലാണ്. 

മ്യൂച്വൽ ഫണ്ടുകളുടെ ചെലവുകളും ഫീസുകളും സംബന്ധിച്ച സെബി നിർദേശം മ്യൂച്വൽ ഫണ്ട് കമ്പനി (എഎംസി) ഓഹരികളെ ഉയർത്തി. ഗ്രോ തുടങ്ങിയ കാപ്പിറ്റൽ മാർക്കറ്റ് കമ്പനികളും നേട്ടത്തിലായി. മൂന്നു മുതൽ ആറു വരെ ശതമാനം ഉയർച്ചയാണ് ഓഹരികൾക്ക് ഉള്ളത്. 

ഐടി കമ്പനികൾ ഇന്നു നേട്ടത്തിലായി. വിദേശത്ത് എഐ കമ്പനികൾ ഇടിയുന്നത് ഇവിടെ ബാധിച്ചില്ല. ഇൻഫോസിസും വിപ്രോയും എംഫസിസും ടിസിഎസും ഉയർന്നു.

മുംബൈ മുനിസിപ്പൽ കോർപറേഷനിൽ നിന്നു മാലിന്യ നീക്കത്തിനു വലിയ കരാർ ലഭിച്ച ആൻ്റണി വേസ്റ്റ് ഹാൻഡ്ലിംഗ് ഓഹരി 17 ശതമാനം കുതിച്ചു.

ഇകൊമേഴ്‌സ് കമ്പനി മീഷോ ഇന്നു രാവിലെ ആറു ശതമാനം ഉയർന്ന് ഐപിഒ വിലയുടെ ഇരട്ടിയിൽ എത്തി. കമ്പനിയുടെ വിപണിമൂല്യം ഒരു ലക്ഷം കോടി രൂപ കടന്നു. പിന്നീട് ഓഹരി നഷ്ടത്തിലേക്കു മാറി.

ബാങ്ക് ഓഫ് ബറോഡ ഓഹരിക്കു 350 രൂപ ലക്ഷ്യവില ഇട്ട് സിറ്റി വാങ്ങൽ ശിപാർശ നൽകി. വേദാന്തയ്ക്കു സിറ്റി 585 രൂപ ലക്ഷ്യവില നിശ്ചയിച്ചു.

ടിസിഎസിനു നുവാമ 3650 രൂപയും മോർഗൻ സ്റ്റാൻലി 3430 രൂപയും ലക്ഷ്യവില ഇട്ടു.

രൂപ ഇന്നു ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങിയിട്ടു താഴ്‌ന്നു. ഡോളർ മൂന്നു പൈസ താഴ്ന്ന് 90.35 രൂപയിൽ ഓപ്പൺ ചെയ്ത ശേഷം 90.33 രൂപയായി. പിന്നീടു 90.43 രൂപയിലേക്കു കയറി.

സ്വർണം ലോക വിപണിയിൽ ഔൺസിന് 4330 ഡോളറിലാണ്. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 240 രൂപ വർധിച്ച് 98,880 രൂപയിൽ എത്തി.

ക്രൂഡ് ഓയിൽ താഴുകയാണ്. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 59.97 ഡോളറായി വില താഴ്ന്നു.

Stock market midday update on 18 december 2025.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT